Asianet News MalayalamAsianet News Malayalam

സംഗീതനിശയ്ക്കിടെ ആരാധകന്‍റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; ക്ഷമാപണവുമായി റോക്ക് ഗായിക

ഡെയ്റ്റോണയില്‍ നടക്കുന്ന റോക്ക് വില്‍ മെറ്റല്‍ ഫെസ്റ്റിവല്‍ വേദിയിലായിരുന്നു വിവാദമായ സംഭവം

sophia urista apologies after urinating on a male fan at rockville metal festival daytona
Author
Thiruvananthapuram, First Published Nov 18, 2021, 9:06 PM IST

സംഗീതനിശയ്ക്ക് കൊഴുപ്പ് പകരാന്‍ വേദിയില്‍ ഒരു രംഗം സൃഷ്‍ടിച്ച് വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ് അമേരിക്കന്‍ റോക്ക് ഗായികയായ സോഫിയ യുറിസ്റ്റ (Sophia Urista). ന്യൂയോര്‍ക്കില്‍ നിന്നുള്ള കവര്‍ ബാന്‍റ് ആയ 'ബ്രാസ് എഗൈന്‍സ്റ്റി'ന്‍റെ പ്രധാന ഗായികയാണ് സോഫിയ. ഡെയ്റ്റോണയില്‍ നടക്കുന്ന റോക്ക് വില്‍ മെറ്റല്‍ ഫെസ്റ്റിവല്‍ വേദിയിലാണ് സോഫിയ നടത്തിയ വിവാദ സംഗീതനിശ. തന്‍റെ അതിരുകള്‍ വിശാലമാക്കാന്‍ എല്ലായ്പ്പോഴും ശ്രമിക്കാറുണ്ടെന്ന് പറയാറുള്ള സോഫിയയുടെ ഡെയ്റ്റോണ വേദി പക്ഷേ നിരവധി വിമര്‍ശകരെയാണ് സൃഷ്‍ടിച്ചത്.

സംഗീതനിശയ്ക്കിടെ ഒരു ആരാധകനെ വേദിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു അവര്‍. "എനിക്ക് മൂത്രമൊഴിക്കണം. പക്ഷേ ശുചിമുറിയിലേക്ക് പോകാന്‍ വയ്യ. ആയതിനാല്‍ അതില്‍ നിന്ന് നമുക്കൊരു രംഗം സൃഷ്‍ടിക്കാം", പിന്നീട് വൈറല്‍ ആയ, വേദിയില്‍ നിന്നുള്ള വീഡിയോയില്‍ സോഫിയ മൈക്കിലൂടെ പറയുന്നത് ഇങ്ങനെയാണ്. വേദിയിലേക്ക് എത്തിയ ആരാധകനോട് മലര്‍ന്നു കിടക്കാന്‍ പറഞ്ഞതിനുശേഷം സോഫിയ അയാളുടെ മുഖത്തേക്ക് മൂത്രമൊഴിക്കുകയായിരുന്നു. ഒപ്പം ഒരു ഗാനവും ആലപിക്കുന്നുണ്ടായിരുന്നു അവര്‍.

സംഭവം വിവാദമായതിനു പിന്നാലെ ഡെയ്റ്റോണ ബീച്ച് പൊലീസിന്‍റെ ഫേസ്ബുക്ക് പേജില്‍ ചിലര്‍ സംഭവം ചൂണ്ടിക്കാട്ടി എത്തി. പൊലീസ് നിര്‍ദേശമനുസരിച്ച് ഒരാള്‍ പരാതി നല്‍കിയിട്ടുമുണ്ട്. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് വിഭാഗം സംഭവം അന്വേഷിക്കുകയാണെന്നാണ് പൊലീസിന്‍റെ അറിയിപ്പ്. അതേസമയം സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെ സംഭവത്തില്‍ ക്ഷമ ചോദിച്ച് രംഗത്തെത്തിയിട്ടുണ്ട് സോഫിയ യുറിസ്റ്റ. സ്വന്തം അതിരുകള്‍ ഭേദിക്കാന്‍ നിരന്തരം ശ്രമിക്കുന്ന ആളാണ് താനെങ്കിലും ഇതല്‍പ്പം കടന്നുപോയെന്ന് അവര്‍ തന്നെ സമ്മതിക്കുന്നു.

"എല്ലാവര്‍ക്കും നമസ്‍കാരം. ഡെയ്റ്റോണയില്‍ നടന്ന റോക്ക് വില്‍ മെറ്റല്‍ ഫെസ്റ്റിവലിലെ എന്‍റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കണമെന്ന് തോന്നി. സംഗീതത്തിലും വേദിയിലും എന്‍റെ അതിരുകളെ എല്ലായ്പ്പോഴും ഞാന്‍ മറികടക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആ രാത്രി പക്ഷേ, അത് വളരെ കൂടിപ്പോയി. എന്നെ സംബന്ധിച്ച് എന്‍റെ കുടുംബവും ബാന്‍ഡും ആരാധകരുമാണ് മറ്റെന്തിനേക്കാളും വലുത്. എന്‍റെ പ്രവര്‍ത്തി ചിലരെയെല്ലാം വേദനിപ്പിച്ചെന്ന് ഞാന്‍ മനസിലാക്കുന്നു. അവരോട് ഞാന്‍ ക്ഷമ ചോദിക്കുന്നു. അവരെ വേദനിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഞാനൊരു 'ഷോക്ക് ആര്‍ട്ടിസ്റ്റ്' അല്ല. എപ്പോഴും സംഗീതത്തിനാണ് ഞാന്‍ പ്രാധാന്യം കൊടുക്കാറ്. നിങ്ങള്‍ ഏവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ട്", സോഫിയ യുറിസ്റ്റ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

Follow Us:
Download App:
  • android
  • ios