Asianet News Malayalam

തിമിര ശസ്ത്രക്രിയയ്ക്ക് 40,000 രൂപ മാത്രമോ?, രാജ്യത്ത് നിലവിലുളള ആരോഗ്യ സഞ്ജീവനി പോളിസിയെ അടുത്തറിയാം !

29 ഓളം ഇന്‍ഷുറന്‍സ് കമ്പനികള്‍ ഐആര്‍ഡിഎഐ നല്‍കിയ മാതൃക വ്യവസ്ഥകളും വാചകങ്ങളുമാണ് ആരോഗ്യ സഞ്ജീവനി മെഡിക്കല്‍ പോളിസികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

all about arogya sanjeevani health policy by c s renjit
Author
Thiruvananthapuram, First Published Apr 24, 2020, 4:05 PM IST
  • Facebook
  • Twitter
  • Whatsapp

സ്വകാര്യ കമ്പനികളെപ്പോലെ പറ്റിക്കില്ലല്ലോ എന്ന ആശ്വാസത്തിലാണ് ജോണ്‍ എബ്രഹാം തന്റേയും ഭാര്യയുടേയും പേരില്‍ ഒരു പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും ഹെല്‍ത്ത് പോളിസി വാങ്ങിയത്. ഭാര്യയ്ക്ക് ഒരു അടിയന്തര ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍  കിടക്കേണ്ടി വന്നപ്പോള്‍ ഇന്‍ഷുറന്‍സ് ഉണ്ടല്ലോ എന്നതായിരുന്നു ആശ്വാസം. കമ്പനിയെ വിളിച്ചപ്പോള്‍ ബില്ല് ഉള്‍പ്പെടെ ക്ലെയിം കൊടുക്കാനാണ് ആവശ്യപ്പെട്ടത്. ക്ലെയിം നല്‍കി പണത്തിനായി കാത്ത് നിന്ന ജോണിന് കമ്പനിയുടെ ഒരു കത്താണ് ലഭിച്ചത്. ആശുപത്രിയില്‍ നല്‍കിയ മുറി വാടക പോളിസി പ്രകാരം അനുവദിക്കാവുന്നതിന്റെ ഇരട്ടി ആയതിനാല്‍ പകുതി മാത്രമേ നല്‍കാനാവൂ. മാത്രമല്ല, അര്‍ഹമായ മറ്റ് ചെലവുകളും വാടക കുറച്ച അതെ അനുപാതത്തില്‍ മാത്രമേ അനുവദിക്കാനാവൂ. ചുരുക്കി പറഞ്ഞാല്‍ ആശുപത്രിയില്‍ ചെലവായ തുകയുടെ ഏതാണ്ട് പകുതിയോളം മാത്രം പ്രതീക്ഷിച്ചാല്‍ മതി. ആശുപത്രിയില്‍ ബില്‍ അടയ്ക്കാന്‍ പണയം വച്ച ഭാര്യയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ എങ്ങനെ തിരിച്ചെടുക്കും. 

പരാതികള്‍ പെരുകിയതോടെ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) പ്രശ്‌നപരിഹാരത്തിനായി 2019 സെപ്തംബര്‍ മാസത്തില്‍ ആരംഭിച്ച പരിഷ്‌ക്കാരങ്ങളാണ് ഈ ഏപ്രില്‍ ഒന്നിന് ആരോഗ്യ സഞ്ജീവനി പോളിസി എന്ന പേരില്‍ പുറത്തിറങ്ങിയിരിക്കുന്നത്. 

29 ഓളം ഇന്‍ഷുറന്‍സ് കമ്പനികള്‍ ഐആര്‍ഡിഎഐ നല്‍കിയ മാതൃക വ്യവസ്ഥകളും വാചകങ്ങളുമാണ് ആരോഗ്യ സഞ്ജീവനി മെഡിക്കല്‍ പോളിസികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ ഒറ്റമൂലി മെഡിക്കല്‍ പോളിസിയില്‍ ജോണ്‍ എബ്രഹാമിനെ വെട്ടിലാക്കിയ കര്‍ക്കശ നിബന്ധന അതേ പോലെ നിലനില്‍ക്കുന്നു.

പോളിസി എടുക്കുമ്പോള്‍ കമ്പനികള്‍ വലിയ ലോഹ്യത്തിലായിരിക്കും. ക്ലെയിമുമായി ചെല്ലുമ്പോഴാണ് കുഞ്ഞക്ഷരങ്ങളില്‍ ഒളിപ്പിച്ചുവച്ച ചട്ടങ്ങളും ന്യായങ്ങളും പുറത്തെടുത്ത് കൊഞ്ഞനം കാട്ടുക.

നിങ്ങൾക്ക് കാത്തിരിക്കാൻ ക്ഷമയുണ്ടോ?

കാത്തിരിക്കാന്‍ ക്ഷമയുള്ളവര്‍ മാത്രം ആരോഗ്യ സഞ്ജീവനി പോളിസി വാങ്ങിയാല്‍ മതി. ഒരു വര്‍ഷ കാലാവധിയുള്ള പോളിസി വര്‍ഷംതോറും  പ്രിമീയം അടച്ച് ലാപ്‌സ് ആകാതെ പുതുക്കണം. ഗര്‍ഭാശയം നീക്കം ചെയ്യുന്ന ഹിസ്ട്രക്ടമി, വയറ്റിനുള്ളിലുണ്ടാകുന്ന അള്‍സറുകള്‍, നട്ടെല്ലിലെ കശേരുക്കള്‍ സ്ഥാനം തെറ്റിയുണ്ടാകുന്ന നടുവേദന തുടങ്ങി  പോളിസിയില്‍ പേരെടുത്ത് പറഞ്ഞിരിക്കുന്ന ഇരുപതോളം അസുഖങ്ങള്‍ക്ക് മൂന്നാം വര്‍ഷത്തെ പ്രിമീയം കൂടി അടച്ചശേഷമേ ക്ലെയിം ലഭിക്കുകയുള്ളൂ. ജലദോഷം, തൊണ്ടവേദന, ചെവി പഴുപ്പ് എന്നിങ്ങനെ  സാധാരണയായുണ്ടാകുന്ന ഇഎന്‍ടി രോഗങ്ങള്‍ക്കും ഇത്രയും കാത്തിരിപ്പ് തന്നെ വേണം.

ഇനി കാല്‍മുട്ടെങ്ങാനും ഇന്‍ഷുറന്‍സ് സഹായത്താല്‍ മാറ്റിവയ്ക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതിനായി കാത്തിരിക്കേണ്ടത് നീണ്ട നാല് വര്‍ഷങ്ങളാണ്. 

തീര്‍ന്നില്ല, രണ്ട് കൊല്ലം കാത്തിരുന്നു കാറ്ററാക്ട് ഓപ്പറേഷന്‍ നടത്തി കണ്ണ് ഒന്ന് തെളിയിക്കണമെങ്കില്‍ സംഅഷ്വേര്‍ഡ് തുകയുടെ നാലില്‍ ഒന്ന് അല്ലെങ്കില്‍ 40,000 രൂപ ഇതില്‍ ഏതാണ് കുറവ് മാത്രമായിരിക്കും അനുവദിക്കുന്ന ക്ലെയിം.

കമ്പനി അനുവദിക്കുന്ന എല്ലാ ക്ലെയിമുകളിലും അഞ്ച് ശതമാനം പോളിസി എടുത്തയാള്‍ സ്വയം വഹിച്ച് കൊള്ളണം.

നിലവിലുള്ള പല പോളിസികളിലും രണ്ടാം വര്‍ഷം മുതല്‍ ലഭിക്കുമായിരുന്ന കവറേജ് മൂന്നാം വര്‍ഷത്തേയ്ക്ക് ഒറ്റയടിയ്ക്ക് മാറ്റി. ദോഷം പറയരുതല്ലോ കുറച്ച് കാത്തിരിക്കണമെങ്കിലും പല മുന്‍ പോളിസികളിലും ഉള്‍പ്പെടുത്താതിരുന്ന അസുഖങ്ങള്‍ ആരോഗ്യ സഞ്ജീവനിയില്‍ കൂട്ടി ചേര്‍ത്തിട്ടുണ്ട്.

നാല് വര്‍ഷം വരെ ഭൂതകാലം ചികയും കമ്പനികൾ

ക്ലെയിമുമായി ചെല്ലുമ്പോള്‍ പോളിസി എടുക്കുന്നതിന് മുമ്പെ ഉണ്ടായിരുന്ന അസുഖമാണെന്ന് പറഞ്ഞ് തിരിച്ചയയ്ക്കുന്ന രീതിയ്ക്ക് ആരോഗ്യ സഞ്ജീവനിയില്‍ മറുമരുന്ന് ഉള്‍പ്പെടുത്തിയിരിക്കുന്നു. പോളിസി തീയതിക്ക് നാല് വര്‍ഷം മുമ്പുവരെ ഒരു അംഗീകൃത ചികിത്സകന്‍ കണ്ടെത്തി ചികിത്സ നിര്‍ദ്ദേശിക്കുകയോ ചികിത്സിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ ആ അസുഖം മുമ്പ് ഉണ്ടായിരുന്നതായിരുന്നു എന്ന് കമ്പനിക്ക് പറയാനാകൂ. ഓരോ ക്ലെയിമിലും നാല് വര്‍ഷം വരെ ഭൂതകാലം ചികയാന്‍ കമ്പനികള്‍ ശ്രമിക്കുക സ്വാഭാവികം. 

ആരോഗ്യ സഞ്ജീവനി പോളിസി എടുത്ത് മൂന്ന് മാസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാക്കിക്കൊണ്ട് ഏതെങ്കിലും അസുഖങ്ങള്‍ക്ക് ചികിത്സ വേണ്ടി വന്നാല്‍ അത് മുമ്പ് ഉണ്ടായിരുന്ന അസുഖമാണെന്ന് തീര്‍ച്ചപ്പെടുത്തി ക്ലെയിം കിട്ടില്ല.

തുടര്‍ച്ചയായി എട്ട് വര്‍ഷം പ്രിമീയം അടച്ച് ലാപ്‌സാകാതെ ആരോഗ്യ സഞ്ജീവനി പോളിസി നിലനിര്‍ത്താന്‍ ക്ഷമയും സാമ്പത്തികവും ഉള്ളവര്‍ക്ക് പിന്നീട് അങ്ങോട്ട് ചോദ്യങ്ങളൊന്നുമില്ലാതെ ക്ലെയിം പാസ്സാക്കി തരും. ആദ്യ പോളിസിയുടെ സംഅഷ്വേര്‍ഡ് തുകയ്ക്ക് മാത്രമായിരിക്കും ഇതുപോലൊരു മൊറട്ടോറിയം കഴിഞ്ഞ ശുക്രകാലം.

- സി എസ് രഞ്ജിത് (ലേഖകൻ പ്രമുഖ വ്യക്തിഗത സാമ്പത്തിക കാര്യ വിദഗ്ധനാണ്) 

Follow Us:
Download App:
  • android
  • ios