തിരുവനന്തപുരം: ഐസിഐസിഐ ബാങ്ക് ലോകത്തെ ഏറ്റവും പ്രചാരമുള്ള വോയ്‌സ് അസിസ്റ്റന്റ് ആപ്പുകളായ ആമസോണ്‍ അലക്‌സ, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയുമായി ചേര്‍ന്ന് റീട്ടെയില്‍ ബാങ്കിങ് ഉപഭോക്താക്കള്‍ക്ക് ശബ്ദ സേവനങ്ങള്‍ (വോയ്സ് ബാങ്കിങ് സർവീസ്) ഒരുക്കുന്നു. രാജ്യത്തെ ലോക്ക്ഡൗണ്‍ കാലത്ത് ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്നു തന്നെ സുരക്ഷിതമായി ബാങ്കിങ് ഇടപാടുകള്‍ നടത്താനുള്ള സൗകര്യമാണ് ഇതോടെ ഒരുങ്ങുന്നത്.

ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ അവതരണം. വാട്ട്‌സ്ആപ്പിലെ ചാറ്റ് അധിഷ്ഠിത ബാങ്കിങ് സേവനം, ഡിജിറ്റല്‍ ബാങ്കിങ് സേവനമായ 'ഐസിഐസിഐ സ്റ്റാക്ക്', എപിഐ (ആപ്ലിക്കേഷന്‍ പ്രോഗ്രാം ഇന്റര്‍ഫേസ്) തുടങ്ങിയവ റീട്ടെയില്‍ ഉപഭോക്താക്കള്‍ക്ക് തടസമില്ലാത്ത 500ഓളം സേവനങ്ങള്‍ നിലവില്‍ ലഭ്യമാക്കുന്നുണ്ട്. ഡിജിറ്റല്‍ അക്കൗണ്ട് ആരംഭിക്കല്‍, വായ്പകള്‍, പേയ്‌മെന്റുകള്‍, നിക്ഷേപങ്ങള്‍ തുടങ്ങിയ ഇടപാടുകളെല്ലാം നടത്താം.

വോയ്‌സ് ബാങ്കിങ് സൗകര്യങ്ങള്‍ ലഭ്യമാകാന്‍ ഉപഭോക്താക്കള്‍ അലക്‌സ/ഗൂഗിള്‍ അസിസ്റ്റന്റ് ഡൗണ്‍ ലോഡ് ചെയ്ത് ഐസിഐസിഐ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്താല്‍ മതി. രണ്ട് സുരക്ഷിത അംഗീകാര നടപടികളിലൂടെയാണ് ഇത് ചെയ്യുന്നത്. തുടര്‍ന്ന് സാധാരണ പോലെ സഹായിയോട് വിവരങ്ങള്‍ ചോദിച്ചറിയാം. അക്കൗണ്ട് ബാലന്‍സ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ലളിതമായി ചോദിച്ചറിയാം. മറുപടികള്‍ ബാങ്ക് സ്വകാര്യ വിവരമായി ഉപഭോക്താവിന്റെ മൊബൈലിലേക്ക് സുരക്ഷിതമായി എസ്എംഎസ് അയച്ചു തരും.