Asianet News MalayalamAsianet News Malayalam

വായ്പാ പലിശക്കൊപ്പം നിക്ഷേപ പലിശയും വെട്ടിക്കുറച്ച് ബാങ്കുകൾ; മൊറട്ടോറിയം നടപ്പാക്കി തുടങ്ങി

 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് നിക്ഷേപ പലിശയില്‍ കുറവു വരുത്തിയിരിക്കുന്നത്. സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളുടെ പലിശയിലാണ് കുറവ് വരുത്തിയത്.  പുതിയ നിരക്ക് രണ്ടേ മുക്കാല്‍ ശതമാനമാണ്. 

Banks cutting savings investment interest along with loan interest rates
Author
Kochi, First Published Apr 10, 2020, 1:15 PM IST

കൊച്ചി: വായ്പ പലിശ നിരക്ക് കുറച്ചതിനു പിന്നാലെ നിക്ഷേപ പലിശ നിരക്കും കുറച്ച് ബാങ്കുകള്‍. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ സേവിംഗ്ബാങ്ക് നിക്ഷേപ പലിശ നിരക്ക്  കാല്‍ ശതമാനം കുറച്ച് 2.75 ശതമാനമായി താഴ്ത്തി.  കൂടുതല്‍ ബാങ്കുകള്‍ നിക്ഷേപ പലിശ നിരക്കിൽ  വരുംദിവസങ്ങളില്‍  കുറവ്  വരുത്താനാണ് സാധ്യതയെന്ന് ബാങ്കിങ് വിദഗ്ധർ അഭിപ്രായപ്പെട്ടു.

കൊവിഡ് സാഹചര്യം മുൻനിര്‍ത്തി റിപ്പോ റിവേഴ്സ്  റിപ്പോ നിരക്കുകളില്‍ കുറവു വരുത്തി ബാങ്കുകളോട് പലിശ കുറക്കാന്‍  റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടത് രണ്ടാഴ്ച മുമ്പാണ്. ഇതിനെ തുടര്‍ന്ന് വിവിധ ബാങ്കുകള്‍ വിവിധ വായ്പ പലിശകളില്‍ കുറവു വരുത്തിയിരുന്നു. കാല്‍ ശതമാനം മുതല്‍ മുക്കാല്‍ ശതമാനം വരെ വിവിധ ബാങ്കുകള്‍ വായ്പ പലിശ നിരക്കുകള്‍ കുറച്ചിരുന്നു. എന്നാല്‍ വായ്പ പലിശ മാത്രമല്ല നിക്ഷേപത്തിന്‍റെ പലിശയും ബാങ്കുകള്‍ കുറക്കുമെന്ന് റിസര്‍വ് ബാങ്ക് തീരുമാനത്തോടെ വ്യക്തമായിരുന്നു.

 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് നിക്ഷേപ പലിശയില്‍ കുറവു വരുത്തിയിരിക്കുന്നത്. സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളുടെ പലിശയിലാണ് കുറവ് വരുത്തിയത്.  പുതിയ നിരക്ക് രണ്ടേ മുക്കാല്‍ ശതമാനമാണ്. ഈ മാസം 15 മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും. 

വര്‍ഷത്തില്‍ രണ്ടു തവണയാണ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഇടപാടുകാര്‍ക്ക് പലിശ ലഭിക്കുന്നത്. കൂടുതല്‍ ബാങ്കുകള്‍ ഇത്തരത്തില്‍ വരും ദിവസങ്ങളില്‍ പലിശ കുറക്കുമെന്നാണ് വിലയിരുത്തല്‍. അതിനിടെ മോറട്ടോറിയം നടപ്പാക്കുന്നതിന്‍റെ ഭാഗമായി വായ്പ ഇടപാടുകാര്‍ക്കുള്ള അറിയിപ്പ് ബാങ്കുകള്‍ നല്‍കിക്കഴിഞ്ഞു.  ഇക്കാര്യം എസ്എംഎസ്സിലൂടെയും ഇമെയിലിലൂടേയും ഇടപാടുകാര്‍ക്ക് അറിയിക്കാന്‍ ബാങ്കുകള്‍ അവസരം നല്‍കിയിട്ടുണ്ട്.

വായ്പക്ക് മൂന്നുമാസത്തെ മോറട്ടോറിയം ആവശ്യമുള്ള  ഇടപാടുകാര്‍  ഇക്കാര്യം അതത് ശാഖകളെ  അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. രാജ്യത്തെ  വിവിധ ബാങ്കുകളില്‍ നിന്ന് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ എടുത്തിട്ടുള്ള വന്‍കിട വായ്പകള്‍ക്കും മോറട്ടോറിയം നല്‍കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. ഇന്‍ഡ്യന്‍ ബാങ്ക് അസോസിയേഷനാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക
 

Follow Us:
Download App:
  • android
  • ios