Asianet News Malayalam

ഷാന്‍ റഹ്മാന്‍റെ ഈണത്തില്‍ വിനീതും ദിവ്യയും; 'സാറാസി'ലെ വീഡിയോ ഗാനം

ഡയറക്റ്റ് ഒടിടി റിലീസ് ആയി ജൂലൈ 5ന് ആമസോണ്‍ പ്രൈം വീഡിയോയില്‍

varavayi nee video song from saras
Author
Thiruvananthapuram, First Published Jun 27, 2021, 12:12 PM IST
  • Facebook
  • Twitter
  • Whatsapp

അന്ന ബെന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജൂഡ് ആന്‍റണി ജോസഫ് ചിത്രം 'സാറാസി'ലെ വീഡിയോഗാനം പുറത്തെത്തി. 'വരവായി നീ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ചേര്‍ന്നാണ്. ഇരുവരും ഒരുമിച്ച് ആദ്യമായാണ് സിനിമയില്‍ പിന്നണി പാടുന്നത്. ജോ പോളിന്‍റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ആണ് സംഗീതം. സണ്ണി വെയ്ന്‍ നായകനാവുന്ന ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് എത്തുന്നത്. ജൂലൈ 5നാണ് റിലീസ്.

സ്വതന്ത്ര സംവിധായികയാവാന്‍ ആഗ്രഹിക്കുന്ന അസോസിയേറ്റ് ഡയറക്ടര്‍ ആണ് ചിത്രത്തില്‍ അന്ന ബെന്‍ അവതരിപ്പിക്കുന്ന 'സാറ'യെന്ന കഥാപാത്രം. കൊവിഡ് കാലത്ത് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രമാണിത്. കൊവിഡ് കാലത്ത് ചിത്രീകരിച്ച സിനിമകളില്‍ കൂടുതലും ഇന്‍ഡോര്‍ രംഗങ്ങളാണെങ്കില്‍ നിരവധി ഔട്ട്ഡോര്‍ രംഗങ്ങളും ഇരുനൂറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ഉല്‍പ്പെടുത്തിയുമാണ് ജൂഡ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കൊച്ചി മെട്രോയിലും ലുലു മാളിലും വാഗമണിലുമൊക്കെ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. അതേസമയം കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചായിരുന്നു ചിത്രീകരണമെന്ന് അണിയറക്കാര്‍ അറിയിച്ചിരുന്നു.

അന്നബെന്നിനൊപ്പം അച്ഛന്‍ ബെന്നി പി നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ദിഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങി കൗതുകമുണര്‍ത്തുന്ന താരനിര്‍ണ്ണയവുമാണ് ചിത്രത്തിന്‍റേത്. ക്ലാസ്മേറ്റ്സ് അടക്കം മലയാളത്തിന് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാക്കളായ ശാന്ത മുരളിയും പി കെ മുരളീധരനുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രചന അക്ഷയ് ഹരീഷ്, ഛായാഗ്രഹണം നിമിഷ് രവി. ലൂസിഫര്‍, മാമാങ്കം മുതലായ സിനിമകളിലൂടെ ശ്രദ്ധേയനായ മോഹന്‍ദാസ് ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍.

എഡിറ്റിംഗ് റിയാസ് ബാദര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യര്‍, സൗണ്ട്‌ വിഷ്ണു ഗോവിന്ദ്- ശ്രീ ശങ്കര്‍ (സൗണ്ട് ഫാക്ടര്‍), പ്രോജക്ട് ഡിസൈനര്‍ ബിനു മുരളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് അര്‍ജുനന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ ബിബിന്‍ സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനീവ് സുകുമാര്‍, പിആര്‍ഒ ആതിര ദില്‍ജിത്ത്, സ്റ്റില്‍സ് സുഹൈബ്, ഡിസൈന്‍ 24എഎം. ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ എന്നീ ചിത്രങ്ങള്‍ക്കുശേഷം ജൂഡ് ആന്‍റണി ജോസഫ് വീണ്ടും സ്ത്രീകഥാപാത്രത്തിന് പ്രാധാന്യമുള്ള ചിത്രവുമായാണ് വരുന്നത് എന്നതും പ്രത്യേകതയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios