രജനികാന്തിന്‍റെ താരപരിവേഷത്തെ കാലത്തിന് അനുസൃതമായി അവതരിപ്പിച്ച ചിത്രം

ഇന്ത്യന്‍ സിനിമയിലെ തന്നെ സമീപകാലത്തെ വലിയ വിജയങ്ങളിലൊന്നായിരുന്നു തമിഴ് ചിത്രം ജയിലര്‍. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്ത ചിത്രം എല്ലാ ഘടകങ്ങളും ഒരുപോലെ നന്നായിവന്ന മുഖ്യധാരാ സിനിമയായിരുന്നു. ചിത്രത്തിന്‍റെ വിജയത്തില്‍ ഏറെ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന ഒന്നാണ് അനിരുദ്ധ് രവിചന്ദറിന്‍റെ സംഗീതം. ഇപ്പോഴിതാ ചിത്രത്തിലെ രണ്ട് കഥാപാത്രങ്ങള്‍ക്കായി അനിരുദ്ധ് ഒരുക്കിയ തീം മ്യൂസിക് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ്.

അതിഥിതാരങ്ങളായി എത്തിയ മോഹന്‍ലാലിന്‍റെയും ശിവ രാജ്‍കുമാറിന്‍റെയും കഥാപാത്രങ്ങളുടെ തീം മ്യൂസിക്കുകളാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ ഓരോ പ്രധാന കഥാപാത്രങ്ങള്‍ക്കും വ്യത്യസ്തങ്ങളായ തീമുകളാണ് അനിരുദ്ധ് നല്‍കിയിരുന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച മാത്യുവിനും ശിവ രാജ്കുമാറിന്‍റെ നരസിംഹയ്ക്കും അങ്ങനെതന്നെ. ഇരുവര്‍ക്കും തിയറ്ററുകളില്‍ ലഭിച്ച വലിയ കൈയടിക്ക് അവരുടെ സ്ക്രീന്‍ പ്രസന്‍സിനോളം പ്രാധാന്യം ഈ പശ്ചാത്തലസംഗീത ട്രാക്കുകള്‍ക്കും ഉണ്ടായിരുന്നു. 

രജനികാന്തിന്‍റെ താരപരിവേഷത്തെ കാലത്തിന് അനുസൃതമായി അവതരിപ്പിച്ച ജയിലര്‍ നേടിയ വന്‍ വിജയത്തില്‍ ഈ അതിഥിവേഷങ്ങള്‍ക്കും പങ്കുണ്ട്. കേരളത്തില്‍ ചിത്രം നേടിയ അഭൂതപൂര്‍വ്വമായ വിജയത്തിന് മോഹന്‍ലാലിന്‍റെ ഗസ്റ്റ് റോളും ഒപ്പം വിനായകന്‍റെ പ്രതിനായക വേഷവും കാരണങ്ങളായിരുന്നു. വര്‍മ്മന്‍ എന്ന പ്രധാന വില്ലന്‍ കഥാപാത്രമായി ഗംഭീര പ്രകടനമാണ് വിനായകന്‍ നടത്തിയത്. സ്വാതന്ത്ര്യദിന വാരാന്ത്യം ലക്ഷ്യമാക്കി ഓഗസ്റ്റ് 10 ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം തന്നെ വന്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റിയാണ് നേടിയത്. ആദ്യ രണ്ടാഴ്ചകളില്‍ നിന്നായി ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 525 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. മലയാളത്തില്‍ നിന്ന് ഓണം റിലീസുകള്‍ എത്തിയിട്ടും ജയിലറിന് കേരളത്തില്‍ ആളുണ്ടായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടി റിലീസ് ആയി എത്തിയത്.

ALSO READ : 'ജവാന്‍' പിന്നിലാക്കിയത് ആരെയൊക്കെ? റിലീസ്‍ദിന കളക്ഷനില്‍ ഞെട്ടിച്ച എക്കാലത്തെയും 5 ഹിന്ദി സിനിമകള്‍

JAILER - Narasimha Theme | Superstar Rajinikanth | Shiva Rajkumar | Sun Pictures | Anirudh | Nelson