കൊവിഡ് കാലത്ത് തരംഗമാവുകയാണ് ഉണ്ണിമേനോൻ ആലപിച്ച യാത്രമൊഴി എന്ന ഗാനം. കവിയും മാധ്യമ പ്രവർത്തകനുമായ ജോയ് തമലത്തിന്റേതാണ് ഹൃദ്യമായ വരികൾ. മനോഹരമായ ദൃശ്യങ്ങളുടെ അകമ്പടിയോടെയാണ് പാട്ട് എം.ലൈവ് യൂ ട്യൂബ് ചാനൽ ആസ്വാദകരിലെത്തിച്ചത്.

കൺപാർത്തു നിന്നിതാ 
കാതോർത്തിരുന്നിതാ
തുടരുന്ന യാത്രയിൽ 
അകമാകെ മൂകമായ്.... 
അനുരാഗ സീമയിൽ 
അകലുന്ന സൂര്യനിൽ 
അലിയുന്നുവോ പകൽ 
വിരഹാർദ്രമാം കടൽ...
പറയാതലിഞ്ഞു നാം 
പിരിയാതകന്നു നാം 
വഴിയേറെ ബാക്കിയായ് 
ചിരി മാത്രം മോഹമായി..

പാട്ടിലുടനീളം ഉണ്ണിമേനോന്റെ സ്വരമാധുരി പ്രണയത്തെ തീവ്രമായി അടയാളപ്പെടുത്തുന്നുണ്ട്. വിമൽജിത്ത്, ധനുഷ് എന്നിവർ ചേർന്നാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ടി ആർ രതീഷാണ് ചിത്രീകരണം നിർവഹിച്ചത്. ഹരിദാസ് എഡിറ്റും വ്ലാഡിമർ ടോമിൻ,ഡോൺ എന്നിവർ ഗ്രാഫിക്സും കൈകാര്യം ചെയ്തരിക്കുന്നു. ആശയവും ആവിഷ്കാരവും എം.ലൈവ് ആണ് നിർവഹിച്ചിരിക്കുന്നത്.