കമ്പനി ആവശ്യത്തിനാണ് സനല്‍കുമാര്‍ ഹൈദരാബാദില്‍ പോയത്. തിരികെ പോരാന്‍ ഹോട്ടലില്‍ നിന്ന് ചെക്ക്ഔട്ട് ചെയ്യുമ്പോള്‍ ബില്ല് അടച്ചത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ്. എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴേയ്ക്കും ഏതോ വിദേശ രാജ്യത്ത് 150 ഡോളര്‍ കാര്‍ഡില്‍ നിന്ന് ഡെബിറ്റ് ചെയ്തതായി മൊബൈലില്‍ സന്ദേശം കിട്ടി.

ഉടന്‍ തന്നെ കാര്‍ഡ് കമ്പനിയെ വിളിച്ച് കാര്‍ഡ് ബ്ലോക്ക് ചെയ്തു. സ്വന്തം പേഴ്‌സില്‍ സുരക്ഷിതമായി ഇരുന്ന കാര്‍ഡ് ഉപയോഗിച്ച് വിദേശ രാജ്യത്ത് പണം തട്ടിയെടുക്കുന്നതെങ്ങനെയെന്ന് സനലിന് ഒരെത്തും പിടിയും കിട്ടുന്നില്ല.

ഇന്ത്യയ്ക്കകത്ത് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ രജിസ്റ്റേര്‍ഡ് മൊബൈലില്‍ അപ്പപ്പോള്‍ ലഭിക്കുന്ന ഒ.റ്റി.പി അഥവാ ഒണ്‍ ടൈം പാസ്‌വേര്‍ഡ് കൂടി നല്‍കേണ്ടി വരും. എന്നാല്‍ വിദേശത്തും അന്താരാഷ്ട്ര പണമിടപാട് ശൃംഖലകളിലും ഓണ്‍ലൈനായി പണം നല്‍കുന്നതിന് ഒ.ടി.പി ആവശ്യമില്ല. ക്രെഡിറ്റ് കാര്‍ഡ് നേരിട്ട് കൊടുക്കേണ്ടാത്ത ഇത്തരം ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് കാര്‍ഡില്‍ പ്രിന്റ് ചെയ്തിട്ടുള്ള കാര്‍ഡ് നമ്പര്‍, പേര്, കാലാവധി തീയതി, സിവിവി നമ്പര്‍ എന്നിവ മാത്രം മതി. റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും മറ്റും ക്രെഡിറ്റ് കാര്‍ഡ് നല്‍കുമ്പോള്‍ ഈ വിവരങ്ങള്‍ പെട്ടെന്ന് തന്നെ പകര്‍ത്തിയെടുക്കുന്നു. സമയം കളയാതെ വിവരങ്ങള്‍ രാജ്യത്തിന് പുറത്തേയ്ക്ക് കൈമാറുകയോ ഇവിടെ നിന്ന് തന്നെ ഓണ്‍ലൈനായി എന്തെങ്കിലുമൊക്കെ ഓര്‍ഡര്‍ ചെയ്ത് തട്ടിപ്പ് നടത്താം. 

കമ്പനികളുടെ വെബ്‌സൈറ്റിലൂടെയോ ടെലിഫോണില്‍ ഐവിആര്‍ ഉപയോഗിച്ചോ ആയിരിക്കും കാര്‍ഡുടമയുടെ സമ്മതമില്ലാതെ തന്നെ പണം മോഷ്ടിച്ചെടുക്കുക. സാഹസിക രംഗങ്ങളിലും സ്റ്റണ്ട് സീനുകളിലും സൂപ്പര്‍ താരങ്ങളെ നേരിട്ട് അഭിനയിപ്പിക്കുന്നത് റിസ്‌ക് ആണ്. ഡ്യൂപ്പുകളാണ് ഇത്തരം ഘട്ടങ്ങളില്‍ നിര്‍മ്മാതാക്കളെയും സംവിധായകരെയും രക്ഷിക്കുക. ക്രെഡിറ്റ് കാര്‍ഡുകളിലും ഡ്യൂപ്പുകള്‍ ഉപയോഗിക്കാനായാല്‍ കാര്‍ഡുടമകള്‍ക്ക് ഉണ്ടാകാവുന്ന പണനഷ്ടം ഒഴിവാക്കാം.

വെര്‍ച്വല്‍ കാര്‍ഡുകളെ നിങ്ങളെ രക്ഷിക്കുന്നത് എങ്ങനെ ?

നിലവിലുള്ള ക്രെഡിറ്റ് കാര്‍ഡുകളോ ഡെബിറ്റ് കാര്‍ഡുകളോ ഉപയോഗിച്ച് ഒറ്റത്തവണ ഉപയോഗിക്കുന്നതിനായി ഉണ്ടാക്കിയെടുക്കാവുന്ന ഇലക്‌ട്രോണിക് പതിപ്പുകളാണ് വെര്‍ച്വല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍. യഥാര്‍ത്ഥ കാര്‍ഡിലുള്ള കാര്‍ഡ് നമ്പര്‍, സിവിവി നമ്പര്‍, കാലാവധി തീയതി എന്നിവ ആയിരിക്കില്ല വെര്‍ച്വല്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാര്‍ഡ് നേരിട്ട് നല്‍കേണ്ടാത്ത ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കായി ഈ വിവരങ്ങള്‍ നല്‍കി പണം കൊടുക്കാം. ഒരൊറ്റ ഇടപാടോടെ വെര്‍ച്വല്‍ കാര്‍ഡിന്റെ ആയുസും കഴിയും. അടുത്ത ഇടപാടിന് പുതിയ നമ്പരുകളും മറ്റും ഉള്‍പ്പെടുത്തി വീണ്ടും ഒരു ഡ്യൂപ്പ് കാര്‍ഡ് ഇറക്കാം. യഥാര്‍ത്ഥ കാര്‍ഡില്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ ഇന്ത്യയ്ക്കകത്തായാലും വിദേശത്തായാലും ബ്‌ളോക്ക് ചെയ്ത് വയ്ക്കാം. ഇന്ത്യയ്ക്ക് അകത്തുള്ള ഇടപാടുകള്‍ക്ക് ഒ.ടി.പി അധിക സുരക്ഷ ഉണ്ടല്ലോ.

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ നെറ്റ് സേഫ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെര്‍ച്വല്‍ ക്രെഡിറ്റ് കാര്‍ഡ്, ആക്‌സിസ് ബാങ്കിന്റെ പേ ഗോ വാലറ്റ്, ഐ.സി.ഐ.സി.ഐ ബാങ്കിന്റെ വെര്‍ച്വല്‍ കാര്‍ഡ് എന്നിങ്ങനെ വിവിധ വെര്‍ച്വല്‍ കാര്‍ഡുകള്‍ ലഭിക്കുന്നു. നിലവില്‍ ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് ഉള്ളവര്‍ക്കാണ് വെര്‍ച്വല്‍ കാര്‍ഡുകളുടെ പ്രയോജനം. ഡെബിറ്റ് കാര്‍ഡുകളിലും വെര്‍ച്വല്‍ കാര്‍ഡ് സൗകര്യമുണ്ട്.
വെര്‍ച്വല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് പണം നല്‍കുമ്പോള്‍ യഥാര്‍ത്ഥ ക്രെഡിറ്റ് കാര്‍ഡിന്റെ ബില്ലുകളിലാണ് ഉള്‍പ്പെടുത്തി വരിക. ഡെബിറ്റ് കാര്‍ഡുകളുപയോഗിച്ചാണ് വെര്‍ച്വല്‍ കാര്‍ഡുകള്‍ ഉണ്ടാക്കിയതെങ്കില്‍ ചെലവാക്കുന്ന പണം അക്കൗണ്ടില്‍ നിന്ന് നേരിട്ട് കുറവ് ചെയ്‌തെടുക്കും.

വെര്‍ച്വല്‍ കാര്‍ഡുകള്‍ക്ക് ഉപയോഗ പരിധി അക്കൗണ്ടുടമയ്ക്ക് തന്നെ നിശ്ചയിക്കാം. ഏറ്റവും കൂടിയാല്‍ 50,000 രൂപ വരെ അനുവദിക്കും. എത്ര മണിക്കൂര്‍ വരെ ആയുസ്സുള്ള കാര്‍ഡുകള്‍ വേണമെന്നും തീരുമാനിക്കാം. 24 മുതല്‍ 48 മണിക്കൂര്‍ വരെ കാലാവധി വയ്ക്കാമെങ്കിലും ഉപയോഗശേഷം സ്വയം ഇല്ലാതാകും.