ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, ഒരു അഡാര്‍ ലൗ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഒമര്‍ ലുലു ഒരുക്കുന്ന കോമഡി എന്റര്‍ടെയ്‌നറാണ് ധമാക്ക. ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച അരുണ്‍ ആണ് ധമാക്കയിലെ നായകനായെത്തിയിരിക്കുന്നത്. ഗോപി സുന്ദർ സംഗീതം ഒരുക്കിയ ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. അൽജീരിയൻ ആർട്ടിസ്റ്റ്‌ ഖലീദ്‌ 1992- ൽ എഴുതി പെർഫോം ചെയ്ത പ്രശസ്തഗാനമായ 'ദീദീ ദീദി'യാണ്‌ മലയാളത്തിൽ റീമിക്സ്‌ ചെയ്ത്‌ 'ധമാക്ക'യിൽ അവതരിപ്പിച്ചിരിക്കുന്നത്.

പലഭാഷകളിലായി റീമിക്സ്‌ ചെയ്തിട്ടുള്ള ഈ ഗാനം സുരേഷ്‌ ഗോപി ജയരാജ്‌ ടീമിന്റെ സൂപ്പർ ഹിറ്റ്‌ ആക്ഷൻ ചിത്രമായ 'ഹൈവേ'യിലും ഉൾപ്പെടുത്തിയിരുന്നു. മുൻ ചിത്രങ്ങളിലെ ഗാനങ്ങൾ പോലെ ഏറെ ആഘോഷഗാനമായാണ് ഈ ഗാനം  ഒമർ ഒരുക്കിയിരിക്കുന്നത്. നിക്കി ഗല്‍റാണിയാണ് ചിത്രത്തിലെ നായിക. തൊണ്ണൂറുകളിലെ മലയാളിയുടെ പ്രിയ ജോഡിയായിരുന്ന മുകേഷും ഉര്‍വശിയും വീണ്ടും ഒന്നിക്കുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം കെ നാസര്‍ നിര്‍മിക്കുന്ന ചിത്രം നവംബർ 28ന്‌ തിയേറ്ററിലെത്തും.