ഇന്ത്യയിലെ ഭിന്നശേഷിക്കാർക്ക് താങ്ങാനാവാത്ത ചികിത്സാച്ചെലവുകൾ നേരിടാൻ ആരോഗ്യ ഇൻഷുറൻസ് പോളിസികൾ അത്യന്താപേക്ഷിതമാണ്. സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ നൽകുന്ന പരിരക്ഷകൾക്ക് പുറമെ കേന്ദ്ര സർക്കാരിന്റെ 'നിരാമയ' പദ്ധതിയും ഇവർക്ക് വലിയ സാമ്പത്തിക സഹായം ഉറപ്പാക്കുന്നു. ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ഈ ആനുകൂല്യങ്ങൾ എളുപ്പത്തിൽ പ്രയോജനപ്പെടുത്താം.

ഇന്ത്യയില്‍ കോടിക്കണക്കിന് ആളുകളാണ് വിവിധ തരത്തിലുള്ള ശാരീരിക- മാനസിക വെല്ലുവിളികള്‍ നേരിട്ട് ജീവിക്കുന്നത്. മറ്റുള്ളവര്‍ക്ക് പലപ്പോഴും മനസിലാകാത്ത നിരവധി പ്രതിസന്ധികളാണ് ഇവര്‍ ഓരോ ദിവസവും മറികടക്കുന്നത്. ഭിന്നശേഷി എന്നത് വെറുമൊരു ആരോഗ്യപ്രശ്‌നം മാത്രമല്ല, അവര്‍ക്ക് കൂടി അര്‍ഹതപ്പെട്ട തുല്യനീതിയുടെയും പരിഗണനയുടെയും വിഷയം കൂടിയാണ്.

ഏറ്റവും പുതിയ സെന്‍സസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യയുടെ 2.21 ശതമാനം പേര്‍ ഭിന്നശേഷിക്കാരാണ്. അതായത് ഏകദേശം 2.68 കോടി ജനങ്ങള്‍! ഇത്രയധികം ആളുകള്‍ക്ക് കൃത്യവും നിരന്തരവുമായ പ്രത്യേക വൈദ്യസഹായം ആവശ്യമാണ്. കൃത്യമായ സംവിധാനങ്ങളില്ലെങ്കില്‍, ഇവരുടെ ചികിത്സാച്ചെലവുകള്‍ കുടുംബങ്ങള്‍ക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയായി മാറും. ഈ സാഹചര്യത്തിലാണ് ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രസക്തി വര്‍ധിക്കുന്നത്. വലിയ ആശുപത്രി ചെലവുകളില്‍ നിന്ന് സംരക്ഷണം നല്‍കാനും അവര്‍ക്ക് അന്തസോടെ ജീവിക്കാനും ഇത്തരം ഇന്‍ഷുറന്‍സ് പദ്ധതികള്‍ സഹായിക്കും.

ഭിന്നശേഷിക്കാര്‍ക്കുള്ള സ്വകാര്യ ഇന്‍ഷുറന്‍സ് പരിരക്ഷ

2016-ലെ റൈറ്റ്‌സ് ഓഫ് പേഴ്‌സണ്‍സ് വിത്ത് ഡിസെബിലിറ്റീസ് ആക്ട് പ്രകാരവും, എയ്ഡ്‌സ് ബാധിതര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ അവകാശമായിത്തന്നെ ഉറപ്പാക്കുന്നുണ്ട്. ഭിന്നശേഷിക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി, അവരുടെ ചികിത്സാ ആവശ്യങ്ങള്‍ക്കും സാമ്പത്തിക സുരക്ഷയ്ക്കും അനുയോജ്യമായ പോളിസികള്‍ ഇന്ന് പല ഇന്ത്യന്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളും നല്‍കുന്നുണ്ട്.

ആശുപത്രി ചെലവുകള്‍ (റൂം വാടക, ഐസിയു ചാര്‍ജ്, ഡോക്ടര്‍മാരുടെ ഫീസ്), മരുന്നുകള്‍, പരിശോധനകള്‍, ശസ്ത്രക്രിയകള്‍ എന്നിവയ്ക്ക് ഇത്തരം പോളിസികള്‍ വഴി പരിരക്ഷ ലഭിക്കും. ഇതിന് പുറമെ ആയുഷ് ചികിത്സകള്‍, തിമിര ശസ്ത്രക്രിയ, ആശുപത്രി വാസത്തിന് മുന്‍പും ശേഷവുമുള്ള ചെലവുകള്‍, ആംബുലന്‍സ് സേവനം, കൂടാതെ റോബോട്ടിക് സര്‍ജറി, സ്റ്റെം സെല്‍ ചികിത്സ തുടങ്ങിയ ആധുനിക ചികിത്സകള്‍ക്കും കവറേജ് ലഭിക്കുന്നതാണ്. നിശ്ചിത കാത്തിരിപ്പ് കാലാവധിക്ക് ശേഷം നിലവിലുള്ള ഭിന്നശേഷിയുമായി ബന്ധപ്പെട്ട അടിയന്തര ചികിത്സകള്‍ക്കും ഈ പോളിസികളില്‍ പരിരക്ഷ ലഭിക്കും.

പോളിസി എടുക്കുന്നതിന് മുന്‍പ് അതില്‍ ഉള്‍പ്പെടാത്ത കാര്യങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതുണ്ട്. നിലവിലുള്ള അസുഖങ്ങള്‍ക്ക് ആദ്യത്തെ 24 മുതല്‍ 36 മാസം വരെ പരിരക്ഷ ലഭിക്കില്ല. ഹെര്‍ണിയ, തിമിരം, സന്ധിവാതം, ജന്മനായുള്ള വൈകല്യങ്ങള്‍ തുടങ്ങിയവയ്ക്ക് 24 മാസത്തെ കാത്തിരിപ്പ് കാലാവധിയുണ്ട്. പോളിസി എടുത്ത ആദ്യത്തെ 30 ദിവസത്തിനുള്ളില്‍ വരുന്ന ചികിത്സകള്‍ക്ക് (അപകടങ്ങള്‍ ഒഴികെ) കവറേജ് ലഭിക്കില്ല. സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയകള്‍, അമിതവണ്ണത്തിനുള്ള ചികിത്സ, വന്ധ്യതാ ചികിത്സ, പ്രസവ സംബന്ധമായ ചെലവുകള്‍, മദ്യപാനമോ മയക്കുമരുന്നോ മൂലമുള്ള അസുഖങ്ങള്‍ എന്നിവ പോളിസിയില്‍ ഉള്‍പ്പെടില്ല. ഇതൊക്കെയാണെങ്കിലും ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കാന്‍ അടിസ്ഥാനപരമായി വേണ്ട ഒരു കാര്യമുണ്ട് - അംഗീകൃത അതോറിറ്റി നല്‍കുന്ന സാധുവായ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ്. ഇത് നിര്‍ബന്ധമായും ഹാജരാക്കിയാല്‍ മാത്രമേ ഭിന്നശേഷിക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാകൂ.

സര്‍ക്കാരിന്റെ 'നിരാമയ' ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി

സ്വകാര്യ പോളിസികള്‍ക്ക് പുറമെ, ഭിന്നശേഷിക്കാര്‍ക്ക് പ്രയോജനപ്പെടുത്താവുന്ന ഒന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ 'നിരാമയ' ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന് കീഴിലുള്ള ഭിന്നശേഷി ശാക്തീകരണ വകുപ്പാണ് ഇത് നടപ്പിലാക്കുന്നത്. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, എന്നിവ ഉള്ളവര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ഇന്‍ഷുറന്‍സ് നല്‍കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

കവറേജ്: ഒരു വര്‍ഷത്തേക്ക് 1,00,000 രൂപ വരെയുള്ള ചികിത്സാ ആനുകൂല്യങ്ങളാണ് ഇതില്‍ ലഭിക്കുക. എല്ലാ വര്‍ഷവും പോളിസി പുതുക്കേണ്ടതാണ്. ശസ്ത്രക്രിയകള്‍ മുതല്‍ രോഗപ്രതിരോധത്തിനായുള്ള പരിശോധനകള്‍ക്ക് വരെ സാമ്പത്തിക സഹായം ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും. 1999-ലെ നാഷണല്‍ ട്രസ്റ്റ് ആക്ട് പ്രകാരമുള്ള സാധുവായ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കാണ് ഈ പദ്ധതിയില്‍ ചേരാന്‍ അര്‍ഹതയുള്ളത്.