2000 രൂപയിൽ താഴെയുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. എന്നാൽ, 2000 രൂപയ്ക്ക് മുകളിലുള്ള വ്യാപാരികൾക്കുള്ള പണമിടപാടുകൾക്ക് (P2M) മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) എന്ന പേരിൽ ചാർജ് വന്നേക്കാം. ഈ മാറ്റം ഉപഭോക്താക്കളെ നേരിട്ട് ബാധിക്കില്ലെങ്കിലും, വ്യാപാരികൾ ഈ അധികച്ചെലവ് ഉപഭോക്താക്കളിലേക്ക് കൈമാറാൻ സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസം യുപിഐ ഇടപാടുകളുമായി ബന്ധപ്പെട്ട് ധനമന്ത്രാലയത്തിന് കീഴിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസ് ഒരു നിർണായക വിജ്ഞാപനം പുറത്തിറക്കിയിരുന്നു. 2000 രൂപക്ക് താഴെയുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുന്നില്ലെന്നായിരുന്നു അത്. ഇതിനെ മറ്റൊരു തരത്തിൽ വായിച്ചാൽ, 2000 രൂപക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ചാർജ് വന്നേക്കും എന്ന് കൂടിയാണ്. എന്നാൽ ഇത് 2000 രൂപക്ക് മുകളിലുള്ള എല്ലാ പണമിടപാടുകൾക്കും ബാധകമാണോ? നോക്കാം.
കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നത് പ്രകാരം ഇത് എല്ലാ പൊതുജനങ്ങളേയും ബാധിക്കുന്ന ഒന്നല്ല. യു പി ഐ വഴി നടത്തുന്ന പേഴ്സൺ ടു മെർച്ചന്റ്- പി 2 എം ഇടപാടുകൾക്കാണ് ഇത് ബാധകമാകുക. അതായത് വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ള അക്കൌണ്ടുകളിലേക്ക് പണമിടപാട് നടത്തുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്. അതായത് നിങ്ങൾ നിങ്ങളുടെ സുഹൃത്തിനോ കുടുംബാംഗത്തിനോ മറ്റാർക്കെങ്കിലും പണം അയച്ചാൽ നിലവിൽ ഇതിന് ചാർജ് ഇല്ല. നിങ്ങൾ നടത്തിയ ഇടപാടുകളുമായി ബന്ധപ്പെട്ട ഈ സാമ്പത്തിക ഭാരം പോകുന്നത് വ്യാപാരികളിലേക്ക് ആയിരിക്കും. എന്നാൽ, 2,000 രൂപയ്ക്കു മുകളിലുള്ള എല്ലാ ഇടപാടുകൾക്കും വ്യാപാരികളിൽ നിന്ന് ചാർജ് വരുമോയെന്ന കാര്യത്തിനും ഇത് വരെ വ്യക്തതയില്ല.
ധനമന്ത്രാലയം ഇന്നലെ പുറത്തു വിട്ട വിജ്ഞാപനത്തിൽ പറയുന്നത് 2000 രൂപ വരെയുള്ള ഇടപാടുകൾക്കും റൂപേ (RuPay) ഡെബിറ്റ് കാർഡ് വഴിയുള്ള പേയ്‌മെന്റുകൾക്കും യാതൊരുവിധ ചാർജുകളും ഈടാക്കില്ലെന്നാണ്. ധനമന്ത്രാലയത്തിന് കീഴിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസാണ് സെപ്റ്റംബർ 14 മുതൽ പ്രാബല്യത്തിൽ വന്ന ഉത്തരവിറക്കിയത്. 2007-ലെ പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ടിലെ സെക്ഷൻ 10A പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് പുതിയ മാറ്റം. ഇനി എത്ര ചാർജ് ഈടാക്കുമെന്നോ എങ്ങനെ കണക്കാക്കുമോ എന്നത് സംബന്ധിച്ചൊന്നുമുള്ള വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
ഇതിന് പിന്നിൽ അധികമാർക്കും ഓർമയില്ലാത്ത മറ്റൊരു ചരിത്രം കൂടെയുണ്ട്. 7 വർഷം മുൻപ്, കൃത്യമായിപ്പറഞ്ഞാൽ 2019 അവസാനം വരെ പി2എം ഇടപാടുകൾക്ക് 0.3% വരെ എംഡിആർ ഈടാക്കിയിരുന്നു. എം ഡി ആർ എന്നാൽ, എംഡിആർ–മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് എന്നാണ്. ഉയർന്ന യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് ചാർജ് ഈടാക്കുന്നതിനെയാണ് ഇങ്ങനെ വിളിക്കുന്നത്. ഇനി നേരത്തെ പറഞ്ഞതിലേക്ക് വരാം. 2019 അവസാനം വരെ പി2എം ഇടപാടിന്റെ 0.3% വരെ തുകയായിരുന്നു എംഡിആർ. എന്നാൽ 2020 ജനുവരി മുതൽ എല്ലാ യുപിഐ ഇടപാടുകളെയും എംഡിആർ പിരിക്കുന്നതിൽ നിന്ന് ഒഴിവാക്കി. ഇതിന് ശേഷം, കഴിഞ്ഞ മാസം എംഡിആർ തിരികെ കൊണ്ടുവരുന്നതിനായി പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് നിയമത്തിൽ കേന്ദ്രം ഭേദഗതി വരുത്തിയിരുന്നു. വിജ്ഞാപനത്തിൽ പറയുന്നത് അനുസരിച്ച് 2000 രൂപക്ക് താഴെ സീറോ ചാർജ് ആകും എന്നാണ്.
ഇപ്പോഴും ഈ പുതിയ മാറ്റം ഏതെങ്കിലും രീതിയിൽ ഉപഭോക്താവിനെ ബാധിക്കുമോ എന്ന ചോദ്യം നിൽക്കുന്നുണ്ട്. ഇതിനും ഒരു സാധ്യത തള്ളിക്കളയാനാവില്ല. വ്യാപാരികളിൽ നിന്ന് ഈ എംഡിആർ ഈടാക്കുന്നത് ബാങ്കോ സേവനദാതാവോ ആണ്. അപ്പോൾ ഒരു ഷോപ്പിൽ നിന്ന് നമ്മൾ വാങ്ങിക്കുന്ന സാധനങ്ങളുടെ വിലയുടെ ഒരു പങ്ക് അങ്ങോട്ടേക്ക് പോകും. ഇവിടെ വ്യാപാരിയുടെ ലാഭമാണ് അങ്ങോട്ട് ഒഴുകുന്നത്. എംഡിആർ പ്രാബല്യത്തിൽ വന്നാൽ, വ്യാപാരികൾക്ക് ഇത് പാലിക്കേണ്ടിയും വരും. ഈ ഡിജിറ്റൽ യുഗത്തിൽ, യു പി ഐ ഇടപാടുകൾ കടയിൽ നടത്തേണ്ട എന്ന് തറപ്പിച്ച് പറയുന്നത് വ്യാപാരികൾക്ക് സാധ്യവുമല്ല. സ്വാഭാവികമായി വ്യാപാരിക്ക് പിന്നെ ഉള്ള ഒരേ ഒരു വഴിയുള്ളത് ഈ ബാധ്യത ഉപഭോക്താവിലേക്ക് കൂടി പങ്കു വക്കാം എന്നുള്ളതാണ്. പക്ഷെ, എം ആർ പി വച്ചുള്ള സാധനങ്ങൾക്ക് ഇതും സാധ്യമല്ല. എന്തായാലും, വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്ന് പ്രതീക്ഷിക്കാം....


