ദില്ലി: പ്രധാൻ മന്ത്രി ഗരിബ് കല്യാൺ പാക്കേജ് അനുസരിച്ച് വനിതാ ജൻ ധൻ യോജന ഗുണഭോക്താക്കൾക്കുളള പ്രതിമാസ 500 രൂപയുടെ ആദ്യ ​ഗഡു നാളെ മുതൽ അക്കൗണ്ടുകളിൽ സർക്കാർ നിക്ഷേപിക്കും. ലോക്ക് ഡൗൺ കണക്കിലെടുത്ത് ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായി മൂന്ന് മാസത്തേക്ക് വനിതാ ജൻ ധൻ യോജന ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ പ്രതിമാസം 500 രൂപ വീതം നിക്ഷേപിക്കുമെന്ന് നേരത്തെ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. 

സാമൂഹിക അകലം പാലിക്കുന്നതിനും ഗുണഭോക്താക്കൾ ബുദ്ധിമുട്ടില്ലാതെ പണം പിൻവലിക്കുന്നതിനുമായി ഒരു 'ഷെഡ്യൂൾ' ഇന്ത്യൻ ബാങ്ക് അസോസിയേഷൻ പുറത്തുവിട്ടു. 

വനിതാ ധൻ യോജന ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് നമ്പർ അവസാനിക്കുന്നത് 0 അല്ലെങ്കിൽ 1 ൽ ആണെങ്കിൽ, ഏപ്രിൽ മൂന്നാം തീയതി പണം പിൻവലിക്കാം

അക്കൗണ്ട് നമ്പർ അവസാനിക്കുന്നത് 2 അല്ലെങ്കിൽ 3 എന്നിവ നമ്പരുകളിലാണെങ്കിൽ, ഏപ്രിൽ നാലിന് പണം പിൻവലിക്കാം. 4 അല്ലെങ്കിൽ 5 തുടങ്ങിയ അക്കങ്ങളിലാണ് നമ്പർ അവസാനിക്കുന്നതെങ്കിൽ ഏപ്രിൽ ഏഴാം തീയതി പണം പിൻവലിക്കാം. 6 അല്ലെങ്കിൽ 7 തുടങ്ങിയ അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് ഏപ്രിൽ എട്ടാം തീയതി പണം ബാങ്കുകളിൽ നിന്ന് പിൻവലിക്കാം. 8 അല്ലെങ്കിൽ 9 തുടങ്ങിയ അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് ഏപ്രിൽ ഒൻപതാം തീയതി പണം പിൻവലിച്ച് ഉപയോ​ഗിക്കാം. ഏപ്രിൽ ഒൻപതിന് ശേഷം ഏത് ബാങ്ക് പ്രവർത്തി ദിവസവും ഉപഭോക്താക്കൾക്ക് പണം പിൻവലിക്കാം. 

എല്ലാവരുടേയും സഹകരണവും സുരക്ഷയും ഉറപ്പുവരുത്താനും ബാങ്കുകൾ എല്ലാ ഗുണഭോക്താക്കളോടും അഭ്യർത്ഥിച്ചു. “ഈ പണം ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിനാൽ, ഗുണഭോക്താക്കൾ പിൻവലിക്കലിനായി തിരക്കുകൂട്ടേണ്ടതില്ല, പിന്നീടുള്ള തീയതിയിൽ നിങ്ങളുടെ സൗകര്യാർത്ഥം പണം എടുക്കാം,” ഇന്ത്യൻ ബാങ്ക് അസോസിയേഷൻ പറഞ്ഞു.

ശാഖകളിൽ തിരക്ക് ഒഴിവാക്കാൻ റുപേ കാർഡുകൾ, സി‌എസ്‌പികൾ എന്നിവ ഉപയോഗിച്ച് അടുത്തുളള എടിഎമ്മുകൾ ഉപയോഗിക്കാൻ ഗുണഭോക്താക്കളോട് അസോസിയേഷൻ അഭ്യർത്ഥിച്ചു. 

സർക്കാർ നിർദ്ദേശപ്രകാരം മറ്റ് ബാങ്ക് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് യാതൊരു നിരക്കും ഈടാക്കില്ലെന്നും അസോസിയേഷൻ പറഞ്ഞു. 

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക