Asianet News MalayalamAsianet News Malayalam

കടം ചോദിക്കുന്നവരുടെ എണ്ണം കൂടുന്നു, കേരളത്തിന് ആശങ്കപ്പെടാൻ ഏറെയുണ്ട്; തൊഴിൽ വിപണി പ്രതിസന്ധിയിൽ

പെട്രോളിയം വില എത്ര കണ്ട് താഴുന്നുവോ അത്ര കണ്ട് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് മെച്ചമാണ്. എന്നാല്‍, അന്താരാഷ്ട്ര വിപണിയില്‍ തുച്ഛമായ വിലയ്ക്ക് ലഭിക്കുന്ന സാധനം എത്ര നാള്‍ ആഭ്യന്തര ഉപഭോക്താക്കള്‍ക്ക് കൊള്ള വിലയിട്ട് നല്‍കാനാവും. അങ്ങനെ വരുമ്പോള്‍ ഈ മെച്ചം കൂടുതല്‍ നാള്‍ ഉണ്ടാകില്ല.

covid -19 create great impact in personal earnings of keralites by C S renjit
Author
Thiruvananthapuram, First Published May 1, 2020, 4:21 PM IST

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയില്‍ കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത ഏറ്റവും കൂടുതല്‍ ആശങ്കയിലാക്കിയത് ജില്ലയിലെ വാഴ, പച്ചക്കറി കര്‍ഷകരെയാണ്. മൂവാറ്റുപുഴയില്‍ പൈനാപ്പിള്‍ കര്‍ഷകര്‍ വലിയ നഷ്ടം നേരിട്ട് കൊണ്ടാണ് കേരളത്തിനുള്ളില്‍ അങ്ങോളം ഇങ്ങോളം ഉത്പന്നങ്ങള്‍ എത്തിക്കുന്നത്. രാജ്യത്തിന് അകത്തും പുറത്തുമുള്ള റംസാന്‍ നോമ്പ് മാര്‍ക്കറ്റ് പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു. വടക്ക് പാലക്കാട് ജില്ലയില്‍ മാങ്ങയുടെ വിളവെടുപ്പ് കാലം കര്‍ഷകന്റെ കണ്ണീരില്‍ കുതിര്‍ന്നിരിക്കുന്നു.

ഉത്തരേന്ത്യന്‍ ഫാക്ടറികള്‍ ഇനി പ്രവര്‍ത്തിച്ച് തുടങ്ങി കരകയറിയാലെ റബര്‍ ഷീറ്റുകള്‍ പുകപുരയ്ക്ക് വെളിയിലെടുക്കാനാവൂ. വ്യവസായ മേഖലയിലും കച്ചവട മേഖലയിലും സേവന മേഖലയിലും സ്ഥിതി മറിച്ചല്ല. ആശുപത്രികളില്‍ ശമ്പളം കൊടുക്കാന്‍ കഴിയുന്നത്ര പോലും വരുമാനമില്ല. ചൈനയ്ക്കും ഇന്ത്യോനേഷ്യയ്ക്കുമൊപ്പം പിടിച്ച് നില്‍ക്കുന്ന സമ്പദ്ഘടനയായിരിക്കും ഇന്ത്യയുടേത്. ഗള്‍ഫും യൂറോപ്പും അമേരിക്കയും പടുകുഴിയിലാകുമ്പോഴും ഇന്ത്യയുടെ സ്ഥിതി കുഴിയുടെ കരയ്ക്കടുത്ത് തന്നെ ആയിരിക്കുമെന്നാണ് മിക്ക റേറ്റിംഗ് ഏജൻസികളും പ്രവചിക്കുന്നത്.

ലോക നെറുകയിലെത്തിയ ഇന്ത്യന്‍ വ്യവസായികളും വ്യാപാര സ്ഥാപനങ്ങളും, കൂട്ടത്തില്‍ കേരളത്തില്‍ നിന്നുള്ളവരുമുണ്ട്, ഒന്നൊന്നായി അടിപതറി വീഴുന്നത്  ഇന്ത്യയേക്കാള്‍ മറ്റ് ലോക രാജ്യങ്ങള്‍ നേരിടുന്ന സാമ്പത്തിക തകര്‍ച്ചയുടെ നേര്‍കാഴ്ചകള്‍ തന്നെയാണ്.
കോവിഡ് 19 വ്യാപനവും അന്താരാഷ്ട്ര പെട്രോളിയം വിലയും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ? ലോക സമ്പദ്ഘടനയുടെ വളര്‍ച്ചയിലും തളര്‍ച്ചയിലും പെട്രോളിയം വിലയ്ക്ക് നിര്‍ണ്ണായക സ്ഥാനമാണ്. ഉത്പാദനം നിര്‍ത്തി വയ്ക്കുകയും ഉത്പാദിപ്പിച്ചവ തന്നെ അങ്ങോട്ട് കാശ് കൊടുത്ത് വിറ്റഴിക്കേണ്ട അവസ്ഥയിലാണ് പെട്രോളിയം ഉത്പാദക രാജ്യങ്ങള്‍.

മൊറട്ടോറിയം റിവേഴ്‌സ് ഉത്തേജകമായി

കച്ചവടം നടന്നാല്‍ ഉത്പന്നം ഏറ്റെടുക്കണം. എന്നാല്‍, ഊഹകച്ചവടത്തിന് പ്രാധാന്യമുള്ള അവധി വ്യാപാര കരാറുകളില്‍ ഉത്പന്നം ഏറ്റെടുക്കുക നിര്‍ബന്ധമല്ല. ഇതിനെല്ലാം അടിസ്ഥാനമായ പെട്രോളിയത്തിന് മൂല്യമില്ലാതായതോടെ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങള്‍ മാത്രമല്ല, അവധി വ്യാപാരങ്ങളില്‍ കൊള്ളലാഭം ലക്ഷ്യമിട്ടിരുന്ന കച്ചവട സ്ഥാപനങ്ങളുടെയും പതനവും പൂര്‍ണ്ണമായി.

ദേശീയ തലത്തിലേയ്ക്ക് വന്നാല്‍ നമ്മുടെ സമ്പദ്ഘടന നിയന്ത്രിക്കുന്നതില്‍ മേല്‍കൈയുള്ള പെട്രോളിയത്തിന്റെ വിലയിടിവ് അല്പം ആശ്വാസകരമാണ്. രോഗവ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ വ്യാപാര -സേവന മേഖലകള്‍ നിശ്ചലമായി. വ്യവസായ മേഖല പിടിച്ച് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലും. പാക്കേജുകളും പരിഹാരങ്ങളും അടിക്കടി വന്നിട്ടും ഉത്പാദന മേഖലകളിലേയ്ക്ക് മൂലധനം ലഭ്യമാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. യഥാര്‍ത്ഥത്തില്‍ പാക്കേജ് ഡോസുകള്‍ പ്രയോജനപ്പെട്ടത് ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങള്‍ക്കുമാണ്. അതിനു താഴേയ്ക്ക് ജീവന്‍രക്ഷാ ഡോസുകള്‍ പോലും എത്തിയില്ല. റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം സംരംഭകരെ പിന്നോട്ടടിയ്ക്കുന്ന റിവേഴ്‌സ് ഉത്തേജകമായി മാറി.

പെട്രോളും പ്രതികൂല കാലാവസ്ഥയും സമ്പദ്ഘടനയുടെ താഴേയ്ക്കുള്ള തളര്‍ച്ച ഉറപ്പാക്കി എങ്കില്‍ കോവിഡ് 19 ഉം തുടര്‍ന്ന് വന്ന ലോക്ഡൗണും അത് മാന്ദ്യത്തിലേയ്ക്ക് തള്ളിയിടുകയായിരുന്നു. 2020 ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പൂജ്യത്തിന് താഴെ മൈനസ് ഒന്നിനോടടുത്തെത്തും. ഉത്പാദന മേഖല ചുരുങ്ങി ടൂറിസം ഉള്‍പ്പെടെ സേവന മേഖല ഏതാണ്ട് ഇല്ലാതാകുന്നതോടെ കേരളത്തിന്റെ സ്ഥിതി കൂടുതല്‍ പരുങ്ങലിലാകും.
പെട്രോളിയം വില എത്ര കണ്ട് താഴുന്നുവോ അത്ര കണ്ട് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് മെച്ചമാണ്. എന്നാല്‍, അന്താരാഷ്ട്ര വിപണിയില്‍ തുച്ഛമായ വിലയ്ക്ക് ലഭിക്കുന്ന സാധനം എത്ര നാള്‍ ആഭ്യന്തര ഉപഭോക്താക്കള്‍ക്ക് കൊള്ള വിലയിട്ട് നല്‍കാനാവും. അങ്ങനെ വരുമ്പോള്‍ ഈ മെച്ചം കൂടുതല്‍ നാള്‍ ഉണ്ടാകില്ല.

കടം വേണം, പക്ഷേ..!

പോയ രണ്ട്, മൂന്ന് വര്‍ഷങ്ങളിലായി ബംമ്പര്‍ വിളവെടുപ്പ് കിട്ടിയ കര്‍ഷകര്‍ ഇക്കെല്ലാം പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. പ്രതികൂല കാലാവസ്ഥ വിളകളെ ബാധിച്ചിരിക്കുന്നു. സംഭരിച്ച് സൂക്ഷിയ്ക്കാനാവാത്ത പഴവർ​ഗങ്ങളും പച്ചക്കറികളും ഉപഭോക്താക്കളിലെത്തിക്കാനാവാതെ ലോക്ഡൗണ്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുമുണ്ട്. ആരാധനാലയങ്ങള്‍ പൂട്ടിയതും ചടങ്ങുകള്‍ റദ്ദാക്കിയതും പൂകൃഷിക്കാരുടെ അടിവാരം തന്നെ തോണ്ടിയെടുത്തു. മറ്റ് മേഖലകളെ അപേക്ഷിച്ച് ഓരോ വിളവെടുപ്പും അടിസ്ഥാനമാക്കി മാത്രം കുടുംബ പുലര്‍ത്തുന്ന ബഹുഭൂരിപക്ഷം കര്‍ഷകരും കൊള്ളപ്പലിശക്കാരിലേയ്ക്ക് തിരിയുന്ന അവസ്ഥ. സാമ്പത്തിക സംഘര്‍ഷങ്ങള്‍ കര്‍ഷക കുടുംബങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന സ്ഥിതിയായിരിക്കുന്നു.

മാന്ദ്യത്തിന്റെ കൂടുതല്‍ സാമ്പത്തിക ലക്ഷണങ്ങളിലേയ്ക്ക് സൂചികകള്‍ തേടേണ്ട. പണം കടം ചോദിക്കുന്നവരുടെ എണ്ണം സമൂഹത്തില്‍ കൂടി വരുന്നത് മിക്കവരും ശ്രദ്ധിച്ചിട്ടുണ്ടാകും. കടം കൊടുക്കാന്‍ കൈയില്‍ കാശില്ലാത്തവരുടെ പരിങ്ങലുകളും കൂടി വരുന്നു. കേരളത്തില്‍ തന്നെയുണ്ടായിരുന്നവരില്‍ തൊഴില്‍ നഷ്ടപ്പെട്ടവരുടെയും ഭാഗികമായി തൊഴിലെടുക്കുന്നവരുടേയും എണ്ണത്തോടൊപ്പം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും തിരികെയെത്തുന്നവര്‍ കൂടിയാകുമ്പോള്‍ ചിത്രം പൂര്‍ണ്ണമാകും.

- സി എസ് രഞ്ജിത് (ലേഖകൻ പ്രമുഖ വ്യക്തിഗത സാമ്പത്തിക കാര്യ വിദഗ്ധനാണ്) 

Follow Us:
Download App:
  • android
  • ios