Asianet News MalayalamAsianet News Malayalam

‘അമ്മയ്ക്ക് കിട്ടിയത് നന്മയ്ക്കുള്ള അംഗീകാരം’; നഞ്ചിയമ്മയെ കുറിച്ച് ശരത്ത്

നഞ്ചിയമ്മയുടെ നന്മക്ക് ലഭിച്ച അം​ഗീകാരമാണ് ഈ പുരസ്കാരമെന്ന് ശരത്ത് പറയുന്നു. 

music director Sharreth congratulate Nanchamma for national film award winning
Author
Kochi, First Published Jul 25, 2022, 8:44 PM IST

ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ​ഗായികയ്ക്കുള്ള അവാർഡ് ലഭിച്ച നഞ്ചിയമ്മയെ(Nanchamma) അഭിനന്ദിച്ച് ​ഗായകനും സം​ഗീത സംവിധായകനുമായ ശരത്ത്. ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ ആയിരുന്നു ശരത്തിന്റെ അഭിനന്ദനം. നഞ്ചിയമ്മയുടെ നന്മക്ക് ലഭിച്ച അം​ഗീകാരമാണ് ഈ പുരസ്കാരമെന്ന് ശരത്ത് പറയുന്നു. 

ശരത്തിന്റെ വാക്കുകൾ ഇങ്ങനെ

ഒരുപാട് സന്തോഷത്തോടെയാണ് നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നതില്‍. കാരണം നമ്മുടെ നഞ്ചിയമ്മയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിരിക്കുകയാണ്. നാഷണല്‍ അവാര്‍ഡ് കളിച്ച കാര്യമാണോ. ഇത് ഇന്ത്യയുടെ തന്നെ ഏറ്റവും വലിയ അവാര്‍ഡ് ആണ്. അത് നമ്മുടെ നഞ്ചിയമ്മയ്ക്ക് തന്നെ ലഭിച്ചതില്‍ കുറേ സന്തോഷം. ഈ അടുത്ത കാലത്ത് സ്റ്റാര്‍ സിംഗറില്‍ നഞ്ചിയമ്മ വന്നിരുന്നു. അമ്മ നമുക്ക് വേണ്ടി ആ വേദിയില്‍ വെച്ച് പാട്ട് പാടി. അമ്മയുടെ മനസ്സില്‍ വേറെ ഒന്നും ഇല്ല..അമ്മ വെറും പാവമാണ്. പഞ്ചപാവം, ആത്മാര്‍ത്ഥ സ്‌നേഹമാണ്, ഇതെല്ലാം അമ്മയെ കണ്ടപ്പോള്‍ എനിക്ക് മനസ്സിലായതാണ്. മനസ്സില്‍ കുറേ നന്മയുള്ള ഒരു അമ്മ. വെറെ ഒന്നും പറയാനില്ല. അമ്മയുടെ മനസ്സിലെ നന്മയ്ക്ക് കിട്ടിയ പുരസ്‌കാരമാണിത്. സത്യമായിട്ടും. അമ്മേ ഒരുപാട് സന്തോഷം. എന്തായാലും പാടി കലക്കി. അമ്മയ്ക്ക് ഇനിയും അംഗീകാരങ്ങള്‍ ലഭിക്കട്ടെ. എപ്പോള്‍ പാടാന്‍ പറഞ്ഞാലും അമ്മ റെഡിയാണ്. എന്തിന് ദേശീയ അവാര്‍ഡിന്റെ മൂല്യം തന്നെ അമ്മയ്ക്ക് അറിയാമോ എന്ന് അറിയില്ല. അമ്മേ ഇത് പെരിയ അവാര്‍ഡ്.. അമ്മയെ ഒരുപാട് സ്‌നേഹിക്കുന്നു. കെട്ടിപ്പിടിച്ച് ഒരു ഉമ്മ.

അതേസമയം  നഞ്ചിയമ്മയ്ക്ക് അവാര്‍ഡ് ലഭിച്ചതില്‍ വിമര്‍ശനം ഉയര്‍ത്തി ഗായകന്‍ ലിനു ലാല്‍ രംഗത്ത് എത്തിയിരുന്നു. നഞ്ചമ്മ പാടിയ ഗാനം ആണോ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗാനം എന്ന് ലിനു ചോദിക്കുന്നു. ഒരുമാസം സമയം കൊടുത്താൽ പോലും സാധാരണ ഒരു ഗാനം നഞ്ചിയമ്മയ്ക്ക് പാടാൻ കഴിയില്ലെന്നും സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നില്ലേയെന്നും ലിനു ലാല്‍ ചോദിച്ചിരുന്നു. പിന്നാലെ അൽഫോൺസ് ജോസഫ്, ഹരീഷ് ശിവരാമകൃഷ്ണൻ തുടങ്ങി നിരവധി പേർ നഞ്ചിയമ്മയെ പിന്തുണച്ച് രം​ഗത്തെത്തി. 

ലിനു ലാൽ പറഞ്ഞത്

ഇന്ത്യയിലെ കഴിഞ്ഞ വർഷത്തെ ഏറ്റവും നല്ല പാട്ടായിരുന്നോ അയ്യപ്പനും കോശിയിലെ നഞ്ചിയമ്മ പാടിയ പാട്ട്, അല്ലെങ്കില്‍ ഏറ്റവും നന്നായി പാടിയ പാട്ടായിരുന്നോ അത്? എനിക്കതില്‍ സംശയമുണ്ട്. നഞ്ചിയമ്മയോട് എനിക്ക് യാതൊരു വിരോധവുമില്ല. ആ അമ്മയെ എനിക്ക് വളരെ അധികം ഇഷ്ടമാണ്. ആ ഫോക് സോം​ഗ് നല്ല രസമായി പാടിയിട്ടുണ്ട്. ഞങ്ങളുള്ള ഒന്നു രണ്ടു വേദിയില്‍ ഈ അമ്മ വന്നിട്ടുണ്ട്. പിച്ച് ഇട്ടു കൊടുത്താല്‍ അതിനു അനുസരിച്ച് പാടാനൊന്നും സാധിക്കില്ല. അങ്ങനെയുള്ള ഒരാള്‍ക്കാണോ പുരസ്‌കാരം കൊടുക്കേണ്ടത്.

മൂന്നും നാലും വയസുമുതല്‍ സംഗീതം അഭ്യസിച്ച് അവരുടെ ജീവിതം സംഗീതത്തിനു വേണ്ടി മാത്രം ഉഴിഞ്ഞുവെച്ച ഒരുപാട് പേരുണ്ട്. അതിൽ പ്രശസ്തരുമുണ്ട്, അല്ലാത്തവരുമുണ്ട്. അവര്‍ തണുത്തതും എരിവുള്ളതും കഴിക്കില്ല, തണുപ്പുള്ള സ്ഥലത്തു പോകില്ല അങ്ങനെയുള്ളവര്‍. പട്ടിണി കിടന്നാലും സംഗീതം എന്നത് അല്ലാതെ മറ്റൊന്നുമില്ലെന്ന് ചിന്തിക്കുന്നവര്‍. അവർക്ക് അത് ബിസിനസല്ല. അങ്ങനെ ഒരുപാട് ആളുകളുണ്ട്. അങ്ങനെയുള്ള ഒരുപാട് പേരുള്ളപ്പോള്‍ നഞ്ചിയമ്മ പാടിയ ഈ പാട്ടിന് മികച്ച ഗായികയ്ക്കുള്ള നാഷണല്‍ അവാര്‍ഡ് കൊടുക്കുക എന്നു പറഞ്ഞാല്‍.

'ശുദ്ധിയുടെ തെളിനീരുറവ അറിയണമെങ്കിൽ ഈ പുഞ്ചിരിയുടെ വഴി പിടിക്ക്': നഞ്ചമ്മയെ പിന്തുണച്ച് ബിജിബാൽ

ഒരു പുതിയ ഗാനമൊരുക്കിയ ശേഷം നഞ്ചിയമ്മയെ വിളിച്ച് സ്റ്റുഡിയോയിൽ കൊണ്ടുപോയി പാടിപ്പിക്കാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഒരു മാസം സമയം കൊടുത്താൽ പോലും നഞ്ചിയമ്മയ്ക്ക് സാധാരണ പാട്ട് പാടാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. ദാസ് സാറൊക്കെ എട്ടും പാത്തും പാട്ടൊക്കെ ലൈവ് ആയി പാടിയത് നമ്മൾ കേട്ടിട്ടുണ്ട്. ചിത്ര ചേച്ചി, മധു ചേട്ടൻ അങ്ങനെ ഒരുപാട് മികച്ച ഗായകരുണ്ട്. അവർക്ക് ഇത് ഒരു അപമാനമായി ആയി തോന്നില്ലേ.

അയ്യപ്പനും കോശിയും സിനിമയിലെ ആ ഗാനം ആ അമ്മ നല്ല രസമായി പാടിയിട്ടുണ്ട്. അതുകൊണ്ടു ആ അമ്മയ്ക്ക് ഒരു സ്പെഷ്യല്‍ ജൂറി പുരസ്‌കാരം നല്‍കാമായിരുന്നു. മികച്ച ഗായികയ്ക്കുള്ളത് നല്ലൊരു ഗായികയ്ക്ക് തന്നെ കൊടുക്കാമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. എന്നെ വിമര്‍ശിക്കാം. ഇതെന്റെ അഭിപ്രായം മാത്രമാണ്.

Follow Us:
Download App:
  • android
  • ios