കിസ്മത്ത് സംവിധായകന്‍ ഷാനവാസ് ബാവക്കുട്ടിയും വിനായകനും ഒന്നിക്കുന്ന തൊട്ടപ്പന്‍ ഇതിനകം വലിയ ചര്‍ച്ചയായി മാറിയിരുന്നു. നേരത്തെ, തൊട്ടപ്പനിലെ ലിറിക്ക് വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. 'പ്രാന്തന്‍ കണ്ടലില്‍'എന്ന തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക് വീഡിയോയ്ക്ക് ശേഷം ഇപ്പോള്‍ തൊട്ടപ്പനിലെ ആദ്യ വിഡിയോ സോംഗും പുറത്ത് വന്നിരിക്കുകയാണ്.

ഫഹദ് ഫാസിലാണ് ഫേസ്ബുക്കിലൂടെ തൊട്ടപ്പനിലെ ആദ്യ വീഡിയോ ഗാനം പുറത്ത് വിട്ടത്. മീനെ ചെമ്പുള്ളി മീനെ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിഖില്‍ മാത്യൂ ആണ്. പി എസ് റഫീക്കിന്‍റെ വരികള്‍ക്ക് ലീല എല്‍ ഗിരീഷ് കുട്ടന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ഫ്രാന്‍സിസ് നൊറോണയുടെ കഥയ്ക്ക് പി എസ് റഫീഖാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

മുഴുനീള നായക കഥാപാത്രമായി വിനായകന്‍ ആദ്യമായെത്തുന്ന ചിത്രവുമാണ് തൊട്ടപ്പന്‍. കടമക്കുടി, വളന്തക്കാട്, ആലപ്പുഴയിലെ പൂച്ചാക്കല്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഛായാഗ്രഹണം സുരേഷ് രാജന്‍. പശ്ചാത്തലസംഗീതം ജസ്റ്റിന്‍. വിനായകനൊപ്പം റോഷന്‍ മാത്യു, മനോജ് കെ ജയന്‍, കൊച്ചുപ്രേമന്‍, പോളി വില്‍സണ്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.