Asianet News MalayalamAsianet News Malayalam

സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് സേവനം സൗജന്യമല്ല; ബുദ്ധിയുളളവര്‍ക്ക് മുന്നില്‍ ബാങ്കുകളുടെ മുട്ടിടിക്കും !

വെള്ളക്കരമടയ്ക്കാനും കറന്റ് ചാര്‍ജ് അടയ്ക്കാനും മൊബൈല്‍ ബില്ല് അടയ്ക്കാനും ഒന്നും കൗണ്ടറുകളില്‍ പോയി ക്യൂ നില്‍ക്കണ്ട. പകരം, അക്കൗണ്ടുള്ള ബാങ്കിന്റെ മൊബൈല്‍ ആപ്പ് സ്വന്തം ഫോണിലേയ്ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കുക. 

basic savings bank account service is not free, varavum chelavum personal finance column by c s renjit
Author
Thiruvananthapuram, First Published Mar 2, 2020, 5:43 PM IST

വെറുമൊരു സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് തുടങ്ങിയപ്പോള്‍ ശിവാനി ഇത്രയും പാരയാകുമെന്ന് കരുതിയില്ല. കമ്പനി നേരിട്ട് ശമ്പളം ക്രെഡിറ്റ് ചെയ്യുന്നത് അക്കൗണ്ടിലേയ്ക്കാണ്. ലോണ്‍ ഇന്‍സ്റ്റാള്‍മെന്റും വാടകയും മാത്രമല്ല, കഴിഞ്ഞ മാസം വാങ്ങിയ കടങ്ങള്‍ തിരിച്ച് കൊടുക്കാനും ഒക്കെയായി പണം ഏതാണ്ട് അപ്പാടെ പിന്‍വലിക്കും.

ആദ്യത്തെ മൂന്ന് മാസത്തെ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് വന്നപ്പോള്‍ ഞെട്ടിപ്പോയി. അതും ഇതും പറഞ്ഞ് പല തുകകള്‍ കുറവ് ചെയ്തിരിക്കുന്നു. ഒറ്റ അക്കത്തില്‍ തുടങ്ങി മൂന്നക്കം വരെ എത്തുന്ന തുകകളായി മൂന്നുമാസത്തിനിടയ്ക്ക് 700 രൂപയോളം കുറവ് ചെയ്തിരിക്കുന്നു. 

മിനിമം ബാലന്‍സ് ഇല്ലാത്തത്തിന്, മറ്റ് ബാങ്കിന്റെ എടിഎം ല്‍ നിന്ന് പണം പിന്‍വലിച്ചതിന്, അച്ഛന്‍ തന്ന കുറച്ച് പണം അക്കൗണ്ടില്‍ ക്യാഷ് ആയി അടച്ചതിന് എന്നൊക്കെ പറഞ്ഞാണ് പലവിധ ചാര്‍ജുകള്‍ യാതൊരു സമ്മതവും കൂടാതെ അക്കൗണ്ടില്‍ നിന്ന് പിടിച്ചെടുത്തിരിക്കുന്നു. സേവിംഗ്‌സ് അക്കൗണ്ടിന് ചെലവ് ഇത്രത്തോളമാണെങ്കില്‍ ഈ ബാങ്കില്‍ നിന്ന് എന്തെങ്കിലും വായ്പ എടുത്താല്‍ ആള് മുടിഞ്ഞ് പോകുമല്ലോ? ആഗ്രഹം ഉണ്ടായിട്ടും വേണ്ടെന്ന് വച്ച എന്തൊക്കെ കാര്യങ്ങള്‍ 700 രൂപയ്ക്ക് നടത്താമായിരുന്നു. 

ഈ ലോകത്ത് ഒന്നും സൗജന്യമല്ലെന്ന് തിരിച്ചറിയണം...! പ്രത്യേകിച്ച് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട്. സേവിംഗ്‌സ് അക്കൗണ്ടില്ലെങ്കില്‍ ആര്‍ക്കും ജീവിക്കാനാകില്ല എന്ന് ബാങ്കുകള്‍ തിരിച്ചറിഞ്ഞിരിക്കുന്നതിന്റെ ലക്ഷണമാണിത്. ഏറ്റവും ചെലവേറിയ സാമ്പത്തിക സേവനമെന്ന ക്രെഡിറ്റ് കാര്‍ഡിനെ സേവിംഗ്‌സ് അക്കൗണ്ട് എന്ന് പിന്തള്ളുമെന്ന് നോക്കിയാല്‍ മതി. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ മാത്രം ചാര്‍ജുകളും ഫീസുകളും ഇനം തിരിച്ച് പറയണമെങ്കില്‍ പല പേജുകളായി കുഞ്ഞക്ഷരങ്ങള്‍ നിരത്തേണ്ടി വരും.

ബുദ്ധിയുളളവര്‍ ആലോചിക്കുക !

എന്നുവച്ച് സേവിംഗ്‌സ് അക്കൗണ്ട് വേണ്ടെന്ന് വയ്ക്കാന്‍ പറ്റില്ലല്ലോ. ഉള്ള അക്കൗണ്ടിനെ കൊണ്ട് എന്തെല്ലാം അധിക പ്രയോജനം ഉണ്ടാക്കിയെടുക്കാമെന്നായിരിക്കും ബുദ്ധിയുള്ളവര്‍ ആലോചിക്കുക. വെറുമൊരു ശമ്പളം വാങ്ങാനുള്ള കിടുപിടി മാത്രമല്ലല്ലോ ഈ അക്കൗണ്ട്. എന്തായാലും ചാര്‍ജുകളും ഫീസുകളും കിഴിച്ചെടുക്കാന്‍ നമ്മുടെ അനുവാദമൊന്നും വാങ്ങാന്‍ പോകുന്നില്ല. നക്കാപിച്ചായ്ക്ക് പരാതിയും കൊണ്ട് നടക്കുക മോശം. പിന്നെ പണി ചെയ്യിച്ച് തൃപ്തിയടവുകയാവും മെച്ചം. 

വെള്ളക്കരമടയ്ക്കാനും കറന്റ് ചാര്‍ജ് അടയ്ക്കാനും മൊബൈല്‍ ബില്ല് അടയ്ക്കാനും ഒന്നും കൗണ്ടറുകളില്‍ പോയി ക്യൂ നില്‍ക്കണ്ട. പകരം, അക്കൗണ്ടുള്ള ബാങ്കിന്റെ മൊബൈല്‍ ആപ്പ് സ്വന്തം ഫോണിലേയ്ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കുക. സേവിംഗ്‌സ് അക്കൗണ്ട് എന്ന ഡാഷ്‌ബോഡില്‍ അടയ്ക്കാനുള്ള സകലവിധ ബില്ലുകളും കൃത്യ തീയതിയ്ക്ക് കൊടുക്കുന്നതിനായി ബാങ്കിന് പണി ഏല്‍പ്പിക്കാം. അക്കൗണ്ടില്‍ പണമില്ലെങ്കില്‍ പണിയാകുമെന്ന് പറയേണ്ടതില്ലല്ലോ.

ബാങ്കുകളുമായി അടി ഉണ്ടാക്കുന്നതിന് സേവിംഗ്‌സ് ബാങ്ക് ഉണ്ടെങ്കില്‍ വെറെ കാരണം തേടേണ്ട.  എന്നാല്‍ അവരുമായി ചങ്ങാത്തം കൂടാനുള്ള നല്ല സൂത്രമായി അക്കൗണ്ടിലൂടെയുള്ള ഇടപാട് ബന്ധം മാറ്റിയെടുക്കാം. ബന്ധങ്ങള്‍ പ്രയോജനപ്പെടുത്തുന്നത് പാപം കിട്ടുന്ന പണിയൊന്നുമല്ലല്ലോ? പെട്ടെന്നൊരു ഓവര്‍ഡ്രാഫ്റ്റ് വായ്പ, ആജീവനാന്ത സൗജന്യ ക്രെഡിറ്റ് കാര്‍ഡ്, മുന്‍കൂട്ടി അനുവദിക്കുന്ന വായ്പകള്‍, ഇലക്‌ട്രോണിക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഓഫറുകള്‍ എന്നുവേണ്ട സേവനങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടി പോകും. കുടത്തിലെ ഭൂതത്തെ തുറന്ന് വിട്ടതുപോലെ.

അടിസ്ഥാനം സേവിംഗ്സ് അക്കൗണ്ടുകള്‍

വാലറ്റുകളില്‍ പണം അടയ്ക്കാനും യുപിഐ സേവനങ്ങള്‍ക്ക് അക്കൗണ്ടുകള്‍ ലിങ്ക് ചെയ്യാനും സേവിംഗ്‌സ് അക്കൗണ്ടുകള്‍ പരമാവധി പ്രയോജനപ്പെടുത്താം. സകലവിധ ഡിജിറ്റല്‍ ഇടപാടുകള്‍ക്കും അടിസ്ഥാനം സേവിംഗ്‌സ് അക്കൗണ്ട് ആണല്ലോ.

ഇതൊക്കെയാണെങ്കിലും പണം ചോരുന്നുണ്ടോ എന്ന് നോക്കിക്കൊള്ളണം. മൊബൈല്‍ ആപ്പ് ഉപയോഗിച്ച് അക്കൗണ്ടിലെ ഇടപാടുകള്‍ അപ്പപ്പോള്‍ കാണാനാകും. ബാങ്കിനെ പൂര്‍ണ്ണമായും വിശ്വസിക്കാനാകാത്തവര്‍ക്ക് അക്കൗണ്ടില്‍ എന്ത് ഇടപാട് നടന്നാലും എസ്എംഎസ് നല്കണമെന്നും ആവശ്യപ്പെടാം. നമ്മുടെ സ്വന്തം അക്കൗണ്ടില്‍ മറ്റുള്ളവരാരെങ്കിലും കയറി കൂടി കള്ള ഇടപാടുകള്‍ നടത്തുന്നുണ്ടെങ്കില്‍ കൈയോടെ പിടികൂടാം. എസ്എംഎസ് സൗജന്യമല്ലെന്നും ചാര്‍ജുകള്‍ അക്കൗണ്ടില്‍ നിന്ന് പിഴിഞ്ഞെടുക്കാന്‍ സമ്മതം ചോദിക്കില്ലെന്നും ഓര്‍ത്തിരുന്നാല്‍ നല്ലത്. 

Follow Us:
Download App:
  • android
  • ios