പ്രേക്ഷകരെ ചിത്രത്തിന്‍റെ ഉത്സവ പശ്ചാത്തലത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുന്ന ഗാനം

മലയാളം ബോക്സ് ഓഫീസില്‍ കഴിഞ്ഞ വര്‍ഷാവസാനമെത്തി മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമാണ് ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്‍ത അജഗജാന്തരം (Ajagajantharam). ആന്‍റണി വര്‍ഗീസ് നായകനായ ചിത്രം കേരളത്തില്‍ നിന്നും ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകളില്‍ നിന്നുമായി ഒരാഴ്ച കൊണ്ട് നേടിയത് 20 കോടി ആയിരുന്നു. ദൃശ്യ, ശബ്‍ദ വിന്യാസം കൊണ്ടും ഗാനങ്ങള്‍ കൊണ്ടും ശ്രദ്ധ നേടിയ ചിത്രത്തിലെ 'ഓളുള്ളേരു' എന്ന ഗാനം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ടൈറ്റില്‍ സോംഗിന്‍റെ വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

'ഒന്ന് രണ്ട്' എന്നാരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സുധീഷ് മരുതാളമാണ്. ജസ്റ്റിന്‍ വര്‍ഗീസിന്‍റെയാണ് മ്യൂസിക് പ്രൊഡക്ഷന്‍. ആഡീഷണല്‍ മ്യൂസിക് പ്രൊഡക്ഷന്‍ സാന്‍ഡി. നാടന്‍ വാദ്യങ്ങളാണ് ഗാനത്തിന്‍റെ പശ്ചാത്തലത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരു ഉത്സവപ്പറമ്പിലെ ഒരു രാത്രി തുടങ്ങി അടുത്ത രാത്രി അവസാനിക്കുന്ന സംഭവങ്ങള്‍ പശ്ചാത്തലമാക്കിയുള്ളതാണ് ചിത്രം. ഈ ഉത്സവ പശ്ചാത്തലത്തിലേക്ക് കാണികളെ കൂട്ടിക്കൊണ്ടുപോകാനാണ് ടിനു പാപ്പച്ചന്‍ ടൈറ്റില്‍ ഗാനത്തെ ഉപയോഗിച്ചിരിക്കുന്നത്.

ആന്‍റണി വര്‍ഗീസ് നായകനാവുന്ന നാലാം ചിത്രമാണിത്. സ്വാതന്ത്ര്യം അര്‍ധരാത്രിയിലിനു ശേഷം ടിനു പാപ്പച്ചന്‍റെ സംവിധാനത്തില്‍ അഭിനയിക്കുന്ന ചിത്രവും. സില്‍വര്‍ ബേ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ഇമ്മാനുവല്‍ ജോസഫ്, അജിത്ത് തലപ്പിള്ളി എന്നിവരാണ് നിര്‍മ്മാണം. ചിത്രത്തില്‍ രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന കിച്ചു ടെല്ലസും വിനീത് വിശ്വവും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. 

YouTube video player