വരികള്‍ എഴുതി, സംഗീതം പകര്‍ന്നിരിക്കുന്നത് സയനോര ഫിലിപ്പ്. സയനോരയും വിജയ് യേശുദാസും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്

ഇന്ദ്രജിത്തിനെ നായകനാക്കി നവാഗതനായ ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്‍ത 'ആഹാ'യിലെ പുതിയ വീഡിയോഗാനം പുറത്തെത്തി. 'തണ്ടൊടിഞ്ഞ താമരയില്‍' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതി, സംഗീതം പകര്‍ന്നിരിക്കുന്നത് സയനോര ഫിലിപ്പ് ആണ്. സയനോരയും വിജയ് യേശുദാസും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ നായികാനായകന്മാരുടെ പ്രണയവും ജീവിതവും ആവിഷ്കരിക്കുന്ന ഗാനമാണിത്.

Add Asianetnews as a Preferred SourcegooglePreferred

വടംവലി പശ്ചാത്തലമാക്കുന്ന സ്പോര്‍ട്‍സ് ഡ്രാമയാണ് ആഹാ. അതേസമയം സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കുമെല്ലാം പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇതെന്നും അണിയറക്കാര്‍ പറയുന്നു. 84 ൽ അധികം ലൊക്കേഷനുകളിലായി ആറായിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകളെ അണിനിരത്തി 62 ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചത്. ആഹ നീലൂർ എന്ന വടംവലി ടീമിന്‍റെ കഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ശാന്തി ബാലചന്ദ്രനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അമിത് ചക്കാലയ്ക്കല്‍, അശ്വിന്‍ കെ കുമാര്‍, മനോജ് കെ ജയന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സംവിധായകന്‍ ബിബിന്‍ പോള്‍ സാമുവല്‍ ആണ് ചിത്രത്തിന്‍റെ എഡിറ്റിംഗും. ടോബിറ്റ് ചിറയത്തിന്‍റേതാണ് രചന. ഛായാഗ്രഹണം രാഹുല്‍ ദീപ് ബാലചന്ദ്രന്‍. ചമയം റോണക്സ് സേവ്യര്‍. സംഘട്ടനം മഹേഷ് മാത്യു. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാകേഷ് കെ രാജന്‍. പിആര്‍ഒ സി കെ അജയ് കുമാര്‍. പബ്ലിസിറ്റ് ഡിസൈന്‍സ് ആര്‍ട്ടോകാര്‍പസ്. സാസാ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ പ്രേം എബ്രഹാം ആണ് നിര്‍മ്മാണം.