റിസര്‍വ് ബാങ്ക് പലിശനിരക്കില്‍ മാറ്റം വരുത്താത്തതിനാല്‍ നിലവിലെ ഭവനവായ്പ തിരിച്ചടവില്‍ വര്‍ദ്ധനവുണ്ടാകില്ല. പുതിയതായി വീട് വാങ്ങുന്നവര്‍ക്ക് ഇത് അനുകൂല സമയമാണെന്നും, ഉയര്‍ന്ന പലിശയുള്ളവര്‍ക്ക് കുറഞ്ഞ പലിശയുള്ള ബാങ്കുകളിലേക്ക് മാറാന്‍ അവസരമുണ്ടെന്നും സാമ്പത്തിക വിദഗ്ദർ പറയുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പലിശനിരക്കില്‍ വരുത്തിയ തുടര്‍ച്ചയായ കുറവുകള്‍ക്ക് ശേഷം, നിലവിലെ അതേ പലിശ നിരക്ക് തുടരാനാണ് റിസര്‍വ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ വായ്പ എടുത്തവരുടെ വായ്പകളില്‍ അതുകൊണ്ട് തന്നെ ഇതിന്റെ പ്രതിഫലനം ഉണ്ടാകില്ല. മിക്ക ബാങ്കുകളുടെയും ഭവനവായ്പ നിരക്കുകള്‍ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍, റിപ്പോ നിരക്ക് മാറാത്ത സാഹചര്യത്തില്‍ പ്രതിമാസ തിരിച്ചടവില്‍ വര്‍ദ്ധനവുണ്ടാകില്ല. ബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്താന്‍ സാധ്യതയില്ലാത്തത് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണ്.
2025-ന്റെ തുടക്കം മുതല്‍ ഇതുവരെ റിപ്പോ നിരക്കില്‍ മൊത്തം 1.25 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. ഇതിന്റെ ഗുണം വായ്പക്കാര്‍ക്ക് ഇതിനകം തന്നെ ലഭിക്കുന്നുണ്ട്.
ഉദാഹരണത്തിന്, 50 ലക്ഷം രൂപ 20 വര്‍ഷത്തെ കാലാവധിയില്‍ വായ്പ എടുത്ത ഒരാള്‍ക്ക് മുന്‍പത്തെ നിരക്കിനെ അപേക്ഷിച്ച് പലിശ ഇനത്തില്‍ മാത്രം ഏകദേശം 9 ലക്ഷം രൂപയുടെ ലാഭം ലഭിക്കുമെന്നാണ് കണക്കുകള്‍. ഇവരുടെ മാസ ഇഎംഐയില്‍ 3,800 രൂപ മുതല്‍ 4,000 രൂപ വരെ കുറവുണ്ടാകാനും ഈ നിരക്ക് മാറ്റങ്ങള്‍ സഹായിച്ചിട്ടുണ്ട്.
പുതിയതായി വീട് വാങ്ങുന്നവര്‍ ശ്രദ്ധിക്കാന്‍
പുതിയതായി വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇത് അനുകൂല സമയമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
നിലവില്‍ ഭവനവായ്പ നിരക്കുകള്‍ 7.25% മുതല്‍ 7.5% വരെ എന്ന ആകര്‍ഷകമായ നിലവാരത്തിലാണ്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി വീടുകളുടെ വിലയിലും വലിയ വര്‍ദ്ധനവില്ലാത്തത് വാങ്ങുന്നവര്‍ക്ക് ഗുണകരമാണ്.
വായ്പ ഉള്ളവര്‍ എന്തുചെയ്യണം?
നിലവില്‍ ഉയര്‍ന്ന പലിശ നല്‍കുന്നവര്‍ 'ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍' വഴി കുറഞ്ഞ പലിശയുള്ള ബാങ്കുകളിലേക്ക് മാറുന്നതിനെക്കുറിച്ച് ആലോചിക്കാം. വരുമാനം കൂടുന്നതനുസരിച്ച് ഇഎംഐ തുക വര്‍ദ്ധിപ്പിക്കുകയോ അല്ലെങ്കില്‍ വായ്പയുടെ തുടക്കകാലത്ത് തന്നെ ചെറിയ തിരിച്ചടവുകള്‍ നടത്തുകയോ ചെയ്യുന്നത് പലിശ ഭാരം വന്‍തോതില്‍ കുറയ്ക്കാന്‍ സഹായിക്കും. വരും മാസങ്ങളിലെ പണപ്പെരുപ്പവും ആഗോള സാമ്പത്തിക മാറ്റങ്ങളും കണക്കിലെടുത്തായിരിക്കും റിസര്‍വ് ബാങ്കിന്റെ അടുത്ത നടപടികള്‍. എങ്കിലും തല്‍ക്കാലം പലിശഭാരം കൂടില്ലെന്ന ഉറപ്പില്‍ വായ്പക്കാര്‍ക്ക് സമാധാനിക്കാം.


