രാജ്യത്തെ പ്രധാന നഗരങ്ങളിൽ വീടുകളുടെ വില നിർമ്മാണച്ചെലവിനേക്കാൾ വേഗത്തിൽ കുതിച്ചുയരുകയാണ്. നിർമ്മാണ സാമഗ്രികളുടെ വില വർധനവ് ഒരു ഘടകമാണെങ്കിലും, ഭൂമിയുടെ വിലയിലുണ്ടായ ഭീമമായ വർധനവാണ് ഈ വിലക്കയറ്റത്തിന് പിന്നിലെ പ്രധാന കാരണം. അടിസ്ഥാന സൗകര്യ വികസനവും ഉയർന്ന ഡിമാൻഡും ഭൂമിയുടെ മൂല്യം വർദ്ധിപ്പിക്കുമ്പോൾ, അത് വീടുകളുടെ വിപണി വിലയെ നേരിട്ട് ബാധിക്കുന്നു.

ഒരു വീട് വയ്ക്കുക അല്ലെങ്കില്‍ ഫ്‌ലാറ്റ് വാങ്ങുക എന്നത് പലരുടേയും വലിയ സ്വപ്നങ്ങളിലൊന്നാണ്. എന്നാല്‍ സിമന്റിനും കമ്പിക്കും ഒപ്പം പണിക്കൂലിയും കൂടുന്നത് ഈ സ്വപ്‌നങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ്. എന്നാല്‍ രാജ്യത്തെ പ്രധാന നഗരങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ മറ്റൊരു യാഥാര്‍ഥ്യം മനസ്സിലാക്കാം. വീടിന്റെ വില നിര്‍ണയിക്കുന്നത് ഇപ്പോള്‍ നിര്‍മ്മാണച്ചെലവല്ല, മറിച്ച് ആ വീട് നില്‍ക്കുന്ന മണ്ണാണ്.

അനാറോക്ക് റിസര്‍ച്ച് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2021 മുതല്‍ 2025 വരെയുള്ള കാലയളവില്‍ രാജ്യത്തെ പ്രധാനപ്പെട്ട 7 നഗരങ്ങളില്‍ വീടുകളുടെ നിര്‍മ്മാണച്ചെലവില്‍ ഉണ്ടായത് 34 ശതമാനം വര്‍ധനവാണ്. അതായത്, ഒരു സ്‌ക്വയര്‍ ഫീറ്റിന് 2,681 രൂപയില്‍ നിന്ന് 3,604 രൂപയായി ചെലവ് വര്‍ധിച്ചു. എന്നാല്‍ ഇതേ കാലയളവില്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്ന വീടുകളുടെ വിലയിലുണ്ടായ വര്‍ധനവ് 59 ശതമാനമാണ്. സ്‌ക്വയര്‍ ഫീറ്റിന് 5,826 രൂപയില്‍ നിന്ന് 9,260 രൂപയായാണ് വില കുതിച്ചുയര്‍ന്നത്. അതായത് നിര്‍മ്മാണച്ചെലവ് പ്രതിവര്‍ഷം 6.9 ശതമാനം നിരക്കില്‍ ഉയര്‍ന്നപ്പോള്‍, വീടുകളുടെ വിപണി വില വര്‍ധിച്ചത് 12 ശതമാനം നിരക്കിലാണ്.

എന്തുകൊണ്ട് ഈ വ്യത്യാസം?

ഒറ്റനോട്ടത്തില്‍ സാധനങ്ങള്‍ക്ക് വില കൂടിയതാണ് കാരണമെന്ന് തോന്നാമെങ്കിലും കണക്കുകള്‍ പറയുന്നത് മറ്റൊന്നാണ്. അനാറോക്കിന്റെ പഠനമനുസരിച്ച്, വീടിന്റെ വിലയിലുണ്ടാകുന്ന വര്‍ധനവിന്റെ 66 ശതമാനം മാത്രമാണ് നിര്‍മ്മാണച്ചെലവുമായി ബന്ധപ്പെട്ടിരിക്കുന്നത്. ബാക്കി 34 ശതമാനവും വരുന്നത് ഭൂമിയുടെ വില, ഡെവലപ്പര്‍മാരുടെ ലാഭം, ഡിമാന്‍ഡ് തുടങ്ങിയ കാര്യങ്ങളില്‍ നിന്നാണ്. നിര്‍മ്മാണ സാമഗ്രികളുടെ വില കുറയ്ക്കാന്‍ പുതിയ സാങ്കേതികവിദ്യകളോ മാര്‍ഗ്ഗങ്ങളോ ഉപയോഗിച്ചേക്കാം. എന്നാല്‍ ഭൂമിയുടെ കാര്യം അങ്ങനെയല്ല. നഗരങ്ങളില്‍ നല്ല സൗകര്യങ്ങളുള്ള ഭൂമി വളരെ കുറവാണ്. ആ കുറവ് തന്നെയാണ് വില കൂട്ടുന്നതും.

അദൃശ്യമായ ചിലവ്: കുതിച്ചുയര്‍ന്ന് ഭൂമിയുടെ വില

2021 മുതല്‍ 2026-ന്റെ പകുതി വരെയുള്ള കാലയളവില്‍ രാജ്യത്തെ 7 പ്രധാന നഗരങ്ങളിലെ ഭൂമിയുടെ വിലയില്‍ 50 മുതല്‍ 120 ശതമാനം വരെയാണ് വര്‍ധനവുണ്ടായത്. ഡല്‍ഹി ഉള്‍പ്പെടുന്ന എന്‍സിആര്‍ മേഖലയില്‍ ഇത് 70-130% ആണെങ്കില്‍, ബെംഗളൂരുവില്‍ 60-120% വരെ വില കൂടി. പുതിയ എക്‌സ്പ്രസ് വേ, മെട്രോ, എയര്‍പോര്‍ട്ട് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ വരുന്നതാണ് ഭൂമിയുടെ മൂല്യം ഒറ്റയടിക്ക് കൂട്ടുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും ഡിമാന്‍ഡും തന്നെയാണ് വീടുകളുടെ വില വര്‍ധനവിന് പ്രധാന കാരണം.

നിര്‍മ്മാണച്ചെലവും കൂടുന്നു

ഭൂമിയുടെ വില മാത്രമല്ല, വീട് നിര്‍മ്മാണവും ചെലവേറിയതായി മാറുകയാണ്. പ്രീമിയം വീടുകളുടെ നിര്‍മ്മാണച്ചെലവ് 2021 നും 2025 നും ഇടയില്‍ 39% വര്‍ധിച്ചു (സ്‌ക്വയര്‍ ഫീറ്റിന് 3,861 രൂപയില്‍ നിന്ന് 5,370 രൂപയായി). ഇതിന് പുറമെ മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ കാരണം സ്റ്റീല്‍, ഇന്ധനം, ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ എന്നിവയുടെ വില കൂടിയതോടെ നിര്‍മ്മാണച്ചെലവില്‍ 8-10% അധിക വര്‍ധനവുമുണ്ടായി.

കണക്കുകള്‍ ഒറ്റനോട്ടത്തില്‍:

സ്റ്റീല്‍ വില: 20% കൂടി. ഒരു ടണ്‍ ടിഎംടി കമ്പിക്ക് ഏകദേശം 72,000 രൂപയായി.

ഇന്ധനം & ഗതാഗതം: ആകെ ചിലവിന്റെ 4-5% വരുമെങ്കിലും, ഇതില്‍ 15-20% വര്‍ധനവുണ്ടായി.

ഫിനിഷിങ് മെറ്റീരിയല്‍: ടൈല്‍, ഗ്ലാസ് തുടങ്ങിയവയ്ക്ക് 8-12% വില കൂടി.

പണിക്കൂലി: ആകെ ചിലവിന്റെ 25-30% വരുന്ന പണിക്കൂലിയില്‍ 5-6% വര്‍ധനവാണ് ഉണ്ടായത്. വിദഗ്ധരായ തൊഴിലാളികളുടെ കുറവാണ് ഇതിന് കാരണം.

മറഞ്ഞിരിക്കുന്ന ചെലവുകള്‍

ഇന്നത്തെ വീടുകള്‍ പണ്ടത്തേത് പോലെയല്ല. ഇലക്ട്രിക്കല്‍ സിസ്റ്റം, പ്ലംബിങ്, എസി , എലിവേറ്ററുകള്‍, ഫയര്‍ സേഫ്റ്റി എന്നിവയ്ക്ക് വലിയ തുക വേണം. ചെമ്പിന്റെയും അലുമിനിയത്തിന്റെയും വില കൂടിയതോടെ ഇവയുടെ ചിലവുകളില്‍ 9-13% വര്‍ധനവുണ്ടായി. 2023 നും 2025 നും ഇടയില്‍ അടിസ്ഥാന നിര്‍മ്മാണച്ചെലവ് 13% വര്‍ധിച്ചു(1,956 രൂപയില്‍ നിന്ന് 2,212 രൂപ).

വില മുഴുവന്‍ വാങ്ങുന്നവന്റെ തലയില്‍ വയ്ക്കാനാകുമോ?

നിര്‍മ്മാണച്ചെലവ് കൂടിയെന്ന് കരുതി ഡെവലപ്പര്‍മാര്‍ക്ക് ഇഷ്ടമുള്ളത് പോലെ വില കൂട്ടാന്‍ കഴിയില്ല. വില താങ്ങാനാവുന്നതിലും അപ്പുറമായാല്‍ ആളുകള്‍ വീട് വാങ്ങില്ല എന്നതാണ് സത്യം. ലക്ഷ്വറി വീടുകള്‍ വാങ്ങുന്നവരെ ഇത് കാര്യമായി ബാധിക്കില്ലെങ്കിലും, സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ഇത് വലിയ തിരിച്ചടിയാണ്. ചെറിയൊരു വിലവര്‍ധനവ് പോലും ഇവരുടെ ബഡ്ജറ്റ് തെറ്റിക്കും. അതിനാല്‍ ഡിസൈനില്‍ മാറ്റം വരുത്തിയും മറ്റും ചിലവ് കുറയ്ക്കാനാണ് ഡെവലപ്പര്‍മാരുടെ ശ്രമം.