സൈജു കുറുപ്പ് ടൈറ്റില്‍ കഥാപാത്രം

പുതുമ നിറഞ്ഞ വരികൾ, മനസിലേക്ക് ആഴ്ന്നിറങ്ങുന്ന ഈണം, കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നൊരു പാട്ട്. സൈജു കുറുപ്പ്, സ്രിന്ദ, ദർശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിൻ്റോ സണ്ണി സംവിധാനം ചെയ്യുന്ന പാപ്പച്ചൻ ഒളിവിലാണ് എന്ന
ചിത്രത്തിലെ കൈയെത്തും ദൂരത്ത് എന്ന ഗാനമാണ് സംഗീതപ്രേമികള്‍ ഏറ്റെടുത്തിരിക്കുന്നത്. ഓസേപ്പച്ചന്‍റെ ഈണത്തില്‍ വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. സിന്‍റോ സണ്ണിയുടേതാണ് വരികള്‍.

Add Asianetnews as a Preferred SourcegooglePreferred

കൗമാര പ്രണയവും കുസൃതിയും കുറുമ്പുമെല്ലാം നിറഞ്ഞുനിൽക്കുന്ന ഗാനം മനോഹരമായ ദൃശ്യങ്ങൾ കൊണ്ടും സമ്പന്നമാണ്. സിധേന്ദ്രയും ശ്രീലക്ഷ്മിയും ഇവർക്കൊപ്പം സൈജു കുറുപ്പുമാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. പാപ്പച്ചനായെത്തുന്ന സൈജുവിന്‍റെ മകളാണ് അലീന (ശ്രീലക്ഷ്മി). അലീനയോട് ആന്‍റപ്പനുള്ള (സിധേന്ദ്ര) പ്രണയമാണ് ഗാനത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്. ചിത്രത്തിലേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'മുത്തുക്കുടമാനം' എന്ന പാട്ടും സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. 

അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, ജോണി ആൻ്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങൾ. മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറി ഡ്രൈവറായാണ് ഈ സിനിമയിൽ സൈജു കുറുപ്പ് അഭിനയിക്കുന്നത്. ക്രൈസ്തവ സമൂഹത്തിൻ്റെ പശ്ചാത്തലത്തിൽ ബന്ധങ്ങളുടേയും ഇണക്കങ്ങളുടെയും പിണക്കങ്ങളുടേയും പകയുടേയുമൊക്കെ കഥപറയുന്ന ഈ സിനിമയിൽ പാപ്പച്ചന്‍റെ വ്യക്തിജീവിതത്തിൽ അരങ്ങേറുന്ന സംഘർഷഭരിതങ്ങളായ ഏതാനും മുഹൂർത്തങ്ങളാണ് ദൃശ്യവൽക്കരിക്കുന്നത്.

പൂക്കാലം എന്ന ഹിറ്റ് ചിത്രത്തിനു ശേഷം തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്ന സിനിമയാണ് പാപ്പച്ചൻ ഒളിവിലാണ്. സിനിമാലോകത്ത് ഏതാനും വർഷങ്ങളായി സജീവ സാന്നിധ്യമായുള്ള തോമസ് തിരുവല്ല, സംവിധായകൻ ബ്ലെസി ഒരുക്കിയ കളിമണ്ണ് എന്ന സിനിമ നിര്‍മ്മിച്ചുകൊണ്ടാണ് ആരംഭിച്ചത്. ഓട്ടം, എല്ലാം ശരിയാകും, മ്യാവൂ, മേ ഹൂം മൂസ എന്നീ ചിത്രങ്ങളും ഇദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. 

ശ്രീജിത്ത് നായർ ഛായാഗ്രഹണവും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം വിനോദ് പട്ടണക്കാടൻ, കോസ്റ്റ്യൂം ഡിസൈൻ സുജിത് മട്ടന്നൂർ, മേക്കപ്പ് മനോജ് & കിരൺ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ബോബി സത്യശീലൻ, പി ആർ ഒ മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, ഹെയിൻസ്, പ്രൊഡക്ഷൻ മാനേജർ ലിബിൻ വർഗീസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ. കുട്ടമ്പുഴ, ഭൂതത്താൻകെട്ട്, നേര്യമംഗലം ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. സ്റ്റിൽസ് അജീഷ് സുഗതൻ, മാര്‍ക്കറ്റിംഗ് സ്നേക്ക്പ്ലാന്‍റ്.

ALSO READ : 'മൺഡേ ടെസ്റ്റി'ല്‍ പരാജയം രുചിച്ച് ആദിപുരുഷ്; നാല് ദിവസത്തെ കളക്ഷന്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

Kayyethum Doorath | Pappachan Olivilanu | Vineeth Sreenivasan | Ouseppachan | Sinto Sunny | FilmSong