ദില്ലി: 2020 ജനുവരി 1 മുതൽ എംപ്ലോയീസ് പെൻഷൻ പദ്ധതി പ്രകാരം ഗുണഭോക്താക്കളുടെ പെൻഷൻ കമ്മ്യൂട്ടേഷൻ പുന: സ്ഥാപിക്കുന്നതിനും അല്ലെങ്കിൽ അഡ്വാന്‍സ് ഭാഗം പിൻവലിക്കുന്നത് സംബന്ധിച്ചും റിട്ടയർമെന്റ് ഫണ്ട് ബോഡി ഇപി‌എഫ്‌ഒ എടുത്ത തീരുമാനം തൊഴിൽ മന്ത്രാലയം നടപ്പാക്കുമെന്ന് വ്യക്തമാക്കി. ഇത് 6.3 ലക്ഷം പെൻഷൻകാർക്ക് പ്രയോജനം ചെയ്യുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഈ 6.3 ലക്ഷം പെൻഷൻകാർ അവരുടെ പെൻഷൻ കമ്മ്യൂട്ടേഷൻ തിരഞ്ഞെടുക്കുകയും 2009 ന് മുമ്പുള്ള പെൻഷൻ ശേഖരണത്തിൽ നിന്നോ ഫണ്ടിൽ നിന്നോ വിരമിക്കുന്ന സമയത്ത് ഒരു വലിയ തുക ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇത്തരത്തില്‍ പെൻഷൻ മാറ്റുന്നതിനുള്ള വ്യവസ്ഥ 2009 ൽ ഇപിഎഫ്ഒ പിൻവലിച്ചു. 

എം‌പ്ലോയീസ് പെൻഷൻ പദ്ധതി പ്രകാരം കമ്മ്യൂട്ടേഷൻ പുന: സ്ഥാപിക്കുന്നതിനും അല്ലെങ്കിൽ അഡ്വാന്‍സ് ഭാഗം പിൻവലിക്കുന്നതിന് അനുവാദം നല്‍കാനുളള എം‌പ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർ‌ഗനൈസേഷൻറെ (ഇപി‌എഫ്‌ഒ) തീരുമാനം നടപ്പാക്കുന്നതിന് തൊഴിൽ മന്ത്രാലയം 2020 ജനുവരി 1 ന് വിജ്ഞാപനം പുറപ്പെടുവിക്കും.

ഇപിഎഫ്ഒ ന്റെ സുപ്രധാന തീരുമാനങ്ങളെടുക്കുന്ന സമിതിയായ തൊഴിൽ മന്ത്രി അധ്യക്ഷനായ ട്രസ്റ്റീസ് സെൻട്രൽ ബോർഡ് ഓഗസ്റ്റ് 21, 2019 ന് ചേർന്ന യോഗത്തിൽ, ആനുകൂല്യം തിരഞ്ഞെടുത്തിട്ടുള്ളതായ 6.3 ലക്ഷം പെൻഷൻകാർക്ക് പെൻഷൻ ഇളവ് പുനഃസ്ഥാപിക്കാനുളള നിർദേശം അംഗീകരിക്കുകയായിരുന്നു.