ചൂട് സഹിക്കനാകാത്തതിനാല്‍ ഒരു നല്ല എ.സി. വാങ്ങാനാണ് ജോര്‍ജ് മാഷും ഭാര്യയും ഇലക്‌ട്രോണിക് മാര്‍ട്ടിലേക്ക് കയറിയത്. നല്ലൊരണ്ണം തെരഞ്ഞെടുത്തപ്പോള്‍ ഇന്‍സ്റ്റാള്‍മെന്റില്‍ പണം നല്‍കിയാല്‍ മതി എന്ന് പറഞ്ഞ് കടക്കാരന്‍ ഫൈനാന്‍സ് ഡെസ്‌ക്കിലേക്ക് വിട്ടു. കാര്യങ്ങളൊക്കെ തിരക്കി ലാപ്‌ടോപ്പില്‍ പരിശോധിച്ചശേഷം എക്‌സിക്യൂട്ടീവ് പറഞ്ഞു സാറിന്റെ ക്രെഡിറ്റ് സ്‌കോര്‍ മോശമാണ്. അതിനാല്‍ ഫൈനാന്‍സ് കിട്ടില്ല. ആരെയും പഴി പറയാതെ രൊക്കം പണം നല്‍കി സാധനം വീട്ടിലോട്ട് എടുത്തു.

ഇണങ്ങിയാലും കുഴപ്പം പിണങ്ങിയാലും കുഴപ്പം എന്ന് പറഞ്ഞ പോലെയാണ് ക്രെഡിറ്റ് സ്‌കോര്‍. സ്‌കോര്‍ മോശമാണെങ്കില്‍ വായ്പ ഇല്ല തന്നെ. ഇനി ഭാഗ്യത്തിന് നല്ല സ്‌കോറാണ് കമ്പ്യൂട്ടറില്‍ തെളിയുന്നതെങ്കില്‍ വായ്പ പിടിപ്പിക്കും. പലിശ കത്തി തന്നെയായി തുടരുമെന്നതിനാല്‍ വീഴ്ച ഉറപ്പാണ്. മറന്നുപോയാലും മനപൂര്‍വ്വമായാലും തിരിച്ചടയ്ക്കാന്‍ വിട്ടു പോയാല്‍ സ്‌കോര്‍ തകരും. പിന്നങ്ങോട്ട് വായ്പകള്‍ ചോദിച്ചാല്‍ ഉത്തരം ജോര്‍ജ്ജ് മാഷിന് കിട്ടയതുപോലെയാകും.

പുലി വരുന്നേ എന്ന് കുറച്ചു നാളുകളായി കേള്‍ക്കുന്നു. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ കിട്ടും എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറെയായി. എന്തായാലും അടുത്ത കാലത്ത് ചില ബാങ്കുകളെങ്കിലും മാന്യന്മാര്‍ക്ക് ചെറിയ ഇളവുകളൊക്കെ പലിശ നിരക്കുകളില്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. അപ്പോള്‍ പിന്നെ സ്‌കോര്‍ മോശമാകാതെ നിര്‍ത്തിയാല്‍ വായ്പയും കിട്ടും പലിശയും കുറയും. ദൈവത്തേക്കാളും ഭയഭക്തി ബഹുമാനത്തോടെ കൈകാര്യം ചെയ്യേണ്ടതാണ് ക്രെഡിറ്റ് സ്‌കോര്‍. 

സിബില്‍ എന്ന പ്രധാനി

ഒന്നിലധികം കമ്പനികള്‍ സ്‌കോര്‍ നിര്‍മ്മിച്ച് നല്‍കുന്ന പണിയില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും കൂട്ടത്തില്‍ പ്രധാനി സിബില്‍ എന്ന കമ്പനിയാണ്. ഫോട്ടോകോപ്പിയെന്നാല്‍ സിറോക്‌സ് കമ്പനി എന്ന പോലെയാണ് ക്രെഡിറ്റ് സ്‌കോറിന്റെ കാര്യത്തില്‍ സിബില്‍. ഇക്കണ്ട ജനങ്ങള്‍ക്കൊക്കെ ക്രെഡിറ്റ് സ്‌കോര്‍ നല്‍കുന്നതിന് രാജ്യത്ത് പ്രത്യേക നിയമം തന്നെയുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പോലെ ചില ബാങ്കുകള്‍ സ്വന്തം സാമ്പത്തികാരോഗ്യ മാപിനികള്‍ ഉപയോഗിച്ചാണ് വായ്പ ചോദിക്കുന്നവരെ പരിശോധിക്കുന്നത്.

ചത്തതു കീചകനെങ്കില്‍ വായ്പ കിട്ടാത്തതിന് ക്രെഡിറ്റ് സ്‌കോര്‍ തന്നെയായിരിക്കും വില്ലന്‍. പണം തിരിച്ചടയ്ക്കാത്തവരുടെ സ്‌കോര്‍ കുത്തനെ ഇടിയും. കാര്‍ഡ് കമ്പനി ആവശ്യപ്പെടുന്ന ചുരുങ്ങിയ തുക മാത്രം അടച്ച് റിവോള്‍വിംഗ് ക്രെഡിറ്റ് ആസ്വദിക്കുന്നവരുടെ സ്‌കോര്‍ തെന്നി തെന്നി താണു കൊണ്ടിരിക്കും.

മര്യാദക്കാരായി പണം തിരിച്ചടക്കുന്നുണ്ടെങ്കിലും ചിലരുടെ സ്‌കോര്‍ വളരാന്‍ പ്രയാസം കാണിക്കും. വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവയില്‍ അനുവദിച്ചിട്ടുള്ള വായ്പ പരിധി എപ്പോഴും മൊത്തത്തില്‍ എടുത്ത് പെരുമാറിയതിനാലാണിത്. ചിലപ്പോള്‍ ലിമിറ്റ് ഭേദിച്ചും ഉപയോഗിക്കുന്നുണ്ടാകും. ഒരു മയവും മിതത്വവും ഉണ്ടായാല്‍ ക്രമേണ മെച്ചപ്പെടുമെന്ന് ആശിക്കാം. സിബില്‍ സ്കോര്‍ മെച്ചപ്പെടുത്താന്‍ കുറുക്കുവഴികള്‍ ഒന്നും തന്നെയില്ലെന്നതാണ് വസ്തുത. അതിനാല്‍ അത്തരം പഞ്ചസാര വാക്കുകളുമായി വരുന്ന പരസ്യങ്ങളെയും വ്യക്തികളെയും സൂക്ഷിക്കുകയും വേണം. 

അങ്ങോട്ട് ആവശ്യപ്പെട്ടാലും കുറയും 

സ്‌നേഹത്തിന് ചോദിച്ചെന്ന് വിചാരിച്ച് കിട്ടുന്ന വായ്പയെല്ലാം പോരട്ടെ എന്ന് കരുതിയാലും ബാധിക്കുന്നത് സ്‌കോറിനെ തന്നെയാണ്. ഇങ്ങോട്ട് പറയാന്‍ മറന്നെന്ന് കരുതി അങ്ങോട്ട് പോയി വായ്പകള്‍ ആവശ്യപ്പെട്ടാലും സ്‌കോര്‍ കുറയും.

പണ്ടൊക്കെ ഇന്‍സ്റ്റാള്‍മെന്റിന് തീയതി എഴുതാതെ ചെക്ക് നല്‍കുകയായിരുന്നു പതിവ്. കൃത്യ തീയതിക്ക് ബാങ്കുകാര്‍ ഹാജരാക്കി പണം വാങ്ങിക്കൊണ്ടിരുന്നു. ഇപ്പോള്‍ ഇ.സി.എസ്. അഥവാ ഇലക്‌ട്രോണിക് ക്ലിയറിംഗ് സംവിധാനത്തിലൂടെയാണ്  തുല്യ മാസ തവണകള്‍ പിരിച്ചെടുക്കുന്നത്. ഇ.സി.എസ് മടങ്ങിയാല്‍ പിഴ  മാത്രം നല്‍കിയാല്‍ മതി എന്ന് കരുതണ്ട. ചീട്ടുകൊട്ടാരം പോലെ സ്‌കോര്‍ തകരുന്നത് നേരില്‍ കാണാം.

ഇപ്പറഞ്ഞ കാര്യങ്ങളിലൊക്കെ ഒരു ശ്രദ്ധയും വീണ്ടുവിചാരവും ഉണ്ടെങ്കില്‍ വലിയ പരിക്കില്ലാതെ ക്രെഡിറ്റ് സ്‌കോര്‍ താങ്ങി നിര്‍ത്താം.