50 വയസിൽ വീട് വാങ്ങുന്നതിന് മുൻപ് നിങ്ങളുടെ റിട്ടയർമെന്റ് പ്ലാൻ കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. വീടിനായി വലിയ തുക മുടക്കുന്നത് ഭാവിയിലെ ചികിത്സാ ആവശ്യങ്ങൾക്കും മറ്റ് ജീവിത ചെലവുകൾക്കുമുള്ള പണലഭ്യത ഗണ്യമായി കുറയ്ക്കും.
50 വയസാകുമ്പോള്‍ വീട് വാങ്ങുന്നതിനെക്കുറിച്ചുള്ള പലരുടെയും കാഴ്ചപ്പാടുകള്‍ മാറും. ജോലി ചെയ്യാന്‍ ഇനിയും കുറച്ചു വര്‍ഷങ്ങള്‍ ബാക്കിയുണ്ടെങ്കിലും, റിട്ടയര്‍മെന്റ് കാലം വേഗത്തില്‍ അടുത്തുകൊണ്ടിരിക്കുകയാണ് എന്ന ചിന്തയാകും മനസില്‍. അതേസമയം, വാടകയ്ക്ക് താമസിക്കുന്നതിനും അതിന്റേതായ പോരായ്മകളുണ്ട്. റിട്ടയര്‍മെന്റിന് ശേഷവും വാടക കൊടുക്കേണ്ടി വരും, മാത്രമല്ല കാലക്രമേണ വാടക വര്‍ദ്ധിക്കുകയും ചെയ്യും. എന്നാല്‍ വീട് വാങ്ങാനായി വലിയൊരു തുക മുടക്കാതിരുന്നാല്‍, ആ പണം ചികിത്സാ ചെലവുകള്‍ക്കും മറ്റ് ദൈനംദിന ആവശ്യങ്ങള്‍ക്കുമായി മാറ്റിവെക്കാം. അതുകൊണ്ട് വീട് വാങ്ങണോ വാടകയ്ക്ക് താമസിക്കണോ എന്ന ചോദ്യത്തേക്കാള്‍, നിങ്ങളുടെ റിട്ടയര്‍മെന്റ് പ്ലാനിന് ഏറ്റവും അനുയോജ്യമായത് ഏതാണ് എന്ന് ചിന്തിക്കുന്നതാണ് ബുദ്ധി.
കണക്കുകള്‍ കൃത്യമാക്കുക
സ്ഥിരവരുമാനമുള്ള, റിട്ടയര്‍ ചെയ്യാന്‍ 10 വര്‍ഷമെങ്കിലും ബാക്കിയുള്ള ഒരാള്‍ക്ക് ഭവനവായ്പ എളുപ്പത്തില്‍ അടച്ചുതീര്‍ക്കാന്‍ കഴിഞ്ഞേക്കും (പ്രത്യേകിച്ച് വായ്പാ തുക ചെറുതാണെങ്കില്‍). റിട്ടയര്‍മെന്റിന് ശേഷം സ്വന്തമായി ഒരു വീടുണ്ടാകുന്നത് വലിയൊരു പ്രതിമാസ ചെലവ് ഇല്ലാതാക്കും.
എന്നാല്‍ വീട് വാങ്ങാന്‍ നിങ്ങളുടെ റിട്ടയര്‍മെന്റ് സമ്പാദ്യം ഉപയോഗിക്കുമ്പോഴാണ് പ്രശ്‌നം തുടങ്ങുന്നത്. ഉദാഹരണത്തിന്, ഒരു കോടി രൂപയുടെ ഫ്‌ലാറ്റ് വാങ്ങാന്‍ 25 ലക്ഷം രൂപ മുന്‍കൂറായി നല്‍കണമെന്ന് കരുതുക. ഈ തുക നിങ്ങളുടെ റിട്ടയര്‍മെന്റ് സമ്പാദ്യത്തില്‍ നിന്നാണ് എടുക്കുന്നതെങ്കില്‍, ഭാവിയിലെ ആവശ്യങ്ങള്‍ക്കുള്ള വലിയൊരു തുകയാണ് അവിടെ ഇല്ലാതാകുന്നത്. കൂടാതെ, വീട് വാങ്ങുമ്പോള്‍ ഇഎംഐ മാത്രമല്ല ചെലവ്. സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍, പ്രോപ്പര്‍ട്ടി ടാക്‌സ്, മെയിന്റനന്‍സ്, റിപ്പയര്‍, സൊസൈറ്റി ചാര്‍ജുകള്‍ എന്നിവയും നിങ്ങളുടെ പോക്കറ്റില്‍ നിന്ന് തന്നെ പോകും.
55 കഴിഞ്ഞാല്‍ കൈയിലുള്ള പണത്തിന് വില
റിട്ടയര്‍മെന്റ് അടുക്കുന്തോറും പണമായി കൈവശം വെക്കുന്നതിനാണ് കൂടുതല്‍ പ്രാധാന്യം. കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ശമ്പളം നിലച്ചേക്കാം. എന്നാല്‍ ചികിത്സാ ചെലവുകളും വീട്ടുചെലവുകളും പഴയതുപോലെ തുടരും. വീടിനായി മുടക്കിയ പണം ഒരു അത്യാവശ്യം വരുമ്പോള്‍ പെട്ടെന്ന് എടുക്കാന്‍ കഴിയില്ല.
ഇവിടെയാണ് വാടകയ്ക്ക് താമസിക്കുന്നത് ഗുണകരമാകുന്നത്. വീടിന് അഡ്വാന്‍സായി നല്‍കേണ്ടിയിരുന്ന തുക നിക്ഷേപിക്കാനോ അത്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനോ സാധിക്കും. എന്നാല്‍ ഇതിനും ഒരു വില കൊടുക്കേണ്ടതുണ്ട്. ജോലി കഴിഞ്ഞുള്ള കാലത്തും വാടക നല്‍കണം. പ്രത്യേകിച്ച് നഗരങ്ങളില്‍ ഇതിന്റെ നിരക്ക് വലിയ തോതില്‍ കൂടും.
സീനിയര്‍ ലിവിംഗ് കേന്ദ്രങ്ങളും ഇപ്പോള്‍ പുതിയൊരു വാടക രീതിയുമായി രംഗത്തുണ്ട്. വീട് വാങ്ങാന്‍ വലിയൊരു തുക മുടക്കാതെ തന്നെ ഇത്തരം കമ്മ്യൂണിറ്റികളില്‍ വാടകയ്ക്ക് താമസിക്കാന്‍ പ്രായമായവര്‍ താത്പര്യം കാണിക്കുന്നുണ്ടെന്ന് എക്കണോമിക് ടൈംസ്' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
70-ാം വയസ്സില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള വീട്
50-ാം വയസില്‍ അനുയോജ്യമായ വീടാകില്ല 70-ാം വയസില്‍ വേണ്ടത്. വലിയൊരു വീട് പരിപാലിക്കുന്നത് പ്രായമാകുമ്പോള്‍ ബുദ്ധിമുട്ടാകും. പടികള്‍ കയറാനുള്ള ബുദ്ധിമുട്ട്, ആശുപത്രികള്‍, കടകള്‍, പൊതുഗതാഗതം, മക്കളുടെ സാമീപ്യം എന്നിവയ്ക്കായിരിക്കും അന്ന് കൂടുതല്‍ പ്രാധാന്യം.
റിട്ടയര്‍മെന്റിന് ശേഷം താമസം മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വാടക വീട് തന്നെയാകും കൂടുതല്‍ സൗകര്യം. ഇന്നത്തെ ആവശ്യം മാത്രം കണ്ട് വലിയ വീട് വാങ്ങുന്നതിനേക്കാള്‍ നല്ലത്, വാര്‍ദ്ധക്യത്തില്‍ എല്ലാ സൗകര്യങ്ങളുമുള്ള ചെറിയൊരു വീട് വാടകയ്ക്ക് എടുക്കുന്നതായിരിക്കും. സീനിയര്‍ ലിവിംഗ് കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ അവിടുത്തെ സര്‍വീസ് ചാര്‍ജുകള്‍, ചികിത്സാ സൗകര്യങ്ങള്‍, മറ്റ് വ്യവസ്ഥകള്‍ എന്നിവ കൃത്യമായി പരിശോധിക്കുകയും വേണം.
ആദ്യം റിട്ടയര്‍മെന്റ് സമ്പാദ്യം സുരക്ഷിതമാക്കുക
വീട് വാങ്ങുന്നതിന് മുന്‍പ്, മുന്‍കൂര്‍ തുകയും മറ്റ് ചെലവുകളും കഴിഞ്ഞ് അത്യാവശ്യ ഘട്ടങ്ങളിലേക്ക് നിങ്ങളുടെ പക്കല്‍ എത്ര തുക ബാക്കിയുണ്ടാകുമെന്ന് കണക്കുകൂട്ടുക. റിട്ടയര്‍ ചെയ്യുന്നത് വരെ ഇഎംഐ സുഗമമായി അടക്കാന്‍ കഴിയുമോ എന്നും പരിശോധിക്കണം.


