ശമ്പളം ലഭിക്കുമ്പോൾ ചെലവ് കുറയ്ക്കുമെന്ന് തീരുമാനിക്കുകയും എന്നാൽ അത് പാലിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്ന ആളാണോ നിങ്ങൾ? ഇത്തരക്കാർക്ക് ഓവർ സ്പെൻഡിംഗ് കുറക്കാനും സാമ്പത്തിക അച്ചടക്കം വളർത്താനുമുള്ള ചില പ്രാക്ടിക്കൽ വഴികൾ നോക്കാം..

ഇത് മുൻപത്തെ പോലെ അല്ല, സാലറി കയ്യിൽക്കിട്ടുമ്പോൾ ഈ മാസം ഞാനെന്തായാലും ചിലവ് കുറക്കും, ചെറുതായെങ്കിലും സേവിംഗ്സ് തുടങ്ങുമെന്ന് പറയുന്ന ആളാണോ നിങ്ങൾ? അല്ലെങ്കിൽ ഇങ്ങനെ പറയുന്ന ഒരു കൂട്ടുകാരനെങ്കിലും നിങ്ങൾക്കുണ്ടാകുമെന്നുറപ്പാണ്. എന്നാൽ പലരുടെയും ഈ പ്രഖ്യാപനത്തിന് ഒരാഴ്ച്ച പോലും ആയുസുണ്ടാകാറുമില്ല. ഉത്തരവാദിത്തമില്ലാത്ത ആളുകളാണിങ്ങനെയെന്ന് പൊതുവിൽ ഇവരെ മുദ്ര കുത്താറുണ്ട്. എന്നാൽ അത് അങ്ങനെയല്ല. നമ്മുടെ ശീലങ്ങൾ, മൂഡ്, ഡെയ്ലി റുട്ടീൻ എല്ലാം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. സാമ്പത്തിക അച്ചടക്കമെന്നാൽ പണം സമ്പാദിക്കുക മാത്രമല്ല, ചെലവാക്കുന്ന പണം എന്തിനു വേണ്ടിയാണെന്ന് മനസിലാക്കി ചെലവഴിക്കുകയും അനാവശ്യമെന്ന് തോന്നുന്നതിനെ മാറ്റാൻ കഴിവുണ്ടാക്കുക കൂടിയാണ്. കുറച്ച് നല്ല ശീലങ്ങൾ വളർത്താൻ നോക്കിയാലോ ?

ചെലവുകൾ കുറിച്ചിടാം

ഇതിന്റെ ഏറ്റവും ബേസിക് നമ്മുടെ ചെലവുകളും അതിന് ചെലവാക്കേണ്ടി വന്ന പണത്തിന്റെ കൃത്യമായ കണക്കും മനസിലാക്കുക എന്നതാണ്. അത് എത്ര ചെറുതായാലും എഴുതി വക്കുകയോ എവിടെയെങ്കിലും സേവ് ചെയ്ത് വക്കുകയോ ചെയ്യാം. സ്നാക്സ്, ചെറിയ ടാക്‌സി യാത്രകൾ, ഡിജിറ്റൽ സബ്‌സ്‌ക്രിപ്ഷനുകൾ, ഓൺലൈൻ ഡീലുകൾ തുടങ്ങി ഒരു ചോക്ലേറ്റ് വാങ്ങുന്നതാണെങ്കിൽപ്പോലും അന്ന് രാത്രി കിടക്കും മുണപ് ഓർത്ത് എഴുതി വക്കുക. ഇത് ഏത് സെക്ടറിൽ , എത്ര പണം ചിലവാക്കി, ഏത് നിയന്ത്രിക്കണമെന്ന ധാരണ നിങ്ങൾക്ക് തരും. മാസാമാസം ഇത് കൃത്യമായി ട്രാക്ക് ചെയ്യുക.

എളുപ്പ വഴികൾ വേണ്ട

പണം സ്പെൻഡ് ചെയ്യുക എന്നത് ഇന്നത്തെക്കാലത്ത് ടെക്നിക്കലി വളരെ എളുപ്പമാണ്. ഒരു സ്വൈപ്പ്, അല്ലെങ്കിൽ ക്ലിക്ക് വഴി പണം പോകും. എന്നാൽ ഇതിന് ചെറിയ തടസം ബോധപൂർവ്വം നമുക്ക് തന്നെ സൃഷ്ടിക്കാം. ഒരേ ഒരു ഷോപ്പിംഗ് ആപ്പ് മാത്രം ഉപയോഗിക്കുക, സൈറ്റുകളിൽ സേവ് ചെയ്ത കാർഡുകൾ ഓഫ് ചെയ്യുക, ഒരു സാധനം വാങ്ങുന്നതിന് മുൻപ് അത് ഒന്നോ, രണ്ടോ ദിവസത്തേക്ക് നീട്ടി വക്കുക, ഓട്ടോമാറ്റിക് അല്ലാതെ ഓരോ തവണയും കാർഡ് നമ്പർ ടൈപ്പ് ചെയ്യുക എന്നിങ്ങനെയുള്ള മാർഗങ്ങൾ സ്വീകരിക്കാം. ഇതുപോലുള്ള ചെറിയ അസൗകര്യങ്ങൾ വരുത്തുന്നത് സ്പെൻഡിംഗിനെ ഒരു പരിധി വരെ കുറക്കും.

ഇമോഷണൽ സ്പെൻഡിംഗ്

ഇമോഷണൽ സ്പെൻഡിംഗും ആവശ്യ ചെലവുകളും കൃത്യമായി തരം തിരിക്കുക. പല സാധനങ്ങളും നമ്മൾ വാങ്ങിക്കൂട്ടുന്നത് ആവശ്യമനുസരിച്ചല്ല, നമ്മുടെ ആ സമയത്തെ മൂഡ് കൊണ്ട് കൂടിയാണ്. സമ്മർദ്ദം, മടുപ്പ്, ഏകാന്തത തുടങ്ങിയ മാനസികാവസ്ഥകളിൽ ഒരു ഷോപ്പിംഗ് നടത്താം എന്ന് ചിന്തിക്കുന്നവരുണ്ട്. ചെലവാക്കുന്നതല്ല പ്രശ്നം, ഇത് ചില സമയങ്ങളിൽ അനാവശ്യമാണ് എന്നുള്ളിടത്താണ്. ഈ ട്രിഗറുകൾ തിരിച്ചറിഞ്ഞ് പെരുമാറാൻ സാധിച്ചാൽ കുറച്ചധികം ചെലവ് കുറക്കാം.

സേവിംഗ്സ്

പലരും ഒരു മാസത്തെ ചെലവെല്ലാം കഴിഞ്ഞ് കയ്യിലുള്ള തുക എടുത്തു വക്കാം എന്ന് കരുതുന്നവരാണ്. എന്നാൽ അക്കൗണ്ടിൽ പണം ക്രെഡിറ്റ് ആയാലുടനെ ഒരു നിശ്ചിത തുക മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയിടുക. ഈ അക്കൗണ്ടിന് മറ്റ് ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ ഇല്ലെങ്കിൽ അത്രയും നല്ലത്. മാറ്റി വച്ച പണം ചെലവഴിക്കാതിരിക്കാൻ ഒരു പരിധി വരെ ഇത് സഹായിക്കും.

 ഫ്ലെക്സിബിൾ പ്ലാൻ

സാധാരണക്കാരായ ആളുകളെ സംബന്ധിച്ച് എന്നും പുറത്ത് നിന്ന് നല്ല ഭക്ഷണം കഴിക്കുക എന്നത് വളരെ ചെലവേറിയ ഒരു കാര്യമാണ്. ഇതിന് ഒരു കണക്ക് വക്കുക. മാസത്തിൽ ഒന്നോ രണ്ടോ പരാമധി മൂന്നോ തവണ വില കൂടിയ ഭക്ഷണം കഴിക്കാമെന്ന് പ്ലാൻ ചെയ്യുക. അതിന് ഒരു ടൈം ടേബിൾ വക്കുക. അതിനായി ഒരു ബജറ്റും പ്ലാൻ ചെയ്യാം. ഇത് ഭക്ഷണത്തിന്റെ കാര്യം മാത്രമല്ല, ഓരോ മേഖലയിലും ചെലവഴിക്കാൻ ഇത്ര പണം മാറ്റി വക്കാമെന്ന് നിങ്ങൾക്ക് ഫ്ലെക്സിബിൾ ആയ പ്ലാൻ വക്കുക.

വരവിനൊത്ത ചെലവ്

നിങ്ങളുടെ വരുമാനം കൂടുന്നതിനനുസരിച്ച് ചെലവ് കൂടുന്നതാകും പലരും അനുഭവിക്കുന്ന വലിയ പ്രശ്നം. ഒരു പരിധി വരെ ഇത് മാനുഷിക ഒരു കാര്യമാണ്. എന്നാൽ, അതിലപ്പുറം ലക്ഷ്വറിക്ക് പിന്നാലെ പോയാൽ ഒരു മിഡിൽ ക്ലാസ് ഫാമിലിയിലുള്ള ആളുകൾക്ക് അത് വലിയ സാമ്പത്തിക ബാധ്യതയാകും. സാലറി ഹൈക്ക് വന്നാലും ബേസിക്കിൽ നിന്ന് മാറി ഒരു മീഡിയം വരെ സ്പെൻഡിംഗ് ഉണ്ടായാലും ബാക്കി ഇൻവെസ്റ്റ് ചെയ്യുകയോ സേവ് ചെയ്യുകയോ ആണ് ഉചിതം. സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധയോടെ, സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാം..