ന്തോഷ് ശിവൻ ചിത്രമായ ‘ജാക്ക് ആൻഡ് ജില്ലിന്‘ വേണ്ടി മഞ്ജു വാര്യർ പാടിയ ‘കിം കിം കിം’ എന്ന ഗാനം അടുത്തിടെയാണ് പുറത്തിറങ്ങിയത്. ലിറിക്കൽ വീഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. പാട്ട് പുറത്ത് വന്ന് മണിക്കൂറുകൾക്കകം തന്നെ വൈറലായിരുന്നു. ഇതിനു പുറകെ പാട്ടിന് അനുസരിച്ച് ചുവടുവെയ്ക്കുന്ന മഞ്ജുവിന്റെ വീഡിയോയും ശ്രദ്ധ നേടി. പിന്നാലെ നിരവധി പേരാണ് ഈ ചലഞ്ച് ഏറ്റെടുത്തത്. 

ഇപ്പോഴിതാ കെനിയയിലെ കുറച്ചു കുട്ടികൾ കിം കിം എന്ന പാട്ടിന് ചുവടുവയ്ക്കുന്നതിന്റെ വീഡിയോ ആണ് മഞ്ജു വാര്യർ പങ്കുവച്ചിരിക്കുന്നത്. കിം കിമ്മിന് കെനിയയിൽ നിന്നും സ്നേഹം ലഭിക്കുന്നു എന്നാണ് മഞ്ജു പറയുന്നത്.ഈ നൃത്ത വീഡിയോ അയച്ചു തന്നതിന് ഷെറി യോഹന്നാൻ എന്ന വ്യക്തിയെ ടാഗ് ചെയ്ത് നന്ദി അറിയിച്ചിട്ടുമുണ്ട്. 

നടൻ പൃഥ്വിരാജാണ് മഞ്ജു വീണ്ടും ഗായികയാവുന്ന വിവരം ഒരു വീഡിയോയിലൂടെ പുറത്തു വിട്ടത്. 'കണ്ണെഴുതി പൊട്ടുംതൊട്ട്' എന്ന ചിത്രം മഞ്ജു എന്ന ഗായികയെ കൂടി പരിചയപ്പെടുത്തിയ സിനിമയാണ്. ഇതിലെ ചെമ്പഴുക്കാ ചെമ്പഴുക്കാ... എന്ന ഗാനം മഞ്ജുവിന്റെ ശബ്ദത്തിലാണ് പുറത്തിറങ്ങിയത്. രാം സുരേന്ദർ സംഗീതം നൽകി ബി.കെ. ഹരിനാരായണൻ വരികളെഴുതിയ ഗാനമാണ് 'കിം കിം കിം'.

കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, നെടുമുടി വേണു, അജു വർഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, രമേഷ് പിഷാരടി, ഇന്ദ്രൻസ്, ബേസിൽ ജോസഫ് തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് ‘ജാക്ക് ആൻഡ് ജിൽ’. രാം സുരേന്ദറിനെ കൂടാതെ ഗോപി സുന്ദറും ജേക്സ് ബിജോയ്‌യും ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നുണ്ട്. പശ്ചാത്തല സംഗീതം ജേക്സ് ബിജോയ് ആണ്.