ഫഹദ് ഫാസില്‍ നായകനാവുന്ന അന്‍വര്‍ റഷീദ് ചിത്രം 'ട്രാന്‍സി'ലെ ആദ്യ ഗാനമെത്തി. ഹിന്ദി, മലയാളം വരികളിലുള്ള ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ജാക്‌സണ്‍ വിജയന്‍ ആണ്. സ്‌നേഹ ഖന്‍വാല്‍കറും നേഹ നായരും ചേര്‍ന്ന് പാടിയിരിക്കുന്നു. മലയാളത്തിലെ വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറും ഹിന്ദി വരികള്‍ കമല്‍ കാര്‍ത്തിക്കിന്റേതുമാണ്. റെക്‌സ് വിജയന്‍ ആണ് മിക്‌സിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്.

ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദിന്റെ സംവിധാനത്തിലെത്തുന്ന ഫീച്ചര്‍ ചിത്രമാണ് ട്രാന്‍സ്. ഫഹദിനൊപ്പം നസ്രിയ, സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍, അര്‍ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി, സംവിധായകന്‍ ഗൗതം വസുദേവ് മേനോന്‍ എന്നിവര്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ഛായാഗ്രഹണം അമല്‍ നീരദ്. സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടി. ഫെബ്രുവരി 14ന് തീയേറ്ററുകളിലെത്തും. പ്രഖ്യാപനസമയം മുതല്‍ പ്രേക്ഷകരില്‍ വലിയ കാത്തിരിപ്പുളവാക്കിയ ചിത്രമാണ് ട്രാന്‍സ്. ചിത്രത്തിന്റെ ഇതിനകം പുറത്തെത്തിയ പോസ്റ്ററുകള്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സംവിധായകന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.