മക്കൾ തമ്മിൽ വലിയ പ്രായവ്യത്യാസമുള്ള മാതാപിതാക്കൾ റിട്ടയർമെന്റ് ഫണ്ടും കുട്ടികളുടെ വിദ്യാഭ്യാസ ഫണ്ടും വെവ്വേറെ പ്ലാൻ ചെയ്യണം. വിദ്യാഭ്യാസ രംഗത്തെ പണപ്പെരുപ്പം കണക്കിലെടുത്ത് കൃത്യമായ ടൈംലൈൻ തയ്യാറാക്കുന്നത് സാമ്പത്തിക പ്രതിസന്ധികൾ ഒഴിവാക്കാൻ സഹായിക്കും. സ്വന്തം റിട്ടയർമെന്റ് സമ്പാദ്യം തകർക്കാതെ വിദ്യാഭ്യാസ വായ്പകൾ പ്രയോജനപ്പെടുത്താനും ശ്രദ്ധിക്കണം.

രണ്ടു മക്കള്‍ തമ്മില്‍ അത്യാവശ്യം പ്രായവ്യത്യാസമുണ്ടോ? എന്നാല്‍ നിങ്ങളുടെ റിട്ടയര്‍മെന്റ് സ്വപ്നങ്ങളും സാമ്പത്തിക പ്ലാനിംഗും സാധാരണ രീതിയിലായാല്‍ പോരാ. ജോലിയില്‍ നിന്ന് വിരമിക്കുമ്പോഴേക്കും മക്കളുമായി ബന്ധപ്പെട്ട പ്രധാന ബാധ്യതകളെല്ലാം തീരുമെന്നാണ് നമ്മളില്‍ പലരും കരുതുന്നത്. മക്കള്‍ അടുത്തടുത്ത പ്രായമുള്ളവരാണെങ്കില്‍ ഇത് ശരിയാകാം. എന്നാല്‍ ഇളയ കുട്ടിയുമായി വലിയ പ്രായവ്യത്യാസമുണ്ടെങ്കില്‍ കഥ മാറും.

മൂത്ത കുട്ടിയുടെ ഉന്നതവിദ്യാഭ്യാസം കഴിയുമ്പോഴേക്ക് ഇളയ കുട്ടി പ്രൈമറി സ്‌കൂളിലായിരിക്കും. ഇനി നിങ്ങളുടെ ജോലി കഴിഞ്ഞ് വിശ്രമജീവിതം തുടങ്ങാം എന്ന് വിചാരിക്കുമ്പോഴായിരിക്കും ഇളയ കുട്ടിയുടെ കോളേജ് പ്രവേശനവും വന്‍ ചെലവുകളും വന്നെത്തുന്നത്. എന്നാല്‍ വലിയ പ്രായവ്യത്യാസമുള്ള മക്കളുണ്ടെന്ന് കരുതി അത് സാമ്പത്തിക തകര്‍ച്ച ഉണ്ടാക്കണമെന്നില്ല. അതിനായി റിട്ടയര്‍മെന്റും കുട്ടികളുടെ ഭാവി ചെലവുകളും വ്യത്യസ്ത ടൈംലൈനുകളില്‍ പ്ലാന്‍ ചെയ്താല്‍ മാത്രം മതി.

പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

1. എല്ലാവരുടെയും പ്രായം ഒരുമിച്ച് ഒരു ടൈംലൈനില്‍ എഴുതുക

നിങ്ങളുടെ ഇന്നത്തെ പ്രായം, വിരമിക്കാന്‍ ആഗ്രഹിക്കുന്ന പ്രായം, മക്കളുടെ ഇപ്പോഴത്തെ പ്രായം എന്നിവ കുറിക്കുക. മക്കള്‍ കോളേജില്‍ എത്തുമ്പോഴും മറ്റും നിങ്ങള്‍ക്ക് എത്ര വയസ്സാകുമെന്ന് കണക്കുകൂട്ടുക. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് ഇപ്പോള്‍ 45 വയസ്സും ഇളയ കുട്ടിക്ക് 8 വയസ്സുമാണെങ്കില്‍, നിങ്ങള്‍ക്ക് 60 വയസ്സ് തികയുമ്പോള്‍ കുട്ടിയുടെ പ്രായം 23 മാത്രമേ ആകൂ. അതായത്, നിങ്ങളുടെ വരുമാനം നില്‍ക്കുന്ന അതേ സമയത്തായിരിക്കും കുട്ടിയുടെ പഠനത്തിനും മറ്റുമായി വലിയ തുക നല്‍കേണ്ടിവരുന്നത്. ഇത് നേരത്തെ കണ്ട് പ്ലാന്‍ ചെയ്യുകയാണ് പ്രധാനം.

2. ഇളയ കുട്ടിക്കും അതേ ചെലവ് തന്നെയാകും എന്ന് കരുതരുത്

മൂത്ത കുട്ടിയുടെ അതേ കോഴ്‌സിന് ഇളയ കുട്ടി ചേരുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷമായതിനാല്‍ ചെലവ് വന്‍തോതില്‍ കൂടും. വിദ്യാഭ്യാസ രംഗത്തെ പണപ്പെരുപ്പം ബാധിക്കുന്നതാണ് ഇതിന് കാരണം. സെബിയുടെ സാമ്പത്തിക പ്ലാനിംഗ് ടൂളുകള്‍ പോലും രണ്ടു കുട്ടികളുടെയും വിദ്യാഭ്യാസ ആവശ്യങ്ങളെ വെവ്വേറെയാണ് കണക്കാക്കുന്നത്. രണ്ടുപേര്‍ക്കുമായി ഒരേ തുക മാത്രം നീക്കിവെച്ചാല്‍ ഇളയ കുട്ടിയുടെ ആവശ്യങ്ങള്‍ക്ക് അത് തികയാതെ വരാന്‍ സാധ്യതയേറെയാണ്.

3. റിട്ടയര്‍മെന്റ് ഫണ്ടും പഠന ഫണ്ടും വെവ്വേറെ സൂക്ഷിക്കുക

എല്ലാ സമ്പാദ്യവും ഒരൊറ്റ പൂളായി കാണുന്നതാണ് ഏറ്റവും വലിയ അപകടം. ഇളയ കുട്ടിയുടെ അഡ്മിഷന്‍ സമയത്ത് ഫണ്ട് തികയാതെ വന്നാല്‍ റിട്ടയര്‍മെന്റിനായി മാറ്റിവെച്ച പണത്തില്‍ നിന്ന് തുകയെടുക്കാന്‍ തോന്നും. അത് അന്നത്തെ പ്രശ്‌നം പരിഹരിക്കുമെങ്കിലും നിങ്ങളുടെ വിരമിക്കലിനു ശേഷമുള്ള ജീവിതത്തെ വന്‍ പ്രതിസന്ധിയിലാക്കും. റിട്ടയര്‍മെന്റ് ഫണ്ട് എന്നാല്‍ ദശാബ്ദങ്ങളോളം വരുന്ന നിങ്ങളുടെ ദൈനംദിന ചെലവുകള്‍ക്കും വൈദ്യസഹായത്തിനുമുള്ളതാണ്.

4. ചെലവുകള്‍ക്കിടയിലെ ഇടവേള ബുദ്ധിപൂര്‍വം ഉപയോഗിക്കുക

മൂത്ത കുട്ടിയുടെ വലിയ പഠനച്ചെലവുകള്‍ കഴിയുന്നതോടെ ആ തുക മുഴുവന്‍ മറ്റ് വീട്ടാവശ്യങ്ങള്‍ക്ക് ചെലവഴിച്ചു കളയരുത്. അതില്‍ ഒരു പങ്ക് ഇളയ കുട്ടിയുടെ പഠന ഫണ്ടിലേക്കും സ്വന്തം റിട്ടയര്‍മെന്റ് ഫണ്ടിലേക്കും മാറ്റുക. ഇത് നിങ്ങളുടെ സാമ്പത്തിക ഭാരം പകുതിയായി കുറയ്ക്കും.

5. റിട്ടയര്‍മെന്റ് നിക്ഷേപം നിര്‍ത്തിവെച്ച് കുട്ടികളെ പഠിപ്പിക്കരുത്

മക്കള്‍ക്ക് തുല്യ അവസരം നല്‍കാന്‍ ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കും. എന്നാല്‍ സ്വന്തം റിട്ടയര്‍മെന്റ് സമ്പാദ്യം പൂര്‍ണ്ണമായി തകര്‍ത്ത് വേണം ഇത് ചെയ്യാന്‍ എന്ന് കരുതരുത്. അത്തരം സാഹചര്യങ്ങളില്‍ സ്‌കോളര്‍ഷിപ്പുകള്‍, വിദ്യാഭ്യാസ വായ്പകള്‍അല്ലെങ്കില്‍ ചെറിയ സമ്പാദ്യത്തോടൊപ്പം വായ്പയും ചേര്‍ത്തുള്ള രീതികള്‍ എന്നിവ തിരഞ്ഞെടുക്കാം. റിട്ടയര്‍മെന്റ് നിക്ഷേപങ്ങള്‍ വൈകിക്കുന്നത് 'കോമ്പൗണ്ടിംഗ്' വഴിയുള്ള ലാഭം നഷ്ടപ്പെടുത്തും.

6. വിരമിക്കല്‍ പ്രായം

സാധാരണയായി 58 അല്ലെങ്കില്‍ 60 വയസ്സില്‍ വിരമിക്കാന്‍ തീരുമാനിച്ചവര്‍ ഇളയ കുട്ടിയുടെ ചെലവുകള്‍ കൂടി കണക്കിലെടുത്ത് പ്ലാനില്‍ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കണം. ചിലപ്പോള്‍ ഒന്നോ രണ്ടോ വര്‍ഷം കൂടി ജോലി ചെയ്യുന്നത് വളരെ വലിയ സാമ്പത്തിക ഭദ്രത നല്‍കും. ഇത് 59-ാം വയസ്സില്‍ തിരിച്ചറിയുന്നതിനേക്കാള്‍ നല്ലത് 45-ാം വയസ്സില്‍ തിരിച്ചറിയുന്നതാണ്.