നേരം, പ്രേമം എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന 'പാട്ട്' എന്ന സിനിമക്കായ് വിജയ് യേശുദാസ് പാടുന്നു. വിനായക് ശശികുമാറിന്റെ രചനയിലുള്ള ​ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നതും അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ്. പ്രേമത്തിലെ  വിജയ് യേശുദാസ് പാടിയ മലരേ എന്ന് തുടങ്ങുന്ന ഗാനം വൻ ഹിറ്റായിരുന്നു.

ചിത്രീകരണമാരംഭിക്കുന്ന പാട്ടിൽ ഫഹദ് ഫാസിലും നയന്‍താരയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 
സം​ഗീതത്തിന് പ്രാധാന്യമുള്ള ചിത്രമാണിത്. ചിത്രത്തിനായി നീരജ് മാധവ് പാടുന്ന ഗാനത്തിന്റെ റെക്കോര്‍ഡിംഗ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. 

പ്രേമം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് പുതിയ ചിത്രം അൽഫോൺസ് പ്രഖ്യാപിച്ചത്. സംഗീതം പശ്ചാത്തലമാവുന്ന സിനിമയ്ക്കായുള്ള തയ്യാറെടുപ്പിനായി താന്‍ സംഗീതം പഠിച്ചുകൊണ്ടിരിക്കുന്ന വിവരം അല്‍ഫോന്‍സ് നേരത്തെ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. ഇരുള്‍, ജോജി എന്നീ സിനിമകളാണ് ഫഹദിന്റെ ഇനി പുറത്തു വരാനിരിക്കുന്നത്. നയന്‍താര നിഴല്‍ എന്ന സിനിമക്ക് ശേഷം അഭിനയിക്കുന്ന മലയാളം ചിത്രം കൂടിയാണ്.