ഏറെ കോളിളക്കം സൃഷ്ടിച്ച മരട് ഫ്ലാറ്റ് പൊളിക്കല്‍ പ്രമേയമാക്കി സംവിധായകന്‍ കണ്ണന്‍ താമരക്കുളം ഒരുക്കുന്ന ചിത്രമാണ് മരട് 357. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. പാര്‍ട്ടി സോംഗ് എന്ന പേരില്‍ പുറത്തിറങ്ങിയ ഗാനരംഗത്തില്‍ മനോജ് കെ ജയന്‍, ഷീലു അബ്രഹാം, കൈലാഷ് മേനോന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നൂറിന്‍ ഷെരീഫ്, ബൈജു, സുധീഷ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. മധു വാസുദേവന്റെ വരികൾക്ക് ഫോർ മ്യൂസിക്ക്സാണ് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

അനൂപ് മേനോനും ധര്‍മ്മജൻ ബോള്‍ഗാട്ടിയുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മരടിലെ ഫ്ലാറ്റ് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് 357 ഓളം കുടുംബങ്ങള്‍ക്കാണ് തങ്ങളുടെ ഭവനങ്ങള്‍ നഷ്ടപെട്ടത്. ബിൽഡിങ് മാഫിയയുടെയും ഇതിനൊക്കെ ഒത്താശ ചെയ്തുകൊടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെയും കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്‍റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരക്കുളവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ദിനേശ് പള്ളത്താണ് നിര്‍വ്വഹിക്കുന്നത്. രവിചന്ദ്രനാണ് ഛായാഗ്രഹണം. കൈതപ്രം, മുരുകൻ കാട്ടാക്കട എന്നിവർ ഗാനരചന നിർവഹിക്കുന്നു. ബാക്ക്ഗ്രൗണ്ട് മ്യൂസിക് സാനന്ദ് ജോർജ്, കലാ സംവിധാനം സഹസ് ബാല. പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷ, പ്രൊഡക്‌ഷൻ ഡിസൈനർ അമീർ കൊച്ചിൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ടി.എം റഫീഖ്.