തിയേറ്ററുകളിലെ ഭക്ഷ്യവസ്തുക്കൾക്ക് അമിതവില ഈടാക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ പരിശോധന നടത്തും. പാക്കേജ്ഡ് വസ്തുക്കളുടെ പർച്ചേസിംഗ് ലിസ്റ്റ് പരിശോധിച്ച് അമിതലാഭം നേടുന്നുണ്ടോ എന്ന് കണ്ടെത്തും.
തിരുവനന്തപുരം: തിയേറ്ററുകളിലെ ഭക്ഷ്യവസ്തുക്കൾക്ക് അമിതവില ഈടാക്കുന്നത് സംബന്ധിച്ച് പരിശോധന നടത്തും.പാക്കേജ്ഡ് വസ്തുക്കളുടെ പർച്ചേസിംഗ് ലിസ്റ്റാണ് ഉദ്യോഗസ്ഥർ പരിശോധിക്കുക. പുറത്തുള്ളതിനേക്കാൾ അമിത വിലയാണ് പാക്കേജ് ഭക്ഷ്യവസ്തുക്കളുടെ എംആർപിയായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിലൂടെ തീയറ്ററുകൾ അമിതലാഭം നേടുന്നോ എന്നറിയാനാണ് പർച്ചേസ് ലിസ്റ്റ് പരിശോധിക്കുന്നത്. തലസ്ഥാനത്ത് നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ഇന്ന് തന്നെ കളക്ടർക്കും മന്ത്രിക്കും ഉദ്യോഗസ്ഥർ സമർപ്പിക്കും.
കഴിഞ്ഞ ദിവസം തിയേറ്ററുകളിലെ വിലനിയന്ത്രണ പ്രഖ്യാപനം മേയർ വി വി രാജേഷിന്റെ വെറും പിആർ തട്ടിപ്പാണെന്ന് കാണിച്ച് കോൺഗ്രസ് നേതാവും എംഎൽഎയുമായ സന്ദീപ് വാര്യർ രംഗത്തു വന്നിരുന്നു. ഭരണപരമായ അധികാരങ്ങളോ നിയമപരമായ യാഥാർത്ഥ്യങ്ങളോ പരിശോധിക്കാതെ, കേവലം മാധ്യമശ്രദ്ധയും സോഷ്യൽ മീഡിയ കൈയടിയും മാത്രം ലക്ഷ്യമിട്ടാണ് മേയർ ഇത്തരം വീൺവാക്കുകൾ പടച്ചുവിടുന്നതെന്ന് സന്ദീപ് വാര്യർ കുറ്റപ്പെടുത്തിയിരുന്നു.
അഭിഭാഷകൻ കൂടിയായ മേയർക്ക് ഈ നിയമപരമായ പരിമിതി വ്യക്തമായി അറിയാമായിരുന്നിട്ടും, നഗരസഭ ഇടപെട്ട് വില നിയന്ത്രിക്കുമെന്ന് പ്രഖ്യാപിക്കുന്നത് തികഞ്ഞ രാഷ്ട്രീയ വഞ്ചനയാണ്. നഗരസഭ അത്തരമൊരു ഉത്തരവിറക്കിയാൽ തന്നെ കോടതിയിൽ ഒരു മിനിറ്റ് പോലും നിലനിൽക്കില്ല. കഴിവുണ്ടെങ്കിൽ അദാനിയുടെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എയർപോർട്ടിലെ അമിതവില കുറപ്പിയ്ക്കാൻ മേയർ തയ്യാറാകണമെന്നും അദ്ദേഹം പരിഹസിച്ചു.


