ഇന്റര്‍നെറ്റിലും ഒരു അധോലോകം ശക്തി പ്രാപിക്കുന്നു. ഇരുളടഞ്ഞ വെബ് എന്നറിയപ്പെടുന്ന വലിയൊരു സമാന്തര സെറ്റ്അപ്പ് ആണിത്. നേരെ ചെവ്വേ ഉള്ള കച്ചവടങ്ങളല്ല കറുത്ത ഇന്റര്‍നെറ്റിലെ വെബ്‌സൈറ്റുകളില്‍ നടക്കുന്നത്. ഊരും പേരും ഒന്നും നല്‍കാതെ ആരും തിരിച്ചറിയാന്‍ സാധിക്കാത്ത രീതിയിലാണ് സൈബര്‍ അധോലോക ഇടപാടുകള്‍. പണമുള്ള അക്കൗണ്ടുകളുടെ ഡെബിറ്റ് കാര്‍ഡുകളുടെയും ഉയര്‍ന്ന പണം പിന്‍വലിക്കല്‍ പരിധിയുള്ള ക്രെഡിറ്റ് കാര്‍ഡുകളുടെയും വിവരങ്ങള്‍ തട്ടുദോശ പോലെ വാങ്ങാന്‍ കിട്ടും. 

കാര്‍ഡുകളെ സംബന്ധിച്ച സകല വിവരങ്ങളും സുഖമായി സ്‌ക്രോള്‍ ചെയ്ത് മുന്തിയവ പരിശോധിച്ച് ചുളു വിലയ്ക്ക് വാങ്ങിയെടുക്കാം. സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ ഇതൊക്കെ കൈക്കാലാക്കി പണം പറ്റിച്ചെടുക്കുന്ന അടവുകള്‍ ഇറക്കിക്കൊണ്ടിരിക്കുന്നു.

ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഇനി കാര്‍ഡേ വേണ്ട എന്ന് തീരുമാനിക്കാന്‍ വരട്ടെ. അക്കൗണ്ടുടമകളുടെ പണം വല്ലവരുമൊക്കെ തട്ടിക്കൊണ്ട് പോകുന്നതിന് തടയിടാന്‍ ബാങ്കുകളും പല പരിപാടികളുമായി മുന്നോട്ട് വന്നിട്ടുണ്ട്.

കാര്‍ഡുകളിലെ സുരക്ഷാ സംവിധാനം

കാര്‍ഡുകളില്‍ കൊണ്ടുവന്നിട്ടുള്ള സുരക്ഷ സംവിധാനമാണ് ആദ്യത്തേത്. ആര്‍ക്കും ഒപ്പിയെടുക്കാന്‍ കഴിയുമായിരുന്ന മാഗ്നറ്റിക് സ്ട്രിപ്പ് കാര്‍ഡുകള്‍ക്ക് പകരം ഇ.എം.വി എന്നറിയപ്പെടുന്ന ചിപ്പ് കാര്‍ഡുകള്‍ മാത്രമേ ഇപ്പോള്‍ നല്‍കുന്നുള്ളൂ. രഹസ്യ കോഡുകളില്‍ ചിപ്പുകളിലാണ് സുപ്രധാന വിവരങ്ങള്‍ ഡിജിറ്റലായി സൂക്ഷിച്ചിരിക്കുന്നത്. ഇതിലെ വിവരങ്ങള്‍ ചതിയിലൂടെ കോപ്പിയടിക്കാന്‍ അത്ര എളുപ്പമല്ല.

കാര്‍ഡുപയോഗിച്ച് പണം നല്‍കുമ്പോഴും പിന്‍വലിക്കുമ്പോഴും ഇടപാട് പൂര്‍ത്തിയാക്കണമെങ്കില്‍ ഒ.ടി.പി നമ്പര്‍ നിര്‍ബന്ധമാക്കി. നമ്പര്‍ അപ്പപ്പോള്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന രീതിയില്‍ ഒ.ടി.പി മൊബൈല്‍ നമ്പരിലേക്കാണെത്തുക. ഉടമയ്ക്ക് മാത്രമറിയാവുന്ന പിന്‍നമ്പരിന് പുറമെയുള്ള ഒടിപി നല്‍കുന്ന അധിക സുരക്ഷ, പക്ഷെ അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് തുണയാകില്ല.

തട്ടിപ്പ് തൊഴിലാക്കിയവരില്‍ നിന്ന് കാര്‍ഡുടമകളെ സംരക്ഷിക്കാന്‍ മിക്ക ബാങ്കുകളും മൊബൈല്‍ ആപ്പുകളിറക്കിയിട്ടുണ്ട്. കാര്‍ഡുടമയുടെ സ്ഥലത്തിന് എത്ര ചുറ്റളവില്‍ മാത്രമേ കാര്‍ഡ് പ്രവര്‍ത്തിക്കാനാകൂ എന്ന് സെറ്റ് ചെയ്യാം. കൊല്ലത്തുള്ള ആളുടെ കാര്‍ഡ് പാട്‌നയിലോ സിങ്കപ്പൂരിലോ ഉപയോഗിക്കാനാകാത്ത രീതിയില്‍ ദൂരപരിധി ആപ്പിലൂടെ തീരുമാനിക്കാം. ആവശ്യമുള്ളപ്പോള്‍ മാത്രം ഉപയോഗിക്കാവുന്ന രീതിയില്‍ കാര്‍ഡ് ബ്ലോക്ക് ചെയ്യാനും അണ്‍ബ്ലോക്ക് ചെയ്യാനും പറ്റും. കറുത്ത വെബില്‍ നിന്ന് കൈക്കലാക്കിയ കാര്‍ഡ് വിവരങ്ങള്‍ വെറുതെ തട്ടിപ്പുകാരന്റെ കൈയ്യിലിരിക്കുകയേ ഉള്ളൂ. കാര്‍ഡ് ഉടമ തന്നെ തുറന്നാല്‍ മാത്രമേ ഇടപാടൂ നടക്കൂ.

ഒരു ദിവസം എത്ര ഇടപാടുകള്‍ ആകാം എന്ന് മാത്രമല്ല ഒരു ഇടപാടില്‍ എത്ര രൂപ വരെ പിന്‍വലിക്കാമെന്നും ആപ്പീലൂടെ തീരുമാനിക്കാം. തട്ടിപ്പിനിരയായാല്‍ പോലും പണനഷ്ടം പരിമിതപ്പെടുത്താം. സൂപ്പര്‍ മാര്‍ക്കറ്റ്, പെട്രോള്‍ പമ്പ്, സ്‌കൂള്‍ ഫീസ് എന്നിങ്ങനെ ഏതെല്ലാം സ്ഥലങ്ങളില്‍ എന്തെല്ലാം ആവശ്യങ്ങള്‍ക്ക് കാര്‍ഡ് ഉപയോഗിക്കാമെന്നും സ്വന്തം ഇഷ്ടപ്രകാരം ഈ ആപ്പുകള്‍ വഴി നിയന്ത്രിക്കാം.

കറുത്ത സൈബര്‍ തസ്‌കരന്‍മാര്‍ ഇരകള്‍ക്ക് വേണ്ടി കറങ്ങി നടക്കുന്നുണ്ട്. ആപ്പുകള്‍ ഉപയോഗിച്ച് കാര്‍ഡുകള്‍ സംരക്ഷിച്ച് വച്ചുകൊള്‍ക. അക്കൗണ്ടില്‍ കിടക്കുന്ന പണം കള്ളകാക്കകള്‍ കൊത്തിക്കൊണ്ടു പോകാതിരിക്കാന്‍ ഇത് സഹായിക്കും.