തിരുവനന്തപുരം: ​ഗായകൻ ജി വേണു​ഗോപാൽ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൽ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. യാദൃശ്ചികമായി ലഭിച്ച വീഡിയോയിലെ ​ഗായിക പാടുന്നത് കേട്ട് അറിയാതെ എഴുന്നേറ്റിരുന്നുപോയി എന്നാണ് വേണു​ഗോപാലിന്റെ വാക്കുകൾ. തിരുവില്വാമല സ്വദേശിയായ സനി​ഗ സന്തോഷ് ആണ് വേണു​ഗോപാലിനെ അതിശയിപ്പിച്ച ഈ ​ഗായിക. 1977 ൽ എസ്. ജാനകി വിഷുക്കണി എന്ന ചിത്രത്തിൽ പാടിയ മലർക്കൊടി പോലെ എന്ന പാട്ടാണ് സനി​ഗ പാടുന്നത്. 

'ഇരുത്തംവന്ന ഗായകർ പോലും എടുത്ത് പൊക്കാൻ മടിക്കുന്ന പാട്ട്. അയത്ന ലളിതമായി ഒഴുകുന്നു ആ ഇളം കണ്ഠത്തിലൂടെ. കഠിനമായ സംഗതികൾ മുഴുവൻ സ്വന്തം തൊണ്ടയ്ക്കുതകുന്നതാക്കാനുള്ള നൈസർഗ്ഗികതയും. "നിറ സന്ധ്യയായ് ഞാനാരോമലേ ...വിടർന്നെന്നിൽ നീയൊരു പൊൻ താരമായ്"....' വേണു​ഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു. വളരെ അനായാസമായ സനി​ഗയുടെ ആലാപന ശൈലി തന്നെയാണ് കേൾവിക്കാരെ അത്ഭുതപ്പെടുത്തുന്നത് നിരവധി പേരാണ് സനി​ഗയ്ക്ക് അഭിനന്ദനങ്ങളുമായി രം​ഗത്തെത്തുന്നത്.  

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
കട്ടിലിൽ കിടന്ന് ദുബൈയിലെ സുഹൃത്ത് രൂപേഷ് അയച്ച് തന്ന ട്രോളുകൾ ഓരോന്നായി കാണുന്നതിനിടയിൽ ഈ പാട്ടിൻ്റെ തുടക്കം എൻ്റെ കാതുകളെ കൂർപ്പിച്ചു. ഞാനറിയാതെ എണീറ്റിരുന്നു. ഇരുത്തംവന്ന ഗായകർ പോലും എടുത്ത് പൊക്കാൻ മടിക്കുന്ന പാട്ട്. അയത്ന ലളിതമായി ഒഴുകുന്നു ആ ഇളം കണ്ഠത്തിലൂടെ. കഠിനമായ സംഗതികൾ മുഴുവൻ സ്വന്തം തൊണ്ടയ്ക്കുതകുന്നതാക്കാനുള്ള നൈസർഗ്ഗികതയും.
" നിറ സന്ധ്യയായ് ഞാനാരോമലേ ...
വിടർന്നെന്നിൽ നീയൊരു പൊൻ താരമായ്"....
മേലാകെ കുളിരു പെയ്യുന്നു. സംഗതികളുടെ കൃത്യതയല്ല. ശ്രുതിയും, ലയവും, ശബ്ദ സൗന്ദര്യവും കൊണ്ടവൾ ആ പാട്ടവളുടേതാക്കി മാറ്റിയിരിക്കുന്നു. She sings beyond the song! കേട്ടാലറിയാം അത് പഠിച്ചുണ്ടാക്കിയ പാട്ടല്ല. അതവളുടെ ഉള്ളിൻ്റെയുള്ളിൽ നിന്നാണ്. പ്രാർത്ഥനകൾ.