നടന്‍ സൂര്യയുടെ 45-ാം പിറന്നാള്‍ ദിനമായിരുന്ന ഇന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളൊക്കെ ആരാധകരുടെ ആശംസാ സന്ദേശങ്ങള്‍ കൊണ്ട് നിറഞ്ഞ അവസ്ഥയിലായിരുന്നു. സൂര്യയെ നായകനാക്കിയുള്ള 'വാടിവാസല്‍' എന്ന ചിത്രം വെട്രിമാരന്‍ പ്രഖ്യാപിച്ചതും ആരാധകര്‍ കൊണ്ടാടി. ഒപ്പം ഇന്ന് പുറത്തെത്തിയ ഒരു വീഡിയോ ഗാനവും സൂര്യ ആരാധകര്‍ ശരിക്കും ആഘോഷിച്ചു. സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്യുന്ന 'സൂരറൈ പൊട്രു' എന്ന ചിത്രത്തിലെ പാട്ടിന്‍റെ പ്രൊമോ വീഡിയോയാണ് ആരാധകര്‍ ആഘോഷമാക്കിയത്.

സൂര്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയ വീഡിയോയ്ക്ക് ഇതിനകം യുട്യൂബില്‍ ലഭിച്ച കാഴ്‍ചകള്‍ 11.8 ലക്ഷത്തിനു മുകളിലാണ്. 'കാട്ട് പയലേ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സ്നേകന്‍ ആണ്. പാടിയത് ധീ. നായികയാവുന്ന മലയാളിതാരം അപര്‍ണ ബാലമുരളി സൂര്യയ്ക്കൊപ്പം ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നിലവില്‍ യുട്യൂബ് ട്രെന്‍റിംഗ് ലിസ്റ്റില്‍ രണ്ടാമതാണ് ഈ വീഡിയോ.

നിരൂപകപ്രീതിയും പ്രേക്ഷകശ്രദ്ധയും ഒരുപോലെ നേടിയ ഇരുധി സുട്രുവിന്‍റെ സംവിധായികയാണ് സുധ കൊങ്കര. ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സൂരറൈ പൊട്രു. ഡോ. എം മോഹന്‍ ബാബു, പരേഷ് റാവല്‍, ഉര്‍വ്വശി, കരുണാസ്, വിവേക് പ്രസന്ന, കൃഷ്ണകുമാര്‍, കാളി വെങ്കട് തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം നികേത് ബൊമ്മി. സംവിധായികയ്ക്കൊപ്പം ശാലിനി ഉഷ ദേവിയും ചേര്‍ന്നാണ് തിരക്കഥ. ഇതിനകം സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ആണു ലഭിച്ചിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ മറ്റു ചില സിനിമകളെപ്പോലെ ഒടിടി ഡയറക്ട് റിലീസിന് ഉദ്ദേശിക്കുന്നില്ലെന്നും സ്ഥിതിഗതികള്‍ മാറിയതിനു ശേഷം തീയേറ്റര്‍ റിലീസായേ ചിത്രം എത്തുകയുള്ളൂ എന്നുമാണ് സൂര്യ അറിയിച്ചിരിക്കുന്നത്.