ഇന്ത്യയിലെ അതിസമ്പന്നർ ഉപയോഗിക്കുന്ന, ലക്ഷങ്ങൾ വാർഷിക ഫീസ് ഈടാക്കുന്ന സൂപ്പർ പ്രീമിയം ക്രെഡിറ്റ് കാർഡുകളുണ്ട്. സാധാരണ ആനുകൂല്യങ്ങൾക്ക് പകരം പ്രൈവറ്റ് ജെറ്റ് ഡിസ്‌കൗണ്ടുകൾ, എലൈറ്റ് ഹോട്ടൽ മെമ്പർഷിപ്പുകൾ തുടങ്ങിയ ആഡംബര സൗകര്യങ്ങളാണ് ഈ 'ഇൻവൈറ്റ്-ഒൺലി' കാർഡുകൾ വാഗ്ദാനം ചെയ്യുന്നത്.
ഗ്രാമി അവാർഡ്‌സ് പ്രീ-സെയിൽ ടിക്കറ്റുകൾ, പ്രൈവറ്റ് ചാർട്ടർ വിമാനങ്ങളിൽ ഡിസ്‌കൗണ്ട്, എയർപോർട്ടുകളിൽ ടാർമാക് ട്രാൻസ്ഫർ (tarmac transfers), സൗജന്യ ലക്ഷ്വറി ക്രൂയിസ് യാത്രകൾ...സാധാരണക്കാർക്ക് സ്വപ്നം കാണാൻ പോലും പറ്റാത്ത ഈ സൗകര്യങ്ങൾ ക്രെഡിറ്റ് കാർഡ് ഓഫറായി നൽകുന്നതിനെക്കുറിച്ച് ആലോചിച്ച് നോക്കൂ. സംഗതി സത്യമാണ്. ഇന്ത്യയിൽ പണക്കാർ ഉപയോഗിക്കുന്നുണ്ട് ഇത്തരം ക്രെഡിറ്റ് കാർഡുകൾ. ക്രെഡിറ്റ് കാർഡുകൾ ഇന്ന് പണമിടപാടുകൾ നടത്താനുള്ള ഒരു സാമ്പത്തിക ഉപകരണം മാത്രമല്ല അതിസമ്പന്നരുടെ ആഡംബര ജീവിതത്തിലേക്കുള്ള ഒരു 'ആക്സസ് പാസ്' കൂടിയാണ്.

അതിസമ്പന്നർ, ബിസിനസ് മാഗ്നറ്റുകൾ എന്നിവരെ ലക്ഷ്യമിട്ടാണ് ലക്ഷക്കണക്കിന് രൂപ വാർഷിക ഫീസ് ഈടാക്കുന്ന ഈ കാർഡുകൾ ഇറക്കുന്നത്. പലതും 'ഇൻവൈറ്റ്-ഒൺലി' (ബാങ്ക് നേരിട്ട് ക്ഷണിക്കുന്നവർക്ക് മാത്രം) വിഭാഗത്തിൽപ്പെടുന്നവയാണ്. സാധാരണ കാർഡുകളിലെപ്പോലെ ക്യാഷ്ബാക്കുകൾ നൽകുന്നതിന് പകരം, എലൈറ്റ് ഹോട്ടൽ മെമ്പർഷിപ്പുകൾ, ഗോൾഫ് പ്രിവിലേജുകൾ തുടങ്ങിയ സേവനങ്ങളിന്മേലാണ് ബാങ്കുകൾ ഇപ്പോൾ മത്സരിക്കുന്നത്.
ഉയർന്ന വരുമാനമുള്ളവർക്കും ബാങ്കുകളിൽ വലിയ നിക്ഷേപമുള്ളവർക്കും വേണ്ടിയാണ് ഇത്തരം സൂപ്പർ പ്രീമിയം ക്രെഡിറ്റ് കാർഡുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് പൈസാബസാർ (Paisabazaar) സിഇഒ സന്തോഷ് അഗർവാൾ പറയുന്നു. ഈ കാർഡുകളിലെ യാത്രാ-ആഡംബര ആനുകൂല്യങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്താൻ കഴിയുന്നവർക്ക് മാത്രമേ വലിയ വാർഷിക ഫീസ് നൽകുന്നത് ലാഭകരമാകൂ എന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചില ക്രെഡിറ്റ് കാർഡുകളും അവ നൽകുന്ന ആഡംബര സൗകര്യങ്ങളും നോക്കാം.
1. ആക്സിസ് പ്രൈമസ് ക്രെഡിറ്റ് കാർഡ് (Axis Primus Credit Card)
ഇന്ത്യയിലെ തന്നെ ഏറ്റവും എക്സ്ക്ലൂസീവ് ആയ കാർഡുകളിൽ ഒന്നാണിത്. കാർഡിന്റെ ജോയിനിംഗ് ഫീസ് 5 ലക്ഷം രൂപയും, വാർഷിക ഫീസ് 3 ലക്ഷം രൂപയുമാണ്. പാർട്ണർ എയർലൈൻസുകളിൽ ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ ബിസിനസ് ക്ലാസ് ടിക്കറ്റുകൾ എടുക്കുമ്പോൾ നാല് സൗജന്യ കമ്പാനിയൻ ടിക്കറ്റുകൾ (കൂടെ യാത്ര ചെയ്യുന്നവർക്കുള്ള ടിക്കറ്റ്) ലഭിക്കും. കൂടാതെ അൺലിമിറ്റഡ് ഇന്റർനാഷണൽ ഗോൾഫ് ആക്സസ്, സീറോ ഫോറെക്സ് മാർക്കപ്പ് ഫീ എന്നിവയും ഓഫറായി ലഭിക്കും.
2. എച്ച്എസ്ബിസി താജ് ക്രെഡിറ്റ് കാർഡ് (HSBC Taj Credit Card)
ആഡംബര താമസ സൗകര്യങ്ങൾക്കും പ്രീമിയം യാത്രകൾക്കുമാണ് ഈ കാർഡ് പ്രാധാന്യം നൽകുന്നത്. ഇതിന്റെ വാർഷിക ഫീസ് 1.1 ലക്ഷം രൂപയാണ്. കാർഡ് കയ്യിലുണ്ടെങ്കിൽ 'താജ് ഇന്നർ സർക്കിൾ പ്ലാറ്റിനം നൂപാസ്' മെമ്പർഷിപ്പ് ലഭിക്കും. ഇതിലൂടെ താജ് ഹോട്ടലുകളിൽ റൂം അപ്‌ഗ്രേഡുകളും മുൻഗണനാ ചെക്ക്-ഇന്നുകളും സാധ്യമാകും. കൂടാതെ താജ് പ്രോപ്പർട്ടികളിലെ ബുക്കിംഗുകൾക്ക് 25 ശതമാനം വരെ ഇളവും ലഭിക്കും.
3. അമേരിക്കൻ എക്സ്പ്രസ് പ്ലാറ്റിനം കാർഡ് (American Express Platinum Card)
ആഗോളതലത്തിലുള്ള പ്രീമിയം അനുഭവങ്ങൾക്കും വിഐപി പരിപാടികൾക്കുമാണ് ഈ കാർഡ് പ്രശസ്തമാകുന്നത്. 66,000 രൂപയാണ് ഇതിന്റെ വാർഷിക ഫീസ്. ഫാഷൻ വീക്കുകൾ, വലിയ കൺസേർട്ടുകൾ, ഗ്രാമി അവാർഡ്സ് (Grammy Awards) തുടങ്ങിയ അന്താരാഷ്ട്ര പരിപാടികളുടെ പ്രീ-സെയിൽ ടിക്കറ്റുകളും വിഐപി പാസുകളും ഇതിലൂടെ സ്വന്തമാക്കാം.
4. ആക്സിസ് ബാങ്ക് ബർഗണ്ടി പ്രൈവറ്റ് ക്രെഡിറ്റ് കാർഡ് (Axis Bank Burgundy Private)
ഈ കാർഡിന്റെ വാർഷിക ഫീസ് 50,000 രൂപയാണ് (ബർഗണ്ടി പ്രൈവറ്റ് അക്കൗണ്ട് ഉടമകൾക്ക് ഇത് സൗജന്യമാണ്). എയർപോർട്ടുകളിൽ അൺലിമിറ്റഡ് ലോഞ്ച് ആക്സസ്, സീറോ ഫോറെക്സ് മാർക്കപ്പ് ഫീ എന്നിവ ലഭിക്കും. കൂടാതെ ക്ലബ് മാരിയറ്റ്, ആക്കോർ പ്ലസ്, താജ് എപ്പിക്യൂർ എന്നിവയിലേക്ക് സൗജന്യ അംഗത്വവും ലഭിക്കും.
5. ഐഡിഎഫ്സി ഫസ്റ്റ് പ്രൈവറ്റ് ക്രെഡിറ്റ് കാർഡ് (IDFC FIRST Private)
യാത്രകൾക്കും ഉയർന്ന ലൈഫ്സ്റ്റൈൽ അനുഭവങ്ങൾക്കുമായി 50,000 രൂപ വാർഷിക ഫീസോടെ സ്വന്തമാക്കാവുന്ന കാർഡാണിത്. അൺലിമിറ്റഡ് ഇന്റർനാഷണൽ എയർപോർട്ട് ലോഞ്ച്, സ്പാ (Spa) ആക്സസ് എന്നിവ ലഭിക്കും. ആദ്യ 6 മാസത്തിനുള്ളിൽ 15 ലക്ഷം രൂപ ചിലവഴിച്ചാൽ 'താജ് എക്സ്പീരിയൻസ് സിഗ്നേച്ചർ' ഡൈനിംഗ് വൗച്ചറും സ്വന്തമാക്കാം.
6. ആക്സിസ് റിസർവ് ക്രെഡിറ്റ് കാർഡ് (Axis Reserve Credit Card)
50,000 രൂപ വാർഷിക ഫീസുള്ള ഈ കാർഡ് പ്രീമിയം യാത്രാ ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. അൺലിമിറ്റഡ് ലോഞ്ച് ആക്സസ്, വർഷത്തിൽ 50 സൗജന്യ ഗോൾഫ് റൗണ്ടുകൾ, ഐടിസി കുലിനെയർ, ക്ലബ് മാരിയറ്റ് ഏഷ്യ പസഫിക് എന്നിവയിലേക്ക് സൗജന്യ അംഗത്വം കൂടാതെ അന്താരാഷ്ട്ര ചെലവുകൾക്ക് 1.5% മാത്രമാണ് ഫോറെക്സ് മാർക്കപ്പ് ഫീയും വാഗ്ദാനങ്ങളിൽപ്പെടുന്നു.
7. യെസ് പ്രൈവറ്റ് ക്രെഡിറ്റ് കാർഡ് (YES Private Credit Card)
50,000 രൂപ ജോയിനിംഗ് ഫീസും 10,000 രൂപ വാർഷിക ഫീസുമുള്ള ഈ കാർഡ് ആഡംബര യാത്രകൾക്കായി പ്രത്യേകം തയ്യാറാക്കിയതാണ്.'എയർപോർട്ട് ബൈ ഇൻവിറ്റേഷൻ' എന്ന സർവീസ് വഴി വിമാനത്താവളങ്ങളിൽ പ്രൈവറ്റ് ലോഞ്ചുകളും ടാർമാക് ട്രാൻസ്ഫറും (വിമാനത്തിനടുത്തേക്ക് നേരിട്ടുള്ള വാഹനം) ലഭ്യമാകും. കൂടാതെ പ്രൈവറ്റ് ചാർട്ടർ വിമാന ബുക്കിംഗുകളിൽ 1,000 ഡോളർ വരെ ലാഭിക്കാം.
ആഡംബരത്തിന് പിന്നിലെ യാഥാർത്ഥ്യം
ഈ കാർഡുകൾ ആഡംബരത്തിന്റെ അടയാളമായി മാത്രം കാണരുതെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇതിലൂടെ ലഭിക്കുന്ന വൻ ആനുകൂല്യങ്ങൾ പൂർണ്ണമായി പ്രയോജനപ്പെടുത്തണമെങ്കിൽ വലിയ തുകകൾ വർഷത്തിൽ ചിലവഴിക്കേണ്ടതുണ്ട്. അതിസമ്പന്നരായ ഉപഭോക്താക്കൾക്കായി ബാങ്കുകൾ മത്സരിക്കുമ്പോൾ, ക്രെഡിറ്റ് ലിമിറ്റിനേക്കാൾ ഉപരി എക്സ്ക്ലൂസീവ് അനുഭവങ്ങളാണ് ഇവിടെ വിൽക്കപ്പെടുന്നത്. എന്നാൽ ഈ ആനുകൂല്യങ്ങൾ നിങ്ങൾ എത്രത്തോളം ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഈ കാർഡുകളുടെ യഥാർത്ഥ മൂല്യം.


