ജൂൺ 5 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്

തമിഴ് സിനിമയില്‍ സമീപകാലത്ത് വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമായിരുന്നു തഗ് ലൈഫ്. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം മണി രത്നവും കമല്‍ ഹാസനും ഒരുമിക്കുന്ന ചിത്രം എന്നതായിരുന്നു ആ ഹൈപ്പിന് കാരണം. എന്നാല്‍ പ്രതീക്ഷിച്ച രീതിയിലുള്ള പ്രതികരണം ചിത്രത്തിന് നേടാനായില്ല. എന്നാല്‍ ചിത്രത്തിലെ സംഗീതവും ഛായാഗ്രഹണവുമൊക്കെ ശ്രദ്ധ നേടിയിരുന്നു. എ ആര്‍ റഹ്‍മാന്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ സോംഗ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

മുത്ത മഴൈ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ശിവ അനന്ത് ആണ്. ധീ ആണ് ആലാപനം. സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

എ ആര്‍ റഹ്‍മാനൊപ്പം മണിരത്നത്തിന്‍റെ മറ്റൊരു പതിവ് സഹപ്രവർത്തകനായ എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിച്ചിരുന്നു. നേരത്തെ മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് തഗ് ലൈഫിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അൻപറിവ് മാസ്റ്റേഴ്സാണ് ആക്ഷൻ കൊറിയോഗ്രഫി ചെയ്തത്. തഗ് ലൈഫിന്റെ മേക്കപ്പ് രഞ്ജിത്ത് അമ്പാടിയും പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയ്യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ്. ജൂൺ 5 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്.

Muththa Mazhai - Video Song | Thug Life | Kamal Haasan | Mani Ratnam | STR | Trisha | AR Rahman