വ്യക്തമായ ലക്ഷ്യങ്ങളില്ലാതെയും ഉയർന്ന ലാഭം മാത്രം പ്രതീക്ഷിച്ചും നിക്ഷേപം നടത്തുന്നത് വലിയ സാമ്പത്തിക നഷ്ടങ്ങൾക്ക് കാരണമായേക്കാം. കൃത്യമായ വൈവിധ്യവൽക്കരണം ഇല്ലാതിരിക്കുക, അമിത റിസ്ക് എടുക്കുക, പോർട്ട്ഫോളിയോ വിലയിരുത്താതിരിക്കുക തുടങ്ങിയ സാധാരണ അബദ്ധങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.

മ്യൂച്വല്‍ ഫണ്ടുകള്‍, കുറച്ച് ഓഹരികള്‍, ഒരു സ്ഥിര നിക്ഷേപം, പിന്നെ കുറച്ച് സ്വര്‍ണം... ഇതൊക്കെ കാണുമ്പോള്‍ നിങ്ങളുടെ നിക്ഷേപ പോര്‍ട്ട്ഫോളിയോ വളരെ മികച്ചതാണെന്ന് തോന്നിയേക്കാം. ഒറ്റനോട്ടത്തില്‍ വൈവിധ്യവല്‍ക്കരണം ഉണ്ടെന്നും തോന്നും. എന്നാല്‍ വ്യക്തമായ ലക്ഷ്യങ്ങളോ, നിക്ഷേപ കാലാവധിയോ, റിസ്‌ക് എടുക്കാനുള്ള ശേഷിയോ പരിഗണിക്കാതെയാണ് ഇവ തിരഞ്ഞെടുത്തതെങ്കില്‍ നിങ്ങള്‍ ഉദ്ദേശിച്ച ഫലം കിട്ടണമെന്നില്ല. സാധാരണയായി കണ്ടുവരുന്ന 5 അബദ്ധങ്ങള്‍ നോക്കാം.

ലക്ഷ്യമില്ലാതെയുള്ള നിക്ഷേപം

മാസം തോറും ഒരു നിശ്ചിത തുക മാറ്റിവെക്കുന്നത് നല്ല ശീലമാണ്. എന്നാല്‍ എന്തിനുവേണ്ടിയാണ് ഈ നിക്ഷേപം എന്ന് വ്യക്തമായൊരു ലക്ഷ്യം ഉണ്ടായിരിക്കണം. റിട്ടയര്‍മെന്റ്, കുട്ടികളുടെ വിദ്യാഭ്യാസം, വീട് വെയ്ക്കുക തുടങ്ങിയവയ്ക്ക് പണം വേണ്ടിവരുന്ന സമയപരിധി വ്യത്യസ്തമാണ്.

നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് മുന്‍പ് സാമ്പത്തിക ലക്ഷ്യങ്ങള്‍, നിക്ഷേപ കാലാവധി, റിസ്‌ക് എടുക്കാനുള്ള ശേഷി എന്നിവ നിര്‍ബന്ധമായും പരിഗണിക്കണമെന്നാണ് സെബിയുടെ മാര്‍ഗനിര്‍ദേശം. ഉദാഹരണത്തിന്, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വീട് വെയ്ക്കാന്‍ വേണ്ടി മാറ്റിവെക്കുന്ന തുക, കഴിഞ്ഞ കാലങ്ങളില്‍ നല്ല ലാഭം നല്‍കിയെന്ന ഒറ്റ കാരണത്താല്‍ ഓഹരി ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് ബുദ്ധിയല്ല. കാരണം പെട്ടെന്ന് പണം ആവശ്യമുള്ള സമയത്ത് വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍ നിങ്ങള്‍ക്ക് വലിയ തിരിച്ചടിയായേക്കാം.

ഉയര്‍ന്ന ലാഭം മാത്രം നോക്കിയുള്ള നെട്ടോട്ടം

അടുത്തിടെ വലിയ ലാഭം നല്‍കിയ മ്യൂച്വല്‍ ഫണ്ടുകളോ ഓഹരികളോ പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റും. എന്നാല്‍ മുന്‍കാല പ്രകടനം ഭാവിയിലും ആവര്‍ത്തിക്കണമെന്ന് യാതൊരു ഉറപ്പുമില്ല.

ഒരു നിക്ഷേപം വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോള്‍ അതിലേക്ക് പണം മാറ്റുന്നതാണ് പലര്‍ക്കും പറ്റുന്ന വലിയ അബദ്ധം. നിങ്ങള്‍ അതിലേക്ക് നിക്ഷേപിക്കാന്‍ എത്തുമ്പോഴേക്കും ആ ലാഭമെടുക്കാനുള്ള അവസരം ഇല്ലാതായിട്ടുണ്ടാകും. അതുപോലെ, ഒരു വര്‍ഷം മോശം പ്രകടനം നടത്തിയെന്ന കാരണത്താല്‍ മികച്ച അടിസ്ഥാനമുള്ള ഒരു നിക്ഷേപം വിറ്റൊഴിയുന്നതും ദീര്‍ഘകാല പ്ലാനുകളെ ബാധിക്കും. നിക്ഷേപിക്കുന്നതിന് മുന്‍പ് റിസ്‌ക്, മൂല്യം, പണമാക്കി മാറ്റാനുള്ള എളുപ്പം, നിക്ഷേപ ലക്ഷ്യം എന്നിവ കൂടി പരിഗണിക്കണം.

പേപ്പറില്‍ മാത്രമുള്ള വൈവിധ്യവല്‍ക്കരണം

10 വ്യത്യസ്ത മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചതുകൊണ്ട് മാത്രം പോര്‍ട്ട്ഫോളിയോ വൈവിധ്യവല്‍ക്കരിക്കപ്പെട്ടു എന്ന് അര്‍ഥമില്ല. ഇതില്‍ പല ഫണ്ടുകളും ഒരേ കമ്പനികളിലോ ഒരേ മേഖലയിലോ ആവാം പണം നിക്ഷേപിച്ചിരിക്കുന്നത്.

താങ്ങാന്‍ കഴിയുന്നതിലും വലിയ റിസ്‌ക് എടുക്കുന്നത്

റിസ്‌ക് എടുക്കാനുള്ള ശേഷി എന്നത് എത്രത്തോളം നഷ്ടം വന്നാല്‍ നിങ്ങള്‍ക്ക് കുഴപ്പമില്ല എന്ന് കണക്കുകൂട്ടുന്നത് മാത്രമല്ല. എപ്പോഴാണ് നിങ്ങള്‍ക്ക് പണം ആവശ്യമുള്ളതെന്നും, വിപണി ഇടിയുമ്പോള്‍ പരിഭ്രാന്തരായി നിക്ഷേപം വിറ്റൊഴിയാതെ പിടിച്ചുനില്‍ക്കാന്‍ കഴിയുമോ എന്നതും പ്രധാനമാണ്.

ഉദാഹരണത്തിന്, ഇരട്ട അക്കം ലാഭം പ്രതീക്ഷിച്ച് ഒരാള്‍ തന്റെ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം ഓഹരികളില്‍ നിക്ഷേപിക്കുന്നു. എന്നാല്‍ വിപണി ഇടിഞ്ഞുനില്‍ക്കുന്ന സമയത്താണ് അയാള്‍ക്ക് പണം ആവശ്യമായി വരുന്നതെങ്കിലോ? ആ നിക്ഷേപം അടിസ്ഥാനപരമായി മികച്ചതാണെങ്കില്‍ പോലും, പണം വേണ്ടിവന്ന സമയം അയാളെ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാക്കും. റിസ്‌ക് എടുക്കാനുള്ള ശേഷിയും നിക്ഷേപ കാലാവധിയും തമ്മില്‍ പൊരുത്തപ്പെട്ടിരിക്കണം എന്നാണ് സെബി നിര്‍ദേശിക്കുന്നത്.

പോര്‍ട്ട്ഫോളിയോ ഒരിക്കലും വിലയിരുത്താതിരിക്കുന്നത്

അഞ്ചു വര്‍ഷം മുന്‍പ് നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് അനുയോജ്യമായിരുന്ന ഒരു നിക്ഷേപ തന്ത്രം ഇന്ന് അങ്ങനെ ആകണമെന്നില്ല. നിങ്ങളുടെ ശമ്പളം, ചെലവുകള്‍, കുടുംബ ഉത്തരവാദിത്തങ്ങള്‍, റിട്ടയര്‍മെന്റ് പ്ലാനുകള്‍, സാമ്പത്തിക ലക്ഷ്യങ്ങള്‍ എന്നിവയിലൊക്കെ മാറ്റം വന്നിട്ടുണ്ടാകാം. നിക്ഷേപങ്ങള്‍ കൃത്യമായ ഇടവേളകളില്‍ വിലയിരുത്തണമെന്നും ആവശ്യമെങ്കില്‍ റീബാലന്‍സ് ചെയ്യണമെന്നുമാണ് സെബിയുടെ നിര്‍ദേശം.