രണ്ടര വര്‍ഷത്തിനുശേഷം എത്തുന്ന അജിത്ത് ചിത്രം

അജിത്ത് കുമാറിനെ (Ajith Kumar) നായകനാക്കി എച്ച് വിനോദ് ചെയ്യുന്ന 'വലിമൈ'യുടെ (Valimai) തീം മ്യൂസിക് (theme music) അണിയറക്കാര്‍ പുറത്തുവിട്ടു. യുവാന്‍ ശങ്കര്‍ രാജ (Yuvan Shankar Raja) ഒരുക്കിയിരിക്കുന്ന തീമിന് 'വിസില്‍' തീം എന്നാണ് പേര് നല്‍കിയിരിക്കുന്നത്. വിസിലടിയുടെ സ്വരഭേദങ്ങളില്‍ യുവാന്‍ ഈണം തയ്യാരാക്കിയിരിക്കുന്നത്. പുറത്തെത്തി മിനിറ്റുകള്‍ക്കകം വീഡിയോ യുട്യൂബില്‍ തരംഗമായിട്ടുണ്ട്.

രണ്ടര വര്‍ഷത്തിനു ശേഷം തിയറ്ററുകളില്‍ എത്താനൊരുങ്ങുന്ന അജിത്ത് കുമാര്‍ ചിത്രം എന്ന നിലയില്‍ വലിയ ആരാധകശ്രദ്ധ നേടിയ ചിത്രമാണിത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ പൊലീസ് യൂണിഫോമിലാണ് അജിത്ത് എത്തുന്നത്. യെന്നൈ അറിന്താലിനു ശേഷം അദ്ദേഹം ഒരു പൊലീസ് വേഷത്തില്‍ എത്തുന്നത് ഇപ്പോഴാണ്. യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തില്‍. ബേവ്യൂ പ്രോജക്റ്റ്സ് എല്‍എല്‍പിയുടെ ബാനറില്‍ ബോണി കപൂറും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം.

അജിത്ത് തന്നെ നായകനായ നേര്‍കൊണ്ട പാര്‍വൈ ഒരുക്കിയ സംവിധായകനാണ് എച്ച് വിനോദ്. കൊവിഡ് പശ്ചാത്തലത്തില്‍ പല സൂപ്പര്‍താര ചിത്രങ്ങളെയുംപോലെ വൈകിയ ചിത്രമാണ് ഇതും. 2022 പൊങ്കല്‍ റിലീസ് ആയാണ് ചാര്‍ട്ട് ചെയ്‍തിരിക്കുന്നത്. ചിത്രത്തിന്‍റെ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. 

YouTube video player