ഭവന വായ്പ എടുക്കുമ്പോൾ പലിശ നിരക്ക് മാത്രമല്ല പരിഗണിക്കേണ്ടത്.പ്രോസസ്സിംഗ് ഫീസ്, മറ്റ് ചാർജുകൾ എന്നിവയും പ്രധാനമാണ്. ആവശ്യത്തിന് മാത്രം കടമെടുക്കുകയും, മുൻകൂർ അടവുകൾ നടത്തിയും അനുയോജ്യമായ കാലാവധി തിരഞ്ഞെടുത്തും നിങ്ങൾക്ക് വലിയൊരു തുക ലാഭിക്കാൻ സാധിക്കും.

ഭവന വായ്പ എന്നത് ഒരാളുടെ ജീവിതത്തിലെ ഏറ്റവും വലിയ സാമ്പത്തിക ബാധ്യതകളില്‍ ഒന്നാണ്. വര്‍ഷങ്ങളോളം, ചിലപ്പോള്‍ പതിറ്റാണ്ടുകളോളം ഇതിന്റെ ഇഎംഐ അടയ്‌ക്കേണ്ടതായി വരും. അതിനാല്‍ ലോണ്‍ എഗ്രിമെന്റില്‍ ഒപ്പുവെക്കുന്നതിന് മുന്‍പ് തന്നെ ഇക്കാര്യത്തില്‍ വലിയ ശ്രദ്ധ നല്‍കേണ്ടതുണ്ട്. ലോണ്‍ പാസായി കിട്ടുക എന്നത് മാത്രമല്ല നമ്മൾ ആദ്യം പ്രയോരിറ്റി കൊടുക്കേണ്ട കാര്യം.

2026 ജൂണിലെ കണക്കുകള്‍ പ്രകാരം ബാങ്കുകളും ഹൗസിംഗ് ഫിനാന്‍സ് കമ്പനികളും വിവിധ തരത്തിലുള്ള ഭവന വായ്പകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പലിശ നിരക്കുകളിലെ വ്യത്യാസം, തിരിച്ചടവ് വ്യവസ്ഥകള്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയിലൊക്കെ മാറ്റങ്ങളുള്ളതിനാല്‍ പുതിയ വീട്ടിലേക്ക് മാറുന്നതിന് മുന്‍പ് തന്നെ വിവിധ വായ്പകള്‍ തമ്മില്‍ താരതമ്യം ചെയ്യുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.

പലിശ നിരക്ക് മാത്രം നോക്കി ലോണ്‍ എടുക്കരുത്

കുറഞ്ഞ പലിശ നിരക്ക് സ്വാഭാവികമായും നമ്മെ ആകര്‍ഷിക്കുമെങ്കിലും അത് മാത്രം നോക്കി വായ്പയെടുക്കരുത്. പ്രോസസിംഗ് ഫീസ്, നിയമപരമായ കാര്യങ്ങള്‍ക്കുള്ള ഫീസ്, ഇന്‍ഷുറന്‍സ് വ്യവസ്ഥകള്‍, ഫോര്‍ക്ലോഷര്‍ നിയമങ്ങള്‍ എന്നിവയെല്ലാം ലോണിന്റെ മൊത്തം ചെലവിനെ ബാധിക്കുന്ന കാര്യങ്ങളാണ്. ചിലപ്പോള്‍ അല്പം ഉയര്‍ന്ന പലിശ നിരക്കുള്ള ലോണുകളായിരിക്കും മറ്റ് നിരക്കുകള്‍ കുറവായതിനാല്‍ കൂടുതല്‍ ലാഭകരമായി മാറുക. അതുകൊണ്ട് എല്ലാ കാര്യങ്ങളും പൂര്‍ണമായി പരിശോധിച്ച ശേഷം മാത്രം തീരുമാനമെടുക്കുക.

നിങ്ങള്‍ക്ക് ആവശ്യമുള്ളത് മാത്രം കടമെടുക്കുക

ബാങ്ക് ചിലപ്പോള്‍ ഉയര്‍ന്ന വായ്പാ തുക പാസാക്കി തന്നേക്കാം. എന്നാല്‍ ലഭ്യമായ പരമാവധി തുക നിങ്ങള്‍ കടമെടുക്കണം എന്ന് ഇതിനര്‍ത്ഥമില്ല. വലിയൊരു തുക വായ്പയായി എടുത്താല്‍ ഇഎംഐയും ലോണ്‍ കാലാവധിയില്‍ അടയ്‌ക്കേണ്ട പലിശയും കൂടും. സ്വന്തം കയ്യില്‍ നിന്ന് നല്‍കുന്ന തുക വര്‍ദ്ധിപ്പിച്ചോ, അല്ലെങ്കില്‍ താങ്ങാനാവുന്ന വിലയുള്ള മറ്റൊരു വീട് തിരഞ്ഞെടുത്തോ വായ്പാ തുക കുറയ്ക്കാന്‍ പലരും ശ്രദ്ധിക്കാറുണ്ട്.

നികുതി ഇളവുകള്‍ ശ്രദ്ധിക്കുക

പലരെ സംബന്ധിച്ചും ഭവന വായ്പ എടുക്കുന്നതിന്റെ ഒരു പ്രധാന ആകര്‍ഷണം അതിലൂടെ ലഭിക്കുന്ന നികുതി ഇളവുകളാണ്. ആദായനികുതി നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി, അര്‍ഹരായവര്‍ക്ക് വായ്പയുടെ മുതലും പലിശയും തിരിച്ചടയ്ക്കുമ്പോള്‍ നികുതി ഇളവുകള്‍ ക്ലെയിം ചെയ്യാം. പ്രോപ്പര്‍ട്ടിയുടെ തരം, ഉടമസ്ഥാവകാശം, തിരഞ്ഞെടുത്ത നികുതി വ്യവസ്ഥ തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. ലോണ്‍ തുകക്ക് അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ ഇക്കാര്യങ്ങള്‍ മനസിലാക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സാമ്പത്തിക ആസൂത്രണത്തിന് സഹായിക്കും.

സാധിക്കുമ്പോഴെല്ലാം മുന്‍കൂര്‍ അടവുകള്‍ നടത്തുക

ഒരു ഭവന വായ്പ എപ്പോഴും അതിന്റെ മുഴുവന്‍ കാലാവധി വരെ തുടരണമെന്നില്ല. ഫ്‌ലോട്ടിംഗ് റേറ്റ് വായ്പകള്‍ എടുത്തിട്ടുള്ളവര്‍ക്ക് പിഴ കൂടാതെ തന്നെ മുന്‍കൂര്‍ ആയി തുക അടച്ചു തീര്‍ക്കാന്‍ പല ബാങ്കുകളും അനുവദിക്കാറുണ്ട്. വാര്‍ഷിക ബോണസായി ലഭിക്കുന്ന തുകയോ മറ്റ് അധിക വരുമാനമോ ഉപയോഗിച്ച് ഇടയ്ക്കിടെ ഇങ്ങനെ വലിയ തുകകള്‍ അടയ്ക്കുന്നത് വായ്പയുടെ ബാക്കിനില്‍ക്കുന്ന തുക കുറയ്ക്കാനും അതുവഴി മൊത്തം പലിശ ഇനത്തില്‍ അടയ്‌ക്കേണ്ടി വരുന്ന വലിയൊരു തുക ലാഭിക്കാനും സഹായിക്കും. പലരും പ്രതീക്ഷിക്കുന്നതിലും വലിയൊരു ലാഭമായിരിക്കും ഇതിലൂടെ ലഭിക്കുക.

നിങ്ങളുടെ ബജറ്റിന് അനുയോജ്യമായ കാലാവധി തിരഞ്ഞെടുക്കുക

ലോണ്‍ തിരിച്ചടവിന് കൂടുതല്‍ കാലയളവ് എടുത്താല്‍ പ്രതിമാസ ഇഎംഐ കുറയുമെങ്കിലും, വായ്പയുടെ മൊത്തം കാലയളവില്‍ നിങ്ങള്‍ അടയ്ക്കുന്ന പലിശ വളരെ കൂടുതലായിരിക്കും. നേരെമറിച്ച് കുറഞ്ഞ കാലയളവ് തിരഞ്ഞെടുത്താല്‍ ഇഎംഐ കൂടുതലായിരിക്കുമെങ്കിലും വായ്പ വേഗത്തില്‍ തിരിച്ചടയ്ക്കാനും പലിശ ഇനത്തിലുള്ള ചെലവ് വലിയ തോതില്‍ കുറയ്ക്കാനും സഹായിക്കും. ഇതില്‍ എല്ലാവര്‍ക്കും അനുയോജ്യമായ ഒറ്റ ഉത്തരമില്ല. നിങ്ങളുടെ വരുമാനം, ഭാവിയിലെ സാമ്പത്തിക ബാധ്യതകള്‍, നിങ്ങള്‍ക്ക് സുഖമായി അടച്ചുതീര്‍ക്കാന്‍ കഴിയുന്ന ഇഎംഐ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇതിനുള്ള ശരിയായ കാലാവധി കണ്ടെത്തേണ്ടത്.