മുംബൈ: കൊറോണ വൈറസ് മഹാമാരിയിൽ നിന്നുള്ള സാമ്പത്തിക തകർച്ചയെ നേരിടാൻ ഇന്ത്യയുടെ കേന്ദ്ര ബാങ്ക് നിരക്ക് കുറച്ചതിനെത്തുടർന്ന് രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പ- നിക്ഷേപ നിരക്കുകൾ വെട്ടിക്കുറച്ചു.

എസ്‌ബി‌ഐ വായ്പാ നിരക്ക് 75 ബേസിസ് പോയിൻറ് കുറച്ചു. വെള്ളിയാഴ്ച റിസർവ് ബാങ്ക് (ആർ‌ബി‌ഐ) റിപ്പോ നിരക്ക് വെട്ടിക്കുറച്ചതിന് പിന്നാലെയാണ് നടപടി. 

“ബാങ്കിന്റെ ലാഭത്തിന്റെ പ്രധാന സൂചകമായ ആകെ പലിശ മാർജിനിൽ റിസർവ് ബാങ്ക് തീരുമാനം പ്രതിഫലിക്കും. നിലവിലെ സാമ്പത്തിക സാഹചര്യങ്ങളിൽ അത് കൈമാറുകയല്ലാതെ അവർക്ക് മറ്റ് മാർഗമില്ല,” ആഷിക സ്റ്റോക്ക് ബ്രോക്കിംഗിലെ അനലിസ്റ്റ് അസുതോഷ് മിശ്ര എൻഡിടിവിയോട് പറഞ്ഞു.

സാധാരണഗതിയിൽ, മറ്റ് ഇന്ത്യൻ വായ്പ ദാതാക്കൾ എസ്‌ബി‌ഐയെ പിന്തുടരുന്നു. അതിനാൽ ബാങ്കിംഗ് വ്യവസായത്തിൽ സമാനമായ കൂടുതൽ നിരക്ക് കുറയ്ക്കൽ പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ട്, മിശ്ര കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ മൂന്നാഴ്ചത്തെ ലോക്ക് ഡൗൺ ബാധിച്ച ബിസിനസുകൾക്ക് ആശ്വാസമായ രീതിയിൽ എല്ലാ ടേം വായ്പകൾക്കും മൂന്ന് മാസത്തെ മൊറട്ടോറിയം നൽകാൻ കേന്ദ്ര ബാങ്ക് വെള്ളിയാഴ്ച ബാങ്കുകളെ അനുവദിച്ചു.

ഏപ്രിൽ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ 20 മുതൽ 100 ​​വരെ ബേസിസ് പോയിൻറുകൾ കുറവ് വരുത്തിയിട്ടുണ്ട്. ഈ നിരക്കുകൾ മാർച്ച് 28 മുതൽ പ്രാബല്യത്തിൽ വരും.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക