തിരുവനന്തപുരം: കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ഇനി പരിരക്ഷ ലഭിക്കും. രണ്ട് ലക്ഷം രൂപ വരെയുളള നിക്ഷേപങ്ങള്‍ക്കാണ് ഇത്തരത്തില്‍ പരിരക്ഷ ലഭിക്കുക. സഹകരണ നിക്ഷേപ ഫണ്ട് ബോര്‍ഡാണ് ഈ സുരക്ഷ ഉറപ്പാക്കുന്നത്. 

നിക്ഷേപം തിരികെ നല്‍കാനാകാതെ സഹകരണ സ്ഥാപനം പ്രതിസന്ധിയിലായാല്‍ രണ്ട് ലക്ഷം രൂപ നിക്ഷേപകന് ലഭിക്കും. ഒക്ടോബര്‍ ഒന്ന് മുതല്‍ ഈ ഗാരന്‍റി നല്‍കാത്ത സഹകരണ സ്ഥാപനങ്ങള്‍ക്ക് നിയമനുസൃതം നിക്ഷേപം സ്വീകരിക്കാനാകില്ലെന്ന് സഹകരണ വകുപ്പ് വിജ്ഞാപനം ഇറക്കി. 

സംസ്ഥാന സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന നിക്ഷേപ ഗാരന്‍റി ബോര്‍ഡില്‍ അംഗത്വമുളള സ്ഥാപനങ്ങളില്‍ പദ്ധതി നടപ്പാക്കും. രാജ്യത്തെ ദേശസാത്കൃത ബാങ്കുകള്‍ സാധാരണ ഒരു ലക്ഷം രൂപ വരെയുളള നിക്ഷേപങ്ങള്‍ക്കാണ് ഗാരന്‍റി നല്‍കുന്നത്.