മങ്കൊമ്പ് ഗോപാലകൃഷ്‍ണന്‍റെ വരികള്‍ക്ക് എം എം കീരവാണി സംഗീതം പകര്‍ന്ന ഗാനം


'ബാഹുബലി' രണ്ട് ഭാഗങ്ങള്‍ക്കു ശേഷം എസ് എസ് രാജമൗലി ഒരുക്കുന്ന ചിത്രം എന്ന നിലയ്ക്ക് വലിയ വാര്‍ത്താപ്രാധാന്യം നേടിയ പ്രോജക്റ്റ് ആണ് 'ആര്‍ആര്‍ആര്‍'. ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍, അലിയ ഭട്ട്, സമുദ്രക്കനി, ശ്രിയ ശരണ്‍, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍ തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നുണ്ട്. പ്രീ-റിലീസ് ബിസിനസിലൂടെ വന്‍ നേട്ടമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചിത്രം മലയാളമുള്‍പ്പെടെയുള്ള ഭാഷകളിലാണ് തിയറ്ററുകളില്‍ എത്തുക. ഇപ്പോഴിതാ ചിത്രത്തിലെ ഒരു മലയാളഗാനം ആലപിച്ചതിന്‍റെ ആവേശം പങ്കുവെക്കുകയാണ് വിജയ് യേശുദാസ്.

മങ്കൊമ്പ് ഗോപാലകൃഷ്‍ണന്‍റെ വരികള്‍ക്ക് എം എം കീരവാണി സംഗീതം പകര്‍ന്ന ഗാനമാണ് വിജയ് യേശുദാസ് ആലപിച്ചിരിക്കുന്നത്. 'പ്രിയം' എന്നാണ് ഗാനത്തിന്‍റെ പേര്. ഗാനം ഓഗസ്റ്റ് ഒന്നിന് പ്രേക്ഷകരിലേക്ക് എത്തും. ഗായകനെയും സംഗീത സംവിധായകനെയുമൊക്കെ ഉള്‍പ്പെടുത്തി പ്രത്യേകമായി ചിത്രീകരണം നടത്തിയാണ് മ്യൂസിക് വീഡിയോ പുറത്തെത്തുന്നതെന്നും സിനിമാമേഖലയില്‍ ഇത് പുതുമയാണെന്നും വിജയ് യേശുദാസ് പറയുന്നു.

ബാഹുബലി ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ രചയിതാവും രാജമൗലിയുടെ പിതാവുമായ കെ വി വിജയേന്ദ്ര പ്രസാദ് ആണ് ആര്‍ആര്‍ആറിന്‍റെയും രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഡിവിവി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ ഡിവിവി ദനയ്യയാണ് നിര്‍മ്മാണം. ഛായാഗ്രഹണം കെ കെ സെന്തില്‍ കുമാര്‍. പ്രൊഡക്ഷന്‍ ഡിസൈന്‍ സാബു സിറിള്‍. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. തിയറ്റര്‍ അവകാശം വിറ്റതിലൂടെമാത്രം ചിത്രം 570 കോടിയോളം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona