അജു വർഗീസും ലെനയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് സാജൻ ബേക്കറി സിൻസ് 1962. ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം അരുൺ ചന്തുവാണ്. 'വൺസ് അപ്പോൺ എ ടൈം ഇൻ റാന്നി' എന്ന് തുടങ്ങുന്ന ​ഗാനം  മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തിറക്കിയത്. 

സാജൻ ബേക്കറിയുടെ പരസ്യചിത്രത്തിലൂടെയാണ് ​ഗാനം തുടങ്ങുന്നത്. അജു വർഗീസ്, അരുൺ ചന്തു, സച്ചിന്‍ ആര്‍ ചന്ദ്രന്‍ എന്നിവര്‍ ചേർന്ന് തിരക്കഥയും സംഭാഷണവും എഴുതുന്ന ചിത്രത്തിൽ  ഗ്രേസ് ആന്റണി, പുതുമുഖം രഞ്ജിത മേനോന്‍ എന്നിവര്‍ നായികമാരായി എത്തുന്നു. കെ ബി ഗണേഷ് കുമാർ, ജാഫര്‍ ഇടുക്കി, രമേശ് പിഷാരടി, ജയന്‍ ചേര്‍ത്തല, സുന്ദര്‍ റാം, എന്നി പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒട്ടേറേ പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഗുരുപ്രസാദ് ക്യാമറ ചെയ്യുന്ന ചിത്രത്തിൽ പ്രശാന്ത് പിള്ള സം​ഗീതവും, എം ബാവ എഡിറ്റിങും ചെയ്യുന്നു.