സംഗീത സംവിധാനവും ആലാപനവും ഒരുപോലെ വഴങ്ങുമെന്ന് പലവട്ടം തെളിയിച്ച മലയാളികളുടൈ പ്രിയപ്പെട്ട എം.ജയചന്ദ്രൻ യുവ സംഗീത സംവിധാനയകന് മുന്നിൽ ഗായകനായി മാറി. ആദ്യമായാണ് ജയചന്ദ്രൻ മറ്റൊരാളുടെ സംഗീതത്തിൽ പാടുന്നത്. യുവ സംഗീത സംവിധായകനായ പ്രശാന്ത് മോഹൻ എം.പി ചിട്ടപ്പെടുത്തിയ സംഗീതത്തിലാണ് ജയചന്ദ്രൻ ശ്രുതിമധുരമായി പാടിയത്. 

'മീശ മീനാക്ഷി'  എന്ന ഷോർട്ട് ഫിലിമിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായ ദിവാകൃഷ്ണ.വി.ജെ അടുത്തതായി സംവിധാനം നിർവഹിക്കുന്ന പുതിയ പ്രോജക്ടിലെ ഗാനമാണിത്. ഗാനരചയിതാവ് വിനായക് ശശികുമാർ എഴുതിയ ഗാനം കമ്പോസ് ചെയ്ത പ്രശാന്ത്‌മോഹൻ അത് എം.ജയചന്ദ്രന് വാട്‌സാപ്പിലൂടെ കൈമാറുകയായിരുന്നു. 

സംഗീതം കേട്ടതോടെ 'നൈസ് സോംഗ്. നൈസ് മെലഡി ഞാൻ ഇത് പാടാം' എന്ന മറുപടിയും ജയചന്ദ്രൻ നൽകിയതെന്ന്  പ്രശാന്ത് മോഹൻ പറഞ്ഞു.  കഴിഞ്ഞ ബുധനാഴ്ച കൊച്ചിയിലെ സ്റ്റുഡിയോയിലെത്തി റെക്കോർഡിംഗ് പൂർത്തിയാക്കി.

വൈകാതെ തന്നെ ഗാനം പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകർ. എം.ജി ശ്രീകുമാർ പാടി അടുത്തിടെ സോഷ്യമീഡിയയിൽ തരംഗമാക്കി മാറിയ 'അടി..പൂക്കുറ്റി' എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് പ്രശാന്ത് മോഹൻ. വിവാദങ്ങൾക്കിടയിൽ വിജയ് യേശുദാസ് ആലപിച്ച ഗാനവും പ്രശാന്ത് മോഹന്റേതായി പുറത്തിറങ്ങാനുണ്ട്.