പ്രശ്നപരിഹാര ചർച്ച നടത്തുന്നതിനിടെ മലയിടംതുരുത്തിലെ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ ഹൈക്കോടതി ഈമാസം 16 വരെ സാവകാശം അനുവദിച്ചു.. ജൂൺ 9 നകം ഒഴിപ്പിക്കണമെന്ന പെരുമ്പാവൂർ കോടതി ഉത്തരവിനെതിരായ സർക്കാർ നൽകിയ ഹർജിയിലാണ് നടപടി. ഇനി സാവകാശം നൽകാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ ഈമാസം 16 വരെ സാവകാശം അനുവദിച്ച് ഹൈക്കോടതി. ജൂൺ 9 നകം ഒഴിപ്പിക്കണമെന്ന പെരുമ്പാവൂർ കോടതി ഉത്തരവിനെതിരായ സർക്കാർ നൽകിയ ഹർജിയിലാണ് നടപടി. ഇനി സാവകാശം നൽകാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഒത്തുതീർപ്പിന്‍റെ ഭാഗമായി നാളെ എറണാകുളത്ത് മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്തും.
ബലപ്രയോഗമുണ്ടാകാതെ മലയിടംതുരുത്തിലെ പ്രശ്നം തീര്‍ക്കാന്‍ സർക്കാർ ശ്രമിക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം പെരുമ്പാവൂർ മുൻസിഫ് കോടതി വീണ്ടും ഉത്തരവിറക്കിയത്. 9-ാം തീയതിക്കകം കുടിയൊഴിപ്പിക്കല്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു അഭിഭാഷക കമ്മീഷന് നിർദ്ദേശം നൽകിയത്. മതിയായ സുരക്ഷ ഒരുക്കണമെന്ന് പൊലീസിനോടും കോടതി നിര്‍ദേശിച്ചു. കോടതി കടുപ്പിക്കുന്ന സാഹചര്യത്തിലായിരുന്നു സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഈമാസം 9 വരെ ഹൈക്കോടതി സമയം അനുവദിച്ചിരിക്കെ വീണ്ടും കീഴ്കോടതി ഉത്തരവിടുന്നത് തെറ്റെന്നായിരുന്നു വാദം. പ്രശ്ന പരിഹാരത്തിനുള്ള ശ്രമം തുടരുകയാണെന്നും എജി കോടതിയെ അറിയിച്ചു. തുടർന്നാണ് 16 വരെ സമയം നീട്ടി നൽകിയത്. എന്നാൽ ഇനി സമയം നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി.
കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കാനാവില്ലെന്നാണ് സർക്കാർ നൽകുന്ന സൂചന. മലയിടംതുരുത്തിന് സമീപം തന്നെ 35 സെന്‍റ് സ്ഥലം വാങ്ങി കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങള്‍ക്ക് വീടുകള്‍ വച്ചു കൊടുക്കാമെന്ന ഫോര്‍മുല മാത്രമാണ് സര്‍ക്കാറിന് മുന്നിലുള്ളത്. ഈ സാഹചര്യം അറിയിക്കാൻ നാളെ എറണാകുളം കളക്ട്രേറ്റിൽ വീണ്ടും മന്ത്രിയുടെ നേതൃത്വത്തിൽ ഒത്തുതീർപ്പ് ചർച്ച നടക്കും. ഭൂമിയുടെ ഉടമസ്ഥാവകാശമുളള കണ്ണാട്ട് കുടുംബാംഗങ്ങളെയും ചർച്ചയിലേക്ക് വിളിച്ചിട്ടുണ്ട്. മലയിടംതുരുത്തിലെ ഭൂമി വിട്ട് എങ്ങോട്ടുമില്ലെന്ന നിലപാടിലാണ് കുടിയിറക്കൽ ഭീഷണിയിലുള്ള കുടുംബങ്ങൾ വ്യക്തമാക്കുന്നത്.

