നവംബർ 20ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ സാത്വിക വീരവല്ലിയാണ് നായിക.
ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’ യിലെ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. രാധേ രാധേ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തെത്തിയിക്കുന്നത്. ശ്രീമണിയുടെ വരികള്‍ക്ക് ജി വി പ്രകാശ് കുമാര്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ജി വി പ്രകാശ് കുമാറും ലിപ്സിക ഭാഷ്യവും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. നവംബർ 20ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവ സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രം, തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് പ്രദർശനത്തിനെത്തുന്നത്. പുതുമുഖം സാത്വിക വീരവല്ലിയാണ് ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത്. സാത്വിക നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.
നൂതനമായ കഥപറച്ചിൽ രീതിക്കും തന്റേതായ സിനിമാറ്റിക് സമീപനത്തിനും പേരുകേട്ട സംവിധായകനാണ് പവൻ സാദിനേനി. സമൂഹം കൽപ്പിച്ചു നൽകിയ ജീവിതത്തിൻ്റെ, സ്വപ്നങ്ങളുടെ അതിർവരമ്പുകൾ എല്ലാം ഭേദിച്ചു കൊണ്ട് തൻ്റെ ലക്ഷ്യത്തിനായി മുന്നേറുന്ന കല്പനയുടെയും അതിനായി കൈ, മെയ് മറന്ന് അവൾക്കൊപ്പം നിൽക്കുന്ന കൃഷ്ണ എന്ന കഥാപാത്രത്തിൻ്റെയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന കൃഷ്ണ എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ലുക്ക് നേരത്തേതന്നെ പുറത്തു വരികയും ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. തമിഴ് നടി ശ്രുതി ഹാസൻ ആണ് ചിത്രത്തിലെ മറ്റൊരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുരളി ശർമ, സ്വാസിക എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. ഇത് കൂടാതെ ചിത്രത്തിലെ ‘കുട്ടി കുട്ടി പൂവേ’ എന്ന ഗാനവും സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതികരണം നേടിയെടുത്തിട്ടുണ്ട്. ഗാനത്തിന്റെ ദൃശ്യങ്ങൾക്കൊപ്പം അതിന്റെ മേക്കിങ് ദൃശ്യങ്ങളും ശ്രദ്ധേയമായി മാറിയിരുന്നു.
‘മഹാനടി’, ‘സീതാ രാമം’, ‘ലക്കി ഭാസ്കർ’ തുടങ്ങിയ ചിത്രങ്ങളിലെ നായകനായുള്ള ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെയും പ്രഭാസ് നായകനായ ‘കൽക്കി 2898 എഡി’യിലെ ശ്രദ്ധേയമായ അതിഥി വേഷത്തിലൂടെയും തെലുങ്ക് സിനിമയിൽ വലിയ ജനപ്രീതി നേടിയ ദുൽഖർ സൽമാന്റെ അടുത്ത തെലുങ്ക് റിലീസ് എന്ന പ്രത്യേകതയും ‘ആകാശംലോ ഒക താര’യ്ക്കുണ്ട്.





