കൊവിഡ് ലോക്ക് ഡൗണ്‍ രാജ്യത്തെ സിനിമാ മേഖലയെ ആകെ നിശ്ചലമാക്കിയിരിക്കുകയാണ്. ബോളിവുഡിലെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഉള്‍പ്പെടെ റിലീസ് ഇനി എന്നു നടക്കുമെന്നറിയാതെ മാറ്റിവച്ചിരിക്കുന്നു. മറ്റു സൂപ്പര്‍താര ചിത്രങ്ങള്‍ക്കൊപ്പം സല്‍മാന്‍ ഖാന്‍റെ ഒരു ചിത്രവും റിലീസ് മാറ്റിയവയില്‍ പെടും. പ്രഭുദേവയുടെ സംവിധാനത്തില്‍ സല്‍മാന്‍ നായകനാവുന്ന ആക്ഷന്‍ ചിത്രം രാധെ ആണത്. എന്നാല്‍ ലോക്ക് ഡൗണ് മറ്റൊരു തരത്തില്‍ ക്രിയേറ്റീവ് ആക്കിയിരിക്കുകയാണ് സല്‍മാന്‍. ഇത്രകാലവും ക്യാമറയ്ക്കു മുന്നിലാണ് നിന്നിരുന്നതെങ്കില്‍ ലോക്ക് ഡൗണ്‍ കാലത്ത് ക്യാമറയ്ക്കു പിന്നിലേക്കും എത്തിയിരിക്കുകയാണ് അദ്ദേഹം. സംവിധാനം നിര്‍വ്വഹിച്ച വീഡിയോ സോംഗ് പുറത്തെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിക്കുകയും ചെയ്തു.

തേരേ ബിനാ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഷബീര്‍ അഹമ്മദ് ആണ്. സംഗീതം പകര്‍ന്നിരിക്കുന്നത് അജയ് ഭാട്ടിയ. പാടിയിരിക്കുന്നതും വീഡിയോ സംവിധാനം ചെയ്‍തിരിക്കുന്നതും സല്‍മാന്‍ ആണ്. ഒപ്പം ജാക്വലിന്‍ ഫെര്‍ണാണ്ടസും അഭിനയിച്ചിരിക്കുന്നു. യുട്യൂബില്‍ നാല് മണിക്കൂര്‍ കൊണ്ട് 15 ലക്ഷത്തിലധികം കാഴ്‍ചകളാണ് ഗാനത്തിന് ലഭിച്ചത്. ട്വിറ്ററിലും ഗാനം ട്രെന്‍റിംഗ് ആയി. പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും മൂഡുകള്‍ ഉള്ളതാണ് ഗാനം.