ജസ്റ്റിന്‍ വര്‍ഗീസിന്‍റെ ഈണങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന ആദ്യ ചിത്രത്തിലൂടെത്തന്നെ മികച്ച ഹിറ്റ് സ്വന്തമാക്കിയ സംവിധായകനാണ് ഗിരീഷ് എ ഡി (Girish A D). ഗിരീഷിന്‍റെ കരിയറിലെ രണ്ടാംചിത്രമായ 'സൂപ്പര്‍ ശരണ്യ' (Super Sharanya) ഇന്നലെയാണ് തിയറ്ററുകളില്‍ എത്തിയത്. മികച്ച റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്ന ചിത്രത്തിലെ ചില പാട്ടുകള്‍ നേരത്തെ എത്തിയത് ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ശ്രദ്ധേയമായ ഒരു റൊമാന്‍റിക് സോംഗിന്‍റെ ലിറിക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

'പച്ചപ്പായല്‍' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ആലപിച്ചിരിക്കുന്നത് കാതറിന്‍ ഫ്രാന്‍സിസും ക്രിസ്റ്റിന്‍ ജോസും ചേര്‍ന്ന്. 'തണ്ണീര്‍മത്തനി'ലെ നായിക അനശ്വര രാജന്‍ തന്നെയാണ് ഈ ചിത്രത്തിലും നായിക. തണ്ണീര്‍മത്തനില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആണ് സംവിധായകന്‍ പശ്ചാത്തലമാക്കിയതെങ്കില്‍ സൂപ്പര്‍ ശരണ്യയില്‍ അത് ഒരു എന്‍ജിനീയറിംഗ് കോളെജ് ആണ്. അര്‍ജുന്‍ അശോകനാണ് നായകന്‍. മമിത ബൈജു, നസ്‍ലെന്‍, സജിന്‍ ചെറുകയില്‍, വിനീത് വിശ്വം തുടങ്ങിയവര്‍ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സംവിധായകന്‍റേത് തന്നെയാണ് ചിത്രത്തിന്‍റെ രചനയും.