ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും വീണ്ടും സ്‌ക്രീനിലെത്തിയ 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലെ വീഡിയോ സോംഗ് എത്തി. 'മതി കണ്ണാ ഉള്ളത് ചൊല്ലാന്‍' എന്നാരംഭിക്കുന്ന ഗാനത്തിലെ മലയാളം വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. പാടിയിരിക്കുന്നത് അല്‍ഫോന്‍സ് ജോസഫും ഷെര്‍ദിനും ചേര്‍ന്ന്. പാട്ടിലെ ഇംഗ്ലീഷ് റാപ്പ് വരികള്‍ എഴുതി, പാടിയത് ഷെല്‍ട്ടണ്‍ പിനെയ്‌റോ. മലയാളം റാപ്പ് വരികള്‍ എഴുതി പാടിയിരിക്കുന്നത് തിരുമാലി.

ചിത്രത്തില്‍ റിട്ട. മേജര്‍ ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചിരിക്കുന്നത്. 'ഡ്രീംസ്' എന്ന സിനിമയിലെ ഗാനരംഗത്തിലൂടെ വന്നുചേര്‍ന്ന തന്റെ ട്രേഡ് മാര്‍ക്ക് സ്റ്റെപ്പ് സുരേഷ് ഗോപി ഈ ഗാനത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. സുരേഷ് ഗോപിക്കും ശോഭനയ്ക്കുമൊപ്പം ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനുമാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖറും എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് നിര്‍മ്മാണം.