മലയാളം-തമിഴ് സിനിമകളിലെ സൂപ്പർതാരങ്ങളായ അച്ഛൻമാരെയും മക്കളെയും ഒന്നിച്ച് അവതരിപ്പിച്ചാണ് അന്വേഷണം എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. ഇക്കാരണം കൊണ്ട് തന്നെ ഈ വീഡിയോയും പാട്ടും ശ്രദ്ധേയമാകുന്നു. ജയസൂര്യ നായകനാകുന്ന ചിത്രമാണ് അന്വേഷണം. ചിത്രത്തിലെ 'ഇളംപൂവെ' എന്ന പാട്ടിന്‍റെ വരികളും അച്ഛൻ-മക്കൾ തമ്മിലുള്ള സ്നേഹത്തിന്റെ ഭം​ഗി അവതരിപ്പിക്കുന്നതാണ്. 

മമ്മൂട്ടി- ദുൽഖർ, മോഹന്‍ലാൽ-പ്രണവ്, സുകുമാരൻ-പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ദിലീപ് -മീനാക്ഷി, സുരേഷ് ​ഗോപി-​ഗോകുൽ, ജയറാം-കാളിദാസ്, പൃഥ്വിരാജ്-അലംകൃത, കുഞ്ചാക്കോ ബോബൻ-ഇസഹാക്ക് തുടങ്ങി അജിത്തും രജനീകാന്തും വിക്രമും തങ്ങളുടെ മക്കൾക്കൊപ്പം ഈ വീഡിയോയിൽ ചിത്രങ്ങളായി എത്തുന്നുണ്ട്.  ‌‌കുഞ്ഞു ദുല്‍ഖറിനെ എടുത്തു നില്‍ക്കുന്ന മമ്മൂട്ടിയേയും പ്രണവിനൊപ്പം നില്‍ക്കുന്ന മോഹന്‍ലാലിനേയും ഗോകുലിന് ഉമ്മ നല്‍കുന്ന സുരേഷ് ഗോപിയേയും പാട്ടില്‍ കാണാം. മനോഹരമായ പാട്ടിനൊപ്പം അതിമനോഹരമായ ചിത്രങ്ങള്‍ കൂടിയായപ്പോള്‍  ലിറിക് വീഡിയോ മികച്ചൊരു അനുഭവമായി മാറുകയാണ്.

വീഡിയോ പുറത്തിറങ്ങി അധികം വെെകാതെ തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിക്കഴിഞ്ഞിരിക്കുകയാണ്. ജോ പോളിന്‍റെ വരികള്‍ക്ക് ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സൂരജ് സന്തോഷാണ് പാട്ട് ആലപിച്ചിരിക്കുന്നത്. പ്രഷോഭ് വിജയനാണ് അന്വേഷണം സംവിധാനം ചെയ്യുന്നത്. ലില്ലി എന്ന സിനിമയ്ക്ക് ശേഷം പ്രശോഭ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അന്വേഷണം.